സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ദർശിക്കാൻ കഴിഞ്ഞ ഏറ്റവും മനോഹരമായ പോസ്റ്റുകളിലൊന്നാണ് ഇതോടൊപ്പമുള്ള ശ്രീരാമേട്ടന്റെ പോസ്റ്റ് . അതിസുന്ദരമായ വലിയൊരു ഗൃഹാതുരത്വത്തിലേക്കാണ് അത് മനസിനെ ഒഴുക്കിക്കൊണ്ടുപോയത് . പണ്ടൊക്കെ , എന്റെ ബാല്യവും കൗമാരവും യവ്വനവുമൊക്കെ പൂത്തുനിന്ന ഇന്നലെകളിൽ , നാട്ടുവഴികളിലൂടെ അലസമധുരമായി വീട്ടുമുറ്റത്തേക്ക് നടന്നുവന്നിരുന്ന ഒത്തിരി മനോഹര ചിത്രങ്ങളിലൊന്നാണ് ശ്രീരാമേട്ടന്റെ ഈ പോസ്റ്റ് . പലപ്പോഴും ബസിന്റെ സൈഡ് സീറ്റിലിരുന്നുള്ള പതിവ് യാത്രകൾക്കിടയിൽ ഓർമകളിൽ മേയുന്ന മനസിലേക്ക് ഈ ചിത്രങ്ങൾ ഒന്നൊന്നായി കടന്നുവരാറുണ്ട് . എവിടെപ്പോയി മാഞ്ഞു ഈ നിഷ്കളങ്ക ഗ്രാമീണ ജീവിതചിത്രങ്ങളെന്നും അപ്പോഴൊക്കെ ആവർത്തിച്ചോർത്തിട്ടുണ്ട്
കോർപ്പറേറ്റ് വത്കരണത്തിനും പ്രവാസിപ്പണത്തിന്റെയൊക്കെ കുത്തൊഴുക്കിനും മുൻപ് ഏത് നാട്ടിൻപുറത്തും ജനജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളിൽ ഒട്ടുമിക്കതും നേരിട്ട് വീട്ടുമുറ്റങ്ങളിലെത്തിയിരുന്നത് ഇത്തരം ചിത്രങ്ങളിലൂടെയാണ് . ഒട്ടുമിക്ക വീട്ടുപകരണങ്ങളും അങ്ങനെയാണ് ലഭിച്ചിരുന്നത് . മുറം , കുട്ട , വട്ടി , പായ [ സാദായും മെത്തയും മുതൽ നെല്ലുണക്കുന്നതിനുള്ള ചിക്കുപായ വരെ ] , തടുക്കുകൾ , ചട്ടി-കലങ്ങൾ , കുടങ്ങൾ , നാനാവിധം പാത്രങ്ങൾ , എണ്ണകൾ , തൈലങ്ങൾ , തുണിത്തരങ്ങൾ , റോൾഡ് ഗോൾഡ് ആഭരണങ്ങൾ , കത്തികൾ , കുപ്പിവളകൾ , സൗന്ദര്യവസ്തുക്കൾ , മുറുക്കുകൾ , മിഠായികൾ .. അങ്ങനെ എന്തെല്ലാം എന്തെല്ലാം .. എത്ര മനോഹരമായ കാലമായിരുന്നു അത് .
പാത്രങ്ങൾക്ക് ‘ ഈയം പൂശാനുണ്ടോ … ‘ എന്ന നീട്ടിവിളി ഏതോ നാട്ടുവഴിയിൽ നിന്ന് ഇത് കുറിക്കുമ്പോഴും ഓർമകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു . ആ നീട്ടിവിളികകളുമായി , അന്നത്തെ ആ നാട്ടുചിത്രങ്ങളുമായി എന്തൊരു ആത്മബന്ധമാണ് മനുഷ്യർക്കുണ്ടായിരുന്നത് . ഓരോ കുടുംബത്തിനുമുണ്ടായിരുന്നത് . കാത്തിരിക്കും ഓരോ വീട്ടുകാരും നാട്ടുവഴികളിലൂടെ ആ ചിത്രങ്ങൾ വരുന്നതും നോക്കി . ഇന്ന് അത്തരം നീട്ടിവിളികളില്ല . നാട്ടുവഴികളുമില്ല . എത്രയെത്ര തൊഴിലുകളും ജീവിതമാർഗങ്ങളുമാണ് ഇല്ലാതായത് . ഇന്ന് അവയുടെ സ്ഥാനത്ത് മാളുകൾ നിരന്നിരിക്കുന്നു , എന്ത് ആത്മബന്ധം അവയ്ക്ക് ഞാനുമായി , അല്ലെങ്കിൽ എനിക്ക് അവയുമായി !!!
.Joy Peter