ഇന്നലെ വൈകീട്ട് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു.

ഒരു സ്ത്രീയാണ് വിളിക്കുന്നത്.സർ, എന്റെ വീട് പാമ്പൂർ പുതുശ്ശേരി അമ്പലത്തിനടുത്താണ്. വീട്ടിൽ സഹോദരൻ മദ്യപിച്ച് വഴക്കിടുകയാണ്. അവനെ ഞങ്ങൾക്ക് തടയാനാകുന്നില്ല. അത്യാവശ്യമായി ഇവിടം വരെ വരണം. അല്ലെങ്കിൽ ഞങ്ങളുടെ ജീവൻ നഷ്ടപ്പെടും.

സ്ത്രീയുടെ ഫോൺവിളി വന്ന ഉടനെത്തന്നെ അസി. സബ് ഇൻസ്പെക്ടർ കെ.ടി. പോൾ, സിവിൽ പോലീസ് ഓഫീസർ ആർ ലാലു എന്നിവർ പോലീസ് വാഹനത്തിൽ അവിടേക്ക് പുറപ്പെട്ടു.

പോലീസുദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ രണ്ടു സ്ത്രീകൾ വീടിന്റെ പുറത്തുനിന്നും കരയുകയായിരുന്നു. പാത്രങ്ങളും വീട്ടുപകരണങ്ങളും പുറത്തേക്ക് വലിച്ചുവാരി ഇട്ടിരുന്നു.മദ്യപിച്ചു വഴക്കുണ്ടാക്കുന്ന സഹോദരൻ എവിടെയാണ് ?

പോലീസുദ്യോഗസ്ഥർ ചോദിച്ചു. അയാൾ കുറച്ചു നേരമായി റൂമിനകത്തു കയറി വാതിലടച്ചിരിക്കുകയാണ്. പോലീസുദ്യോഗസ്ഥർ വാതിൽ തട്ടി വിളിച്ചു. പക്ഷേ, വാതിൽ തുറന്നില്ല. ജനാലയിലൂടെ നോക്കി. പക്ഷേ, റൂമിനകത്ത് കർട്ടനിട്ടതുകൊണ്ട് കാണാനാകുന്നില്ല.പന്തികേടുതോന്നിയ പോലീസുദ്യോഗസ്ഥർ ഉടൻ തന്നെ വാതിലിൽ ശക്തമായി ചവിട്ടി.

വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ അയാൾ കഴുത്തിൽ കുരുക്കിട്ട് ഫാനിന്റെ ഹുക്കിൽ തൂങ്ങിയാടുന്നതാണ് കണ്ടത്. സ്ത്രീകൾ ആർത്തലച്ചു കരഞ്ഞു.

പകച്ചു നിൽക്കാതെ എ.എസ്.ഐ കെ.ടി പോൾ അയാളെ ഉയർത്തിപ്പിടിച്ചു. മറ്റേയാൾ ഒരു കത്തികൊണ്ട് കയർ മുറിച്ചു. ഉടൻ തന്നെ പോലീസ് വാഹനത്തിൽ കയറ്റി അയാളെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിൽ ചികിത്സ ലഭിച്ച അയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് പോലീസുദ്യോഗസ്ഥരുടെ പ്രധാന ഡ്യൂട്ടി. അവസരത്തിനൊത്തുയർന്ന് കാര്യക്ഷമതയോടെ ഡ്യൂട്ടി നിർവ്വഹിച്ച വിയ്യൂർ പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ കെ.ടി. പോൾ, സിവിൽ പോലീസ് ഓഫീസർ ആർ. ലാലു എന്നിവർക്ക് അഭിനന്ദനങ്ങൾ.അറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

മാനസിക സംഘർഷം അനുഭവപ്പെടുമ്പോൾ വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ : 1056, 0471- 2552056.

Kerala Police FB

നിങ്ങൾ വിട്ടുപോയത്