ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും

ചരിത്രമായി ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനവും പാത്രിയർക്കാ ദിനാഘോഷവും വിശ്വാസി സാഗരം കൊണ്ട് ചരിത്രമായി. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ നഗറിൽ നടന്ന ശ്രേഷ്ഠ ബാവായുടെ മഹാപൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പാത്രിയര്‍ക്കാദിനാഘോഷത്തിലും ആയിരങ്ങൾ അണി നിരന്നു.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അദ്ധ്യക്ഷത വഹിച്ചു. മഹാപൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ശ്രേഷ്ഠ ബാവായെ പരിശുദ്ധ ബാവ ആദരിച്ചു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശ്രേഷ്ഠ ബാവ നമ്മുടെ നാടിൻ്റെ സൗഭാഗ്യമാണെന്നും ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ധൈര്യവും ശക്തിയുമാണ് ബാവായെ വേറിട്ടു നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹതപ്പെട്ടത് നേടിയെടുക്കാനുള്ള ശ്രേഷ്ഠ ബാവായുടെ നേതൃത്വ പാടവവും അർപ്പണ ബോധവും അഭിനന്ദനീയമാണ്. ശ്രേഷ്ഠ ബാവയുടെ ജീവിതം കേരള സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ വിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് സഭയുടെ അസ്ഥിത്വം നിലനിർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും മുഖ്യമന്ത്രി പൊതു സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രഥമ ‘ശ്രേഷ്ഠ ബാവ പുരസ്‌കാരം’ ഐ.എസ്. ആര്‍.ഒ. ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിന് മുഖ്യമന്ത്രി നല്‍കി ആദരിച്ചു.

“ആത്മീയ പിതാവ് എന്ന നിലയിൽ താൻ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടെന്നും നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും പരിശുദ്ധ ബാവ സഭാ വിശ്വാസികളോട് പറഞ്ഞു. ശ്രേഷ്ഠ ബാവായുടെ പ്രതിസന്ധികളിൽ തളരാതെയുള്ള പോരാട്ട വീര്യം സഭയ്ക്കു കരുത്തായിരുന്നുവെന്നും ‘യാക്കോബ് ബുർദ്ദാന’ എന്ന സവിശേഷ നാമം അനർത്ഥമാക്കുന്ന ജീവിതമായിരുന്നു ശ്രേഷ്ഠ ബാവായുടേത് എന്നും പരിശുദ്ധ ബാവ പറഞ്ഞു.
സഭയിലെ വിശ്വാസി സമൂഹത്തിന് നീതി ലഭിക്കുവാൻ സെമിത്തേരി ബിൽ നടപ്പാക്കി സഹായിച്ച മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ ബാവ, ഒരു നൂറ്റാണ്ടു കാലമായി നിലനിൽക്കുന്ന മലങ്കര സഭാ തർക്കം നീതി പൂർവ്വവും സമാധാന പൂർവ്വവുമായി പരിഹരിക്കാൻ മലങ്കര ചർച്ച് ബിൽ നടപ്പിലാക്കുവാൻ വേണ്ട ക്രമീകരണം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് യോഗത്തിൽ അഭ്യർത്ഥിച്ചു.

ആശുപത്രിയിൽ നിന്ന് സമ്മേളന നഗരിയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയെ പരിശുദ്ധ ബാവായും മുഖ്യമന്ത്രിയും ചേർന്ന് ആദരിച്ചു. സമ്മേളനത്തിൽ പരിശുദ്ധ ബാവ പരിശുദ്ധ സുന്നഹദോസിൻ്റെയും സഭാ സമിതികളുടെയും ശുപാർശ അംഗീകരിച്ചു കൊണ്ട് അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ ഔദ്യോഗികമായി മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു കൊണ്ട് കുരിശുമാല അണിയിച്ച് ആദരിച്ചു.

മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിച്ച യോഗത്തിൽ കേരളത്തിന്റെ നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്, മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, മാർത്തോമ സഭയുടെ യൂയാക്കീം മോര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ബെന്നി ബഹനാന്‍ എം പി., പി.വി ശ്രീനിജന്‍ എം.എല്‍.എ., അനൂപ് ജേക്കബ് എം.എല്‍.എ, എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി
തോമസ് മോർ തീമോത്തിയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പ്രസംഗിച്ചു.

സഭയുടെ സീനിയർ മെത്രാപ്പോലീത്ത, ഡോ. എബ്രാഹാം മോർ സേവേറിയോസ്, എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി
തോമസ് മോർ തീമോത്തിയോസ്, ഡോ. മാത്യൂസ് മോർ ഈവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യൽദോ മോർ തീത്തോസ്, കുര്യാക്കോസ് മോർ സേവേറിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, മാത്യൂസ് മോർ തേവേദോസിയോസ്,
മാത്യൂസ് മോർ അപ്രേം,
കുര്യാക്കോസ് മോർ യൗസേബിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്,
പൗലോസ് മോർ ഐറേനിയോസ്,
കുര്യാക്കോസ് മോർ ക്ലീമിസ്,
യാക്കോബ് മോർ അന്തോണിയോസ് ,
സഖറിയാസ് മോർ പീലക്സിനോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ യൂലിയോസ്, തോമസ്
മോർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് ,

മാത്യൂസ് മോർ തീമോത്തിയോസ്,
ഗീവർഗീസ് മോർ സ്തേഫാനോസ്, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി അഭിവന്ദ്യ മോർ ക്രിസ്റ്റോഫോറസ് മർക്കോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി അൽക്കാസ് മെത്രാപ്പോലീത്ത, സിറിയയിലെ ആലപ്പോ ഭദ്രാസന ആർച്ച് ബിഷപ്പ് മോർ ബൗട്രോസ് അൽ ക്ലിസീസ്, ആർച്ച് ബിഷപ്പ് മോർ കൂറിലോസ് ബാബി എന്നീ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു.

നിങ്ങൾ വിട്ടുപോയത്