990 മാര്‍ച്ചിലാണ് സത്യദീപം വാരികയില്‍ എന്‍റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്;
2020 മാര്‍ച്ചില്‍ ഒടുവിലത്തെ ലേഖനവും.
ഈ മൂന്നു പതിറ്റാണ്ട് സത്യദീപത്തിന്‍റെ വസന്തകാലമായിരുന്നു. കേരളസമൂഹത്തില്‍ കേരളസഭയുടെ മുഖമായിരുന്നു സത്യദീപം.
ഫാ. പോള്‍ തേലക്കാട്ട് എന്ന പ്രശസ്തനായ പത്രാധിപരുടെ സ്ഥാനം അദ്വിതീയം. അക്കാലത്ത് സത്യദീപത്തിന്‍റെ പുഷ്കലവളര്‍ച്ചയില്‍ സജീവസാന്നിദ്ധ്യവും നിശബ്ദസേവനത്തിന്‍റെ നിദര്‍ശനവുമായിരുന്നു ഫ്രാങ്ക്ളിന്‍ എം.
സബ് എഡിറ്ററായി 1989-ല്‍ സേവനമാരംഭിച്ച അദ്ദേഹം സീനിയര്‍ സബ് എഡിറ്റര്‍ എന്ന നിലയില്‍ ഇന്ന് വിരമിക്കുന്നു!
💖
എഡിറ്റര്‍മാരും മാനേജര്‍മാരും മാറിമാറിവന്നെങ്കിലും സത്യദീപത്തിന്‍റെ മാറ്റങ്ങള്‍ക്കിടയില്‍ കുലീനമായ പെരുമാറ്റത്താല്‍ എഴുത്തുകാരെയും അഭ്യുദയകാംക്ഷികളെയും ഭാവഭേദമേ തുമില്ലാതെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1992-ല്‍ തേവര സ്കൂളില്‍ അധ്യാപകനായിച്ചേരുന്നതിനുമുമ്പ്, എറണാകുളത്തെത്തിയാല്‍ എന്‍റെയേക സന്ദര്‍ശനസ്ഥലം സത്യദീപമായിരുന്നു. അന്ന് ആ പരിസരത്തെ ഏറ്റവും ഉയര്‍ന്ന കെട്ടിടം വിയാനി ബില്‍ഡിംഗ്സ് ആയിരുന്നല്ലോ. മുകളിലത്തെ നിലയിലുള്ള സത്യദീപം ഓഫീസിലെ ജാലകത്തിലൂടെ ധാരാളം കാറ്റും വെളിച്ചവും കടന്നുവന്നിരുന്നു. ഇന്നാകട്ടെ അതെല്ലാം മാറിമറിഞ്ഞു. ചുറ്റിലും വലിയ നിര്‍മ്മിതികള്‍ വന്നു. സത്യദീപം വല്ലാതെ ചുരുങ്ങിപ്പോയതുപോലെ…..
❣️
തൊണ്ണൂറിലൊക്കെ സത്യദീപത്തിലെത്തിയാല്‍ തേലക്കാട്ടച്ചന്‍റെ കാബിനിലെത്തി കുശലം പറഞ്ഞ് ഇറങ്ങുന്നതിനുമുമ്പോ പിമ്പോ ഏറെസമയം ചെലവഴിക്കുന്നത് തൊട്ടടുത്ത കാബിനിലായിരിക്കും. അവിടെ ഫ്രാങ്ക്ളിന്‍ എന്ന ജ്യേഷ്ഠസുഹൃത്തുമായി ചെലവഴിക്കുന്ന നിമിഷങ്ങള്‍ ഏറെ സന്തോഷകരമായിരുന്നു. ഉപചാരങ്ങളോ നാട്യങ്ങളോ ഇല്ലാതെ വീട്ടുവിശേഷങ്ങളൊക്കെ പങ്കുവച്ച്, പ്രോത്സാഹനത്തിന്‍റെ വാക്കുകളോടെ യാത്രയാക്കിയിരുന്ന ആ സൗഹൃദവും സ്നേഹവും എന്നും മനസ്സിലുണ്ട്.
💗സാങ്കേതികസൗകര്യങ്ങളൊക്കെ കുറവായിരുന്ന തൊണ്ണൂറുകളില്‍ സത്യദീപത്തിലെ തനതു പംക്തികള്‍ ശ്രദ്ധേയമായി അവതരിപ്പിക്കുന്നതില്‍ ഫ്രാങ്ക്ളിന്‍ എം. എന്ന നാമധേയത്തിനും നാമധാരിക്കും വലിയ പങ്കുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള അനേകം വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഓരോരോ സന്ദര്‍ഭങ്ങളില്‍ മുഖശോഭയോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്‍റെ അലച്ചിലുകളും അര്‍പ്പണഭാവവും ഏറെ സഹായിച്ചിട്ടുണ്ട്. എന്‍റെ രചനകള്‍ താല്പര്യത്തോടെ സ്വീകരിച്ചിരുന്ന അദ്ദേഹം, 1996-ല്‍ ഞാനവിടെച്ചെന്നപ്പോള്‍ എന്നെപ്പിടിച്ച് മുമ്പിലിരുത്തി പതിവില്ലാത്ത ഉപചാരങ്ങളോടെ സംസാരിച്ചു. പിറ്റേ ആഴ്ചയിലെ സത്യദീപത്തില്‍ “മാലാഖക്കുഞ്ഞുങ്ങളുടെ കൂട്ടുകാരന്‍ ” എന്നപേരില്‍ എന്നെക്കുറിച്ചൊരു ലഘുവിവരണം പ്രിസദ്ധീകരിക്കാനായിരുന്നു അത്. അപ്പോഴേക്കും ഷിജു ആച്ചാണ്ടിയും അവിടെ സബ് എഡിറ്ററായി ചേര്‍ന്നിരുന്നു.
💖
ഒരിക്കല്‍ ഒരു ബാലനോവല്‍ ഉടന്‍ എഴുതണമെന്ന നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ “നീലപ്പെട്ടിയിലെ സ്വര്‍ണ്ണപ്പേന” സത്യദീപത്തില്‍ എഴുതിയതും ഓര്‍ക്കുന്നു. 2017-ല്‍ സത്യദീപത്തിന്‍റെ നവതിയോടനുബന്ധിച്ചുള്ള മാര്‍ ആന്‍റണി പടിയറ മാധ്യമപുരസ്കാരം എനിക്കാണെന്ന വിവരം അറിയിച്ച്, എഡിറ്ററച്ചന്‍ വിളിക്കുമെന്ന് പറഞ്ഞതും ഈ സ്നേഹിതന്‍ തന്നെ. തോപ്പില്‍ ഇടവകാംഗമായ അദ്ദേഹം സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്ററായും അല്മായഭാരവാഹിയായും നിഷ്ഠയോടെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയുമാണ്.
💓
സ്പാനിഷ് സാഹിത്യകാരനായ സാഞ്ചസ് സില്‍വയുടെ “അപ്പവും വീഞ്ഞും” എന്ന പ്രശസ്ത ബാലസാഹിത്യകൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ഫ്രാങ്ക്ളിന്‍ എം. എന്ന പരിഭാഷകന്‍ വായനക്കാര്‍ക്കായി ഇനിയും ഇത്തരം സദുദ്യമങ്ങള്‍ നടത്തുമെന്ന് പ്രത്യാശിക്കാം.
💖
സത്യദീപത്തിന്‍റെ സുവര്‍ണ്ണയുഗം സൃഷ്ടിക്കുന്നതില്‍ തന്‍റേതായ സവിശേഷസേവനമര്‍പ്പിച്ച സ്നേഹിതാ, താങ്കള്‍ക്ക് ഉപരിനന്മകള്‍ നേരുന്നു.
📝
ഷാജി മാലിപ്പാറ