കൈയ്യിൽ ജപമാല. ചുണ്ടിൽ പുഞ്ചിരി. വാക്കുകളിൽ സ്നേഹവും കരുതലും പ്രോത്സാഹനവും. മദർ ഡെൽഫിൻ മേരിയുടെ രൂപം വിശദീകരിക്കാൻ കൂടുതൽ വാക്കുകൾ വേണ്ട.
വിമലഹൃദയ സിസ്റ്റേഴ്സിന്റെ മദർ സുപ്പീരിയറായി 12 വർഷത്തെ സേവനത്തിനുശേഷം എന്റെ ഗ്രാമത്തിൽ സിസ്റ്റർ ഡെൽഫിൻ മേരി എത്തിയപ്പോഴാണ് ഞാൻ അടുത്ത് പരിചയപ്പെടുന്നത്. അതാകട്ടെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ നിങ്ങളുടെ നാട്ടിൽ മദർ ഡെൽഫിൻ മേരി വന്നിട്ടുണ്ടല്ലോ എന്ന പരാമർശം നൽകിയ പശ്ചാത്തലത്തിലും. അവരുടെ വാക്കുകൾ സിസ്റ്ററിനെ എത്രയുംവേഗം പരിചയപ്പെടാനുള്ള ആഗ്രഹം വർദ്ധിപ്പിച്ചു. കേന്ദ്രമന്ത്രിയും AICC ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.ഹെൻറി ഓസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾ മദറിനെ സന്ദർശിക്കുവാൻ എട്ടേക്കറിലെ കോൺവെന്റിൽ വരുമായിരുന്നു.
തന്റെയടുത്ത് എത്തുന്നവർക്ക് ദരിദ്രനെന്നോ ധനികനെ എന്നോ വ്യത്യാസമില്ലാതെ സ്നേഹ പൂർണ്ണമായ പരിഗണന മദർ നൽകി. ഗ്രാമത്തിലെ വീടുകളിൽ ദുരന്തങ്ങൾ ഉണ്ടായാൽ സന്ദർശനം വൈകിക്കില്ല. മരണം സംഭവിച്ച വീടുകളിൽ സമാശ്വാസത്തിന്റെ വാക്കുകളുമായി മദർ ഉണ്ടാകും. ഭവനമില്ലാത്തവർക്ക് ആശ്വാസവും വിദ്യാർത്ഥികൾക്ക് പoനത്തിന് സാമ്പത്തിക സഹായവും ആരും അറിയാതെ മദർ ചെയ്തു. ഞങ്ങളുടെ ഗ്രാമത്തിൽ വിമല ഹൃദയ ഇഗ്ലീഷ് മീഡിയം സ്കൂളും മദറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
കോൺവെന്റിന്റെ മുന്നിലെ തോട്ടത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഒരു വൈകുന്നേരമാണ് മദറിനെ ഞാൻ അവസാനമായി കണ്ടത്. അന്ന് സന്തോഷത്തോടെ പറഞ്ഞ വർത്തമാനം അവിടെ പൂർത്തീകരിച്ച യേശുവിന്റെ പ്രതിമയെക്കുറിച്ചാണ്. “കൈ കെട്ടിയ ഈശോ” പീഡാനുഭവ നാളുകളിലെ യേശുവിന്റെ നൊമ്പരപ്പെടുത്തുന്ന രൂപം. സ്വയം ശൂന്യനായി പിതാവായ ദൈവത്തിന് കീഴ്പ്പെടുന്ന രംഗം.
ക്യാൻസർ രോഗത്തോട് യുദ്ധം ചെയ്തിരുന്ന മദറും അത്തരം ഒരവസ്ഥയിലായിരുന്നു. ദൈവേഷ്ടത്തിന് തന്നെ സമർപ്പിച്ചുകൊണ്ട് അതിന്റെ പൂർത്തീകരണത്തിനായി പ്രാർത്ഥിക്കുന്ന മദർ. വാക്കുകളിൽ ഒരു പതർച്ചയുമില്ല. മനോഹരമായ ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി നിരവധി കാര്യങ്ങൾ പറഞ്ഞു. അതിനിടയിൽ സഹോദരൻ എഫ്. ആന്റണിയുടെ പുസ്തക പ്രകാശനച്ചടങ്ങിൽ (തരംഗങ്ങൾ) ഞാൻ നടത്തിയ പ്രസംഗത്തെക്കുറിച്ചും. പ്രോത്സാഹനവും സ്നേഹവും നിറഞ്ഞ വാക്കുകൾ.
വിടപറയുമ്പോൾ, പ്രാർത്ഥന ജീവിതത്തിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള മാർഗ്ഗമാണെന്ന് മദർ ഒരിക്കൽകൂടി എന്നെ ഓർമ്മപ്പെടുത്തി. അത് കൈവെടിയെരുതെന്ന ഉപദേശവും.
ഇന്ന് രാവിലെ വിമലഹൃദയ കോൺവെന്റിലെ മുന്നിലെ കൈ കെട്ടിയ യേശു രൂപത്തെ ഒരിക്കൽ കൂടി കണ്ടു. ചിരിച്ചുകൊണ്ടുള മദറിന്റെ സാമീപ്യം അവിടെ ആഗ്രഹിച്ചു. പക്ഷേ, മദർ സ്വർഗ്ഗത്തിലേക്ക് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരുന്നു.
Fl H സിസ്റ്റേഴ്സിന്റെ സുപ്പീരിയർ ജനറൽ മദർ റെക്സിയ മേരിയെ ഫോണിൽവിളിച്ച് ദു:ഖം പങ്കുവെച്ചപ്പോൾ ഇന്ന് (ജൂലൈ 18 ഞായർ) വെളുപ്പിന് 2.30 നാണ് മദർ ഡെൽഫിന്റെ മരണം സംഭവിച്ചതെന്ന് അറിഞ്ഞു
ശക്തികുളങ്ങര ഷെൽട്ടറിൽ ഫ്രാൻസിസ് ഫെർണാണ്ടസിന്റയും കാർമ്മൽ ഫ്രാൻസിസിന്റെ മകളും F. I. H സഭാംഗം മദർ ഡെൽഫിൻ മേരി (78) നിര്യാതയായി …സഹോദരങ്ങൾ : ജയിൻ ആസ്റ്റ്യൻ , ജസ്സി ജയിംസ് , F . Antony, ജോസഫ് (ബേബി) വില്ല്യം (late) വാവാച്ചൻ(late) അൽഫോൺസാ സേവ്യർ .
…മൃതസംസ്കാരം ഇന്ന് 3.30 pm ന് കൊട്ടിയം P.S കോൺവെൻറിൽ
മദർ ഡെൽഫിൻ ക്രിസ്തുവിന്റെ പ്രകാശത്തിൽ വഴി നടത്തിയ വിമല ഹൃദയ സിസ്റ്റേഴ്സിനോടൊപ്പം ഞാനും ദുഖിക്കുന്നു. ആ നല്ല ഓർമകൾക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു.
ഷാജി ജോർജ്