നിഖ്യായില്‍ എഡി 325-ല്‍ ചേര്‍ന്ന ആദ്യത്തെ പൊതുസൂന്നഹദോസിനു 1700 ആണ്ടുകള്‍ തികയുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാമൈനറിലെ (ആധുനിക തുര്‍ക്കി) പൗരാണിക ക്രൈസ്തവ സഭയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമുദിച്ചത്. ഓസ്ട്രിയയില്‍ വൈദികനായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട ബിബിന്‍ മഠത്തില്‍ അച്ചനും മാഞ്ചസ്റ്ററിലുള്ള സുഹൃത്ത് വിനോദ് കുര്യനും ഈ യാത്രയുടെ ഭാഗമാകാന്‍ തയ്യാറായതോടെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് അനുഭവപ്പെട്ടത്. സത്യവിശ്വാസം ഉറപ്പിച്ച പുണ്യചരിതരായ പിതാക്കന്മാരുടെ പാദം പതിഞ്ഞ മണ്ണിലേക്കും രക്തസാക്ഷിത്വത്തിൻ്റെ ബലിവേദിയിൽ സ്വയം സമർപ്പിച്ച വിശ്വാസ വീരന്മാരുടെ മണ്ണിലേക്കുമുള്ള യാത്ര ആദ്യന്തം അവിസ്മരണീയമായ അനുഭവമായിരുന്നു.
തുര്‍ക്കിയുടെ കിഴക്കന്‍ ഭാഗം ഏഷ്യാ വന്‍കരയിലാണ്. ഈ ഭാഗത്തെയാണ് “ഏഷ്യാമൈനര്‍” എന്ന് തിരുവചനത്തില്‍ പറയുന്നത്. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ ഭാഗം യൂറോപ്പിലാണ്. ഇസ്താന്‍ബൂള്‍ നഗരം ഈ രണ്ടു വന്‍കരകളിലുമായി സ്ഥിതിചെയ്യുന്നു. കിഴക്കു പടിഞ്ഞാറായി ഈ നഗരത്തെ വേര്‍തിരിക്കുന്നത് മര്‍മാരാ കടലിടുക്കാണ്. മെഡിറ്ററേനിയന്‍ സമുദ്രത്തെ കരിങ്കടലുമായി യോജിപ്പിക്കുന്നതും റോമാ സാമ്രാജ്യത്തെ കിഴക്കും പടിഞ്ഞാറുമായി വേര്‍തിരിച്ചതും ഈ കടലിടുക്കാണ്. “ലാറ്റിന്‍സഭ”യെന്ന് അറിയപ്പെടുന്ന റോമിലെ സഭയുടെയും ജറുസലേം, അലക്സാണ്ട്രിയ, അന്ത്യോഖ്യ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, പൗരസ്ത്യ സഭകള്‍ എന്നിവ ഉള്‍പ്പെടുന്ന കിഴക്കന്‍ സഭകളുടെയും അതിര്‍ത്തിയും മര്‍മാരാ കടലിടുക്കാണ്.
“ബൈസാന്‍റിയം” എന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്ന ഇന്നത്തെ ഇസ്താംബൂള്‍ പട്ടണം മഹാനായ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പുതിക്കിപ്പണിത് ”കോണ്‍സ്റ്റന്‍റൈന്‍റെ പട്ടണം” എന്ന പേരില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഈ പട്ടണത്തെ റോമാ നഗരത്തെപ്പോലെ “പുതിയ റോം” (New Rome) എന്ന പേരില്‍ ഒരു പ്രമുഖനഗരമാക്കുക എന്നതും അദ്ദേഹത്തിന്‍റെ ലക്ഷ്യമായിരുന്നു.
ഏഷ്യാമൈനർ:
സൂന്നഹദോസുകളുടെ രാജ്യം
വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂസെപ്പോ റിച്ചിയോത്തിയുടെ “പൗലോസ് അപ്പൊസ്തൊലന്‍” വായിച്ചപ്പോള്‍ മുതല്‍ അടുത്തറിഞ്ഞ രാജ്യമാണ് ഏഷ്യാ മൈനർ. ക്രൈസ്തവ സഭാചരിത്രത്തിന്‍റെ പിള്ളത്തൊട്ടിലാണ് ഈ പ്രദേശങ്ങൾ. ക്രൈസ്തവ പീഡനങ്ങളും വിവിധ ദൈവശാസ്ത്ര ചിന്താധാരകളും വാദപ്രതിവാദങ്ങളും സംഘര്‍ഷങ്ങളും മുഖരിതമാക്കിയ രാജ്യം. മൂന്നു പൊതു സൂന്നഹദോസുകള്‍ ഉള്‍പ്പെടെ ആദ്യത്തെ ഏഴു സൂന്നഹദോസുകളാണ് ഏഷ്യാമൈനറിലെ വിവിധ പട്ടണങ്ങളില്‍ നടന്നിട്ടുള്ളത്. ക്രൈസ്തവ വിശ്വാസത്തിന് ഊടുംപാവും നെയ്ത പൊതു സൂന്നഹദോസുകളായ നിഖ്യായും (എഡി 325) കോണ്‍സ്റ്റാന്‍റിനോപ്പിളും (എഡി 381) എഫേസോസും (എഡി 431) ഏഷ്യാമൈനറിലാണ്. നിഖ്യാ “ഇസ്നിക്” (İznik) എന്നും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ “ഇസ്താംബൂൾ” എന്നുമാണ് ഇന്ന് അറിയപ്പെടുന്നത്. എഫേസോസ് ഇന്നും ആ പേരിലാണു അറിയപ്പെടുന്നതെങ്കിലും അത് പുരാതന നഗരത്തിൻ്റെ പേരു മാത്രമാണു, സെൽചുക് (Selçuk) എന്നാണു അതുൾപ്പെടുന്ന പ്രദേശം ഇന്ന് അറിയപ്പെടുന്നത്. ഏഫേസൂസിനു ഏഫെസ് (Efes)എന്നും അവർ പറയുന്നുണ്ട്.
ക്രൈസ്തവ ചരിത്രപരതയിൽ
ഏഷ്യാമൈനറിനുള്ള സ്ഥാനം
പൗലോസ് സ്ലീഹായുടെ ജന്മസ്ഥലമായ താര്‍സൂസും ക്രിസ്ത്യാനികളെന്ന പേര്‍ ക്രിസ്തുഭക്തര്‍ക്കു സമ്മാനിച്ച ”അന്ത്യോഖ്യ”യും ഗലാത്യന്‍ പ്രദേശങ്ങളും ഗുഹകളിലെ സഭകള്‍ക്കു പേരുകേട്ട കപ്പദോക്യന്‍ മലനിരകളുമെല്ലാം ഏഷ്യാമൈനറിലാണ്. കൂടാതെ, യോഹന്നാന്‍ ദൈവമാതാവിനോടൊപ്പം താമസിച്ച ഭവനവും വെളിപാടു പുസ്തകത്തിലെ ഏഴു സഭകളും ഈ രാജ്യത്താണ്. ചരിത്രത്തില്‍ അറിയപ്പെടുന്ന കാലഘട്ടങ്ങളിലെല്ലാം യഹൂദരുടെ കേന്ദ്രമായിരുന്നു ഏഷ്യാമൈനര്‍. ഇവിടുത്തെ എല്ലാ പ്രമുഖപട്ടണങ്ങളിലും പൗരാണിക സിനഗോഗുകളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
തിരുവചനത്തിലെ നിരവധി ഗ്രന്ഥങ്ങളുടെ രചനയ്ക്കു പശ്ചാത്തലമാവുകയോ അപ്പസ്തോലന്മാരുടെ എഴുത്തുകളുടെ ലക്ഷ്യസ്ഥാനമാവുകയോ ചെയ്തിട്ടുള്ളത് ഏഷ്യാമൈനറിലെ സഭകളാണ്. യോഹന്നാന്‍ സുവിശേഷമെഴുതിയതു എഫേസോസില്‍ വച്ചായിരുന്നു. വെളിപാടുപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഏഴു സഭകളും ഏഷ്യാമൈനറില്‍ ഉള്ളവയായിരുന്നു. പൗലോസ് സ്ലീഹാ ഒന്നാമത്തെ കൊരിന്ത്യ ലേഖനവും ഗലാത്യലേഖനവും എഴുതിയതു എഫേസോസില്‍ താമസിക്കുമ്പോഴായിരുന്നു. അദ്ദേഹം തടവറയില്‍ കഴിയുമ്പോഴായിരുന്നു എഫേസോസിലെയും ഏഷ്യാമൈനറിലെ മറ്റൊരു പട്ടണമായ കൊളോസോസിലെയും സഭകള്‍ക്കുവേണ്ടി ലേഖനങ്ങള്‍ എഴുതിയത്.
കാതോലിക ലേഖനങ്ങളായ യോഹന്നാന്‍റെ 1,2,3 ലേഖനങ്ങള്‍ എഫേസോസിലെ സഭകള്‍ക്കുവേണ്ടി എഴുതിയവയായിരുന്നു. കൂടാതെ, പത്രോസിന്‍റെ ഒന്നാം ലേഖനം ഏഷ്യാമൈനറിലെ സഭകള്‍ക്കു വേണ്ടിയും രണ്ടാം ലേഖനം ഇതിന്‍റെ തുടര്‍ച്ചയുമായിരുന്നു. പൗലോസിന്‍റെ സന്തതസഹചാരിയായിരുന്ന ലൂക്ക, സുവിശേഷ രചന നിർവ്വഹിച്ചത് ഏഷ്യാമൈനറിലെ അന്ത്യോഖ്യയിലോ എഫേസോസിലോ നിന്നായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അതിനാലായിരിക്കണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിന് ഹെലനിസ്റ്റിക് (Hellenistic) സ്വാധീനമുള്ളത് എന്നും മറ്റ് സുവിശേഷങ്ങളില്‍ കാണപ്പെടാത്ത വിധം ഈശോമശിഹായുടെ ബാല്യകാല വിവരണം (Nativity of Jesus) ലൂക്കയുടെ സുവിശേഷത്തില്‍ കൂടുതലായി കാണപ്പെടുന്നത് എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. എഫേസോസില്‍ താമസിച്ചിരുന്ന ദൈവമാതാവിനെ ലൂക്ക നേരിട്ടു കണ്ട് സംസാരിച്ചു കാണും. (ലൂക്ക് 1:1-3) അതിനാലാകാം അദ്ദേഹത്തിന്‍റെ സുവിശേഷത്തില്‍ ഈശോയുടെ ബാല്യകാല വിവരണങ്ങള്‍ ഇത്രമേല്‍ സ്പഷ്ടമായി കാണപ്പെടുന്നത് എന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. തിരുവചന ഗ്രന്ഥങ്ങളുടെ രചനാസംബന്ധിയായി ഇത്രമേല്‍ സവിശേഷമായ പശ്ചാത്തലമാണ് ഏഷ്യാമൈനറിനുള്ളത്.
അപ്പൊസ്തൊല പിതാക്കന്മാരായ ഐറേണിയസും ഇഗ്നേഷ്യസും പോളികാര്‍പ്പും പപ്പിയാസും ഏഷ്യാമൈനറിലാണ് ജനിച്ചത്. അപ്പൊസ്തൊല പ്രവൃത്തികളിലെ ലിഡിയ തൈത്തീറ (Thyateira) സ്വദേശിനിയാണ്. വെളിപാടു പുസ്തകത്തില്‍ പേരെടുത്തു പറയുന്ന അന്തിപ്പാസ് പെര്‍ഗമം സ്വദേശിയാണ്. കൂടാതെ ക്രൈസ്തവ സഭാചരിത്രത്തില്‍ ഏറെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞരായ കേസറിയയിലെ മാര്‍ ബേസിൽ, ഗ്രിഗറി നിസ്സാ, ഗ്രിഗറി നൈസിയാന്‍സ്, ജോണ്‍ ക്രിസോസ്റ്റം, മാര്‍ തെയദോർ, മാര്‍ ദയദോർ (താര്‍സൂസ്) തുടങ്ങി ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ എക്കാലത്തും പരാമര്‍ശിക്കപ്പെടുന്ന ഈ മഹദ്വ്യക്തികളെല്ലാം ഏഷ്യാമൈനറില്‍നിന്നുള്ളവരാണ്.
നോഹയുടെ കാലത്തെ പ്രളയാനന്തരം പെട്ടകം ഉറച്ചത് തുര്‍ക്കിയിലെ അരാരാത്ത് പര്‍വ്വതത്തിലാണ് എന്നു കരുതുന്നു. കൂടാതെ, വിശ്വാസികളുടെ പിതാവായ അബ്രഹാമിന്‍റെ പിതാവ് തേരഹിന്‍റെ ജന്മസ്ഥലമായ ഹാരാനും ഇന്നത്തെ തുര്‍ക്കിയിലാണ്. തുര്‍ക്കിയുടെ ക്രൈസ്തവ -യഹൂദ പശ്ചാത്തലം വിവരണാതീതമാണ്.
തുര്‍ക്കിയും ക്രൈസ്തവപീഡനവും
നൂറുവര്‍ഷം മുമ്പ് ജനസംഖ്യയില്‍ 19 ശതമാനം അഥവാ നാല്‍പതുലക്ഷം ക്രൈസ്തവര്‍ ഇവിടെയുണ്ടായിരുന്നു. കാംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, പ്രിൻസ്റ്റൺ എന്നീ യൂണിവേഴ്സിറ്റികള്‍ നിര്‍ദ്ദേശിക്കുന്ന The Thirty-Year Genocide
(by Benny Morris and Dror Ze’evi) എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്, 1894നും 1924നും ഇടയില്‍ 25 ലക്ഷം ക്രൈസ്തവരെ ഓട്ടോമാന്‍ സാമ്രാജ്യം കൊന്നുകളഞ്ഞു എന്നാണ്. ഓട്ടോമാന്‍ സാമ്രാജ്യത്തെ ക്രൈസ്തവരഹിതമാക്കുക എന്നതായിരുന്നു ഭരണാധികാരികളുടെ അടിസ്ഥാന ലക്ഷ്യം. ഇവരിൽ ഇരുപതുലക്ഷംപേരും അര്‍മീനിയന്‍ ക്രൈസ്തവരായിരുന്നു. ”അര്‍മീനിയന്‍ വംശഹത്യ” എന്ന പേരില്‍ ഈ സംഭവം അറിയപ്പെടുന്നു. ബാക്കിയുള്ളവര്‍ ഗ്രീക്ക്, അസ്സീറിയന്‍ സഭകളിലുള്ളവരുമായിരുന്നു. പീഡനങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ വേറെ വഴിയില്ലാതെ നിരവധിപേര്‍ ഇസ്ലാമതം സ്വീകരിച്ചു. അനേകായിരങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. മതനേതൃത്വവും ഭരണാധികാരികളും ചേര്‍ന്നാണ് ഈ ക്രൂരത തുര്‍ക്കിയില്‍ ചെയ്തതെന്ന് The Thirty-Year Genocide അടിവരയിട്ടു പറയുന്നു. ഇപ്പോൾ 99 ശതമാനവും മുസ്ലിം മതസ്ഥര്‍ ആധിപത്യം സ്ഥാപിച്ച ഈ രാജ്യത്ത് 0.5 ശതമാനം പോലും ക്രൈസ്തവർ ഇന്നില്ല. എന്നാല്‍ കൗതുകരമായ ഒരു കാര്യം ഇപ്പോള്‍ ഇവിടുത്തെ ജനസംഖ്യയില്‍ 5 ശതമാനത്തോളം നിരീശ്വരവാദികളാണ് എന്നാണ്. അതായത് ക്രൈസ്തവ ജനസംഖ്യയേക്കാള്‍ പത്തിരട്ടി നിരീശ്വരവാദികള്‍ തുര്‍ക്കിയിലുണ്ട്. ഇത് ഏകദേശം അമ്പത് ലക്ഷം പേര്‍ ഉണ്ടാകുമെന്ന് കോണ്ടാ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സിയുടെ (KONDA Research and Consultancy) സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.
പൗരാണിക ദേവാലയങ്ങളെയും തുർക്കി ഇന്ന് ഇസ്ലാമികമാക്കിയിരിക്കുന്നു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഹാഗിയാ സോഫിയാ ദേവാലയവും ചോരാ ചര്‍ച്ചും. 2-ാം നിഖ്യാ സുന്നഹദോസ് ചേർന്നത് AD 787-ൽ ആയിരുന്നു. അതിനു വേദിയായ “നിഖായിലെ ഹാഗിയാ സോഫിയാ” ദേവാലയം സുൽത്താൻ ഒർഹാൻ ഗാസി 1331-ൽ തന്നെ മോസ്ക് ആക്കി മാറ്റിയിരുന്നു. ക്രൈസ്തവ സഭാചരിത്രത്തിലെ 36-ഓളം അതിപുരാതന ദേവാലയങ്ങളാണ് ഓട്ടോമാന്‍ ഭരണാധികാരികള്‍ മോസ്കുകളാക്കിയത്. അധികം പഴക്കമില്ലാത്ത ആയിരക്കണക്കിന് മറ്റ് ക്രൈസ്തവദേവാലയങ്ങളും ഇപ്രകാരം മോസ്കുകളാക്കിയിട്ടുണ്ട്. ഹാഗിയാ സോഫിയാ ദേവായത്തിലെ മണിമന്ദിരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ബള്‍ബു മാലകളാല്‍ “ലാഇലാഹ് ഇല്ലള്ള” എന്ന അടിസ്ഥാന ഇസ്ലാമിക വചനം ഇംഗ്ലീഷില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കാണാം (ചിത്രം കമൻ്റ് ബോക്സിൽ). സാധാരണ അറബിക് ഭാഷയില്‍ കാണപ്പെടേണ്ട ഈ വചനം സകലര്‍ക്കും മനസ്സിലാകുന്ന ഭാഷയിലാണ് ഇന്നിവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. താഴികക്കുടത്തിനും മണിമന്ദിരങ്ങള്‍ക്കും മുകളില്‍ അധിനിവേശത്തിന്‍റെ അടയാളമായി ചന്ദ്രക്കല ഈ ദേവാലയത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കുന്നു.
തുര്‍ക്കിയുടെ ക്രൈസ്തവചരിത്രത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഒട്ടോമാന്‍ കാലഘട്ടം മുതല്‍ നടത്തുന്ന ശ്രമങ്ങളെക്കാളും തീവ്രമായിട്ടാണ് ഇപ്പോഴത്തെ ഭരണകൂടം പരിശ്രമിക്കുന്നത്. ക്രൈസ്തവസഭയുടെ ചരിത്രത്തിന്‍റെ ചില തിരുശ്ശേഷിപ്പുകള്‍ മാത്രമേ ഇന്നിവിടെ കാണാനുള്ളൂ. ഓട്ടോമാൻ തുര്‍ക്കികള്‍ തകര്‍ത്തെറിഞ്ഞവയോ ഭൂകമ്പവും പ്രകൃതിക്ഷോഭവും കാലപ്പഴക്കവും നിമിത്തം തകര്‍ന്നടിഞ്ഞതോ ആയ പൗരാണിക ക്രൈസ്തവികതയുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ മാത്രമേ തുര്‍ക്കിയില്‍ എവിടെയും സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. ക്രൈസ്തവസഭയുടെ ചരിത്രം കടന്നുപോയ സമാനതകളില്ലാത്ത യാതനകളുടെയും പീഡനങ്ങളുടെയും അധിനിവേശത്തിന്‍റെയും ശൂന്യവല്‍ക്കരണത്തിന്‍റെയും വഴികളിലൂടെയുള്ള സഞ്ചാരമാണ് തുര്‍ക്കി യാത്ര.
യൂറോപ്പിനെ അപേക്ഷിച്ച് തെളിഞ്ഞ ആകാശവും ചൂടും വെളിച്ചവുമുള്ള തുര്‍ക്കിയിലേക്ക് അനേകരും വരുന്നത് ഹോളിഡേ ആഘോഷിക്കാനാണ്. ഇസ്താംബൂളില്‍ വന്നിറങ്ങിയതോടെ ഞങ്ങളുടെ യാത്ര ഒരു തീര്‍ത്ഥാടനമായി അനുഭവപ്പെടാന്‍ തുടങ്ങി. വെളിപാടു പുസ്തകത്തിലെ ഏഴു സഭകളുടെ അവശിഷ്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കുരിശിന്‍റെ വഴികളിലെ ദുഃഖസാന്ദ്രമായ നിശ്ശബ്ദതയിലായിരുന്നു ഞങ്ങള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ഈ പൗരാണികസഭകളുടെ അവശിഷ്ടങ്ങളിലൂടെ കണ്ണീരൊഴുക്കി കടന്നുപോകുന്നതു കാണാം.
നിഖ്യായിലെ ജലസമാധിയിലായ
ബസിലിക്കയിലേക്ക്
ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം നിഖ്യാ സൂന്നഹദോസ് നടന്ന സ്ഥലം തേടിയുള്ളതായിരുന്നു. കോണ്‍സ്റ്റാന്‍റിനോപ്പിളിലും എഫേസോസിലും സൂന്നഹദോസുകള്‍ നടന്ന സ്ഥലങ്ങളും അതോടൊപ്പം വെളിപാടു പുസ്തകത്തിലെ ഏഴു സഭകളുടെ ചരിത്രാവശിഷ്ടങ്ങളും സന്ദര്‍ശിച്ച് യാത്രയുടെ ഒടുവിലാണ് ഞങ്ങൾ നിഖ്യായില്‍ എത്തിച്ചേര്‍ന്നത്. വൈകുന്നേരത്തോടെ ഇസ്നിക്കില്‍ എത്തിച്ചേരുമ്പോള്‍ പട്ടണത്തിനു പടിഞ്ഞാറുള്ള മദ്രാ മലനിരകള്‍ക്കിടയിലൂടെ (Madra Mountains) അസ്തമയസൂര്യന്‍റെ പ്രകാശകിരണങ്ങള്‍ ഇസ്മീര്‍ തടാകത്തില്‍ പ്രതിഫലിക്കുന്നതു കാണാമായിരുന്നു. 298 സ്ക്വൊയര്‍ കിലോമീറ്റര്‍ ചുറ്റളവുള്ള ഈ തടാകം തുര്‍ക്കിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ തടാകമാണ്. ഈ തടാകത്തിന്‍റെ തെക്കു കിഴക്കായിട്ടാണ് നിഖ്യായിലെ ആദ്യ പൊതു സൂന്നഹദോസ് നടന്ന വിശുദ്ധ നിയോഫിറ്റസിന്‍റെ (Saint Neophytos) ദേവാലയം സ്ഥിതിചെയ്തിരുന്നത്. നിഖ്യായില്‍നിന്നുള്ള ക്രൈസ്തവ മാതാപിതാക്കളുടെ മകനായ നിയോഫിറ്റസ് ക്രിസ്തുവിശ്വാസത്തിനു വേണ്ടി എഡി 303ല്‍ നിഖ്യായില്‍ വച്ചാണ് രക്തസാക്ഷിയായത്. അദ്ദേഹത്തെ ഒരു വിശുദ്ധനായിട്ടാണ് വിവിധ ഓര്‍ത്തഡോക്സ് സഭകള്‍ സ്മരിക്കുന്നത്.
വിശുദ്ധ നിയോഫിറ്റസിന്‍റെ പേരില്‍ നിര്‍മിച്ച ദേവാലയത്തിലാണ് ആദ്യ സൂന്നഹദോസ് എഡി 325ല്‍ നടന്നത് എന്നാണ് പറയപ്പെടുന്നത്. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി നിഖ്യാ സൂന്നഹദോസിന്‍റെ സ്മാരകമായി ഈ ദേവാലയം പുതുക്കിപ്പണിയുകയും പിന്നീട് ബസലിക്കയായി ഉയര്‍ത്തുകയും ചെയ്തു. എഡി 740-ല്‍ ഉണ്ടായ ശക്തമായ ഒരു ഭൂകമ്പത്തെ തുടര്‍ന്ന് ഈ ദേവാലയം തകര്‍ന്നുവീണു. അതോടൊപ്പം ഇസ്മീര്‍ തടാകത്തിന്‍റെ ഭൂപ്രകൃതിക്കും ഘടനയ്ക്കും മാറ്റമുണ്ടായി. തടാകം അമ്പതു മീറ്ററിലധികം കരയിലേക്ക് കടന്നുകയറുകയും ദേവാലയം തടാകത്തില്‍ മറയുകയും ചെയ്തു. ഇതോടെ നിഖ്യാ സൂന്നഹദോസ് നടന്ന ഇടംതന്നെ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായി.
2014-ല്‍ യു.എന്നിന്‍റെയും (UN) വിവിധ അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെയും നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളിലാണ് ബസലിക്ക നിലനിന്നിരുന്ന സ്ഥലം കണ്ടെത്തിയത്. ഇവിടെയൊരു അണ്ടര്‍ വാട്ടര്‍ മ്യൂസിയം ഉണ്ടാക്കുവാനുള്ള പ്ലാനുകളാണ് ഇസ്മീര്‍ ഉള്‍പ്പെടുന്ന ബര്‍സാ സിറ്റി കൗണ്‍സില്‍ തയ്യാറാക്കുന്നത്. അതിനുള്ള പ്ലാനുകളെല്ലാം ഇസ്മീറില്‍ “ബസിലിക്ക” (Bazilika) എന്ന സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കരയില്‍ തടാകത്തോടു ചേര്‍ന്ന് ഒരുഭാഗം ഈ നിര്‍മ്മിതകള്‍ക്കായി കെട്ടിവളച്ചെടുത്ത് സംരക്ഷിച്ചിരിക്കുന്നതും കാണാം. ക്രൈസ്തവ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ടവയെല്ലാം ബര്‍സ സിറ്റി കൗണ്‍സില്‍ അംഗീരിക്കുകയും ഈ ചരിത്രവസ്തുതകള്‍ എല്ലാം പൊതുജനമധ്യേ ഇപ്പോൾ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സോക്രട്ടീസ് സ്കൊളാസ്റ്റിക്കയുടെ (Socrates Scholasticus or Socrates of Constantinople) “സഭാചരിത്രം” ഈയിടയാണ് വായിച്ചു തീര്‍ത്തത്. നിഖ്യാ സൂന്നഹദോസിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഇവിടെ കടന്നുവന്ന സഭാപിതാക്കന്മാരെയും അവരുടെ ചര്‍ച്ചകളും വാദങ്ങളും പ്രതിവാദങ്ങളും എല്ലാം കൃത്യതയോടെ അദ്ദേഹം വിവരിക്കുന്നുണ്ട്.
ഇസിനിക് തടാകത്തിനുമേൽ ഇരുട്ട് വ്യാപിച്ചിരുന്നു. ബസിലിക്കയുടെ അവശിഷ്ടങ്ങള്‍ക്കടുത്തു നിന്നു ഞങ്ങള്‍ ഏറെ നേരം പ്രാര്‍ത്ഥിച്ചു. നിഖ്യാ സൂന്നഹദോസില്‍ പങ്കെടുത്ത “നീതിമാന്മാരും വിശുദ്ധന്മാരും മല്‍പ്പാന്മാരും ദൈവത്തെ ധരിച്ചവരുമായ പിതാക്കന്മാരുടെ” ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നിഖ്യായില്‍ രൂപംകൊണ്ട പ്രസിദ്ധമായ വിശ്വാസപ്രമാണം ഞങ്ങള്‍ ഏറ്റുചൊല്ലി. ആദിയില്‍ ജലത്തിനുമേല്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവ് ഇസ്നിക് തടാകത്തിലെ ഇരുട്ടിനുമേലും പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെയാണ് തിരികെയുള്ള യാത്രയ്ക്കായി ഇസ്താംബൂള്‍ എയര്‍പോര്‍ട്ടിലേക്ക് ഞങ്ങള്‍ മടങ്ങിയത്. (തുടരും)