കൊച്ചി . മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് എറണാകുളത്ത് ലത്തീൻ സഭയിലെ മെത്രാന്മാരെയും സമുദായ നേതാക്കാളെയും കണ്ടത്.

മുനമ്പം കടപ്പുറം പ്രദേശത്ത് തലമുറകളായി താമസിക്കുന്നവരുടെ ഭുമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ളിം സമുദായ സംഘടനകളുടെ പൊതു നിലപാടെന്ന് മുസ്ലിം സമുദായ നേതാക്കൾ വ്യക്തമാക്കി. ഈ വിഷയം സർക്കാർ ഇടപെട്ട് സത്വരമായ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പ്രശ്നപരിഹാരത്തിനായുള്ള സർക്കാരിൻ്റെ എല്ലാ ശ്രമങ്ങൾക്കും യോഗം പിന്തുണ അറിയിച്ചു.

ലത്തീൻ സഭാ അദ്ധ്യക്ഷൻ ബിഷപ്പ വർഗ്ഗീസ് ചക്കാലക്കൽ ആർച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ എന്നിവർ ഉൾപ്പടെ ലത്തീൻ രൂപതകളിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡണ്ട് അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആൻ്റണി സേവ്യർ തറയിൽ, സെബാസ്റ്റിൻ റോക്കി, ജോസഫ് ബെന്നി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

