The LORD protects the simple; I was helpless, but he saved me. (Psalm 116:6)
നല്ലതും മനോഹരവുമായ ലോകത്തെയാണ് ദൈവം സൃഷ്ടിച്ചത്. സ്ത്രീ പുരുഷന്മാരായ നാമെല്ലാവരും പാപികളുമാണ്. അതുകൊണ്ടുതന്നെ സകല തിന്മയും തുടച്ചുമാറ്റേണ്ടതിന് വേണ്ടുന്നതെല്ലാം ദൈവത്തിന് ചെയ്യാം. എന്നാൽ, നമ്മുടെ പാപങ്ങളെല്ലാം മറന്ന് അവിടുന്ന് നമ്മെ സ്നേഹിക്കുന്നു എന്നതാണ് പ്രധാന കാര്യം. തെറ്റുകൾ വരുത്തുമ്പോഴും അവിടുന്നിൽ നിന്ന് അകലുമ്പോഴും നമ്മെ ഓരോരുത്തരെയും അവിടുന്ന് കൈവെടിയുന്നില്ല. അതുകൊണ്ടാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ലോകത്തെയും മനുഷ്യത്വത്തെയും സംരക്ഷിക്കുന്ന സ്നേഹമാണെന്ന് പറയുന്നത്.
ദൈവമക്കൾ ആക്കി ഉയർത്തി നാം ഓരോരുത്തരെയും ഒരു കുറവും വരാതെ കാത്തു പരിപാലിക്കുന്ന ഒരു നല്ല ഇടയനായ ഈശോ നമ്മൾക്ക് ഉണ്ട്. നമ്മുടെ ജീവിതത്തെ പൂർണ്ണമായും ആ നല്ല ഇടയനായ ഈശോയ്ക്ക് വിട്ടുകൊടുക്കാൻ സാധിച്ചാൽ നമ്മുടെ ജീവിത സാഹചര്യം ഏതുമാകട്ടെ അവിടെ നല്ല ഇടയനായ ഈശോ ഇടപെടും. നമ്മിൽ നിന്ന് അകന്ന് ഇരിക്കുവാൻ അല്ല ഈശോ ആഗ്രഹിക്കുന്നത് നമ്മുടെ കൂടെ നടക്കുവാൻ, അതാണ് ആ നല്ല ഇടയനായ ഈശോയുടെ ആഗ്രഹം. ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നു. (യോഹന്നാന് 10 :11).
കഴുകന്മാർ അവയുടെ വിശാലവും ബലിഷ്ഠവുമായ ചിറകുകൾ ഉപയോഗികുന്നത് പറക്കാൻ മാത്രമല്ല. പകലത്തെ ചൂടിൽ ഒരു തള്ളക്കഴുകൻ അതിന്റെ ചിറകുകൾ രണ്ടു മീറ്ററിലധികം വിസ്താരത്തിൽ വില്ലു പോലെ വിരിച്ച് തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പൊള്ളുന്ന ചൂടിൽ നിന്നു സംരക്ഷിക്കാൻ ഒരു മറ സൃഷ്ടിക്കുന്നു. മറ്റു സമയങ്ങളിൽ, തന്റെ കുഞ്ഞുങ്ങളെ തണുത്ത കാറ്റിൽ നിന്നു സംരക്ഷിക്കാൻ തള്ളപ്പക്ഷി അവയെ ചിറകുകൾ കൊണ്ടു പൊതിയുന്നു. കഴുകൻ അതിന്റെ കുഞ്ഞിനെ കാത്തു സൂക്ഷിക്കുന്നതു പോലെ, ദൈവം നമ്മളെ കാത്തു സൂക്ഷിക്കുന്നു
ദൈവം സംരക്ഷണം വാഗ്ദാനം ചെയ്യുക മാത്രമല്ല ചെയ്തിരിക്കുന്നത്. തന്റെ ജനത്തെ അത്ഭുതകരമായ വിധത്തിൽ സംരക്ഷിക്കാൻ തനിക്കു കഴിയുമെന്ന് വചനത്തിലൂടെ പല കാലങ്ങളിൽ ദൈവം പ്രകടമാക്കുകയും ചെയ്തു. ദാനീയേലിന്റെ മൂന്നാം അദ്ധ്യായത്തിൽ ഷദ്രാക്, മെഷാക്, അബെദ്നെഗോ എന്നീ യഹൂദ ബാലൻമാർ നബുക്കദ്നേസര്‍രാജാവ് നിർമിച്ച സ്വർണപ്രതിമയെ കുമ്പിടാൻ വിസമ്മതിച്ചപോൾ, കുപിതനായ രാജാവ് അവരെ അത്യധികം ചൂടാക്കിയ ഒരു തീ ചൂളയിലേക്ക് എറിഞ്ഞു. തീച്ചൂള സാധാരണയിലും ഏഴു മടങ്ങു ചൂടാക്കപെട്ടപോൾ പോലും അവരുടെ സർവശക്തനായ ദൈവത്തിന് അത് ഒരു വെല്ലുവിളി ആയില്ല. ദൈവം അവരെ സംരക്ഷിക്കുക തന്നെ ചെയ്തു. നമ്മുടെ ദൈവം കൃപാലുവും നമ്മെ കാത്തു സംരക്ഷിക്കുന്നവനുമാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.