വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ, പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും…ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു.

“പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ ?” പീറ്റർ ഫ്രാൻസിസിനോട് ചോദിച്ചു. “നിന്നെപ്പോലെ ആളും സ്‌പെയിനിൽ ന്നാ”.

“ഇഗ്നെഷ്യസിനെ ആണോ നീ ഉദ്ദേശിച്ചത് ?” ഫ്രാൻസിസ് തിരിച്ചു ചോദിച്ചു. “വളരെ വൃത്തികെട്ട രീതിയിൽ അല്ലെ ആൾ വസ്ത്രം ധരിച്ചിരിക്കുന്നെ? എല്ലാരും പറയുന്നേ ആൾക്ക് മുപ്പത്തേഴ് വയസ്സുണ്ടെന്നാ, പിന്നെ കാലിന് മുടന്തും . ഇല്ല , ഞാൻ സംസാരിച്ചില്ല”.

“എന്നെയാണ് ആൾടെ ട്യൂട്ടർ ആയി അവർ വെച്ചിരിക്കുന്നെ. നിന്റെ ഒരു ക്ലാസ്സിന് ഞാൻ ആളെ കൊണ്ടുവരട്ടെ ?” പീറ്റർ ഫ്രാൻസിന്റെ പിന്നാലെ നടന്നു.

അങ്ങനെ പീറ്റർ ആളെ ഫ്രാൻസിസ് സേവ്യറിന്റെ അടുത്ത് കൊണ്ടുവന്നു. ഫ്രാൻസിസിന് ആദ്യമൊക്കെ ഇഗ്നേഷ്യസിനെ പുച്ഛമായിരുന്നു. സോർബോണിൽന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത്, ഒരു പുരോഹിതൻ ഒക്കെയായി, യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി പേരെടുക്കാൻ ഒക്കെയാണ് ഫ്രാൻസിസ് പ്ലാൻ ഇട്ടിരിക്കുന്നത്. പക്ഷെ ഇഗ്നേഷ്യസ് ഫ്രാൻസിസിന്റെ അടുത്തിരുന്നപ്പോൾ ചെവിയിൽ പതുക്കെ ഇങ്ങനെ പറഞ്ഞു,

” ഒരുവൻ ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം ?!!!”

പീറ്ററിന് കുറച്ചു നാളത്തേക്ക് വരാൻ കഴിയാതിരുന്നതുകൊണ്ട് ഫ്രാൻസിസാണ് ഇഗ്നേഷ്യസിനെ പഠിപ്പിച്ചത് കുറച്ചു ദിവസങ്ങളോളം. പക്ഷെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ആദ്ധ്യാത്മികതയിൽ ഇഗ്നേഷ്യസിന്റെ ശിഷ്യനാവാനാണ് ഫ്രാൻസീസിന് തോന്നിയത്.

ഇഗ്നേഷ്യസ് ആശുപത്രിയിൽ പോയി രോഗികളെ അലിവോടെ ശുശ്രൂഷിക്കുമ്പോൾ അവൻ ആരാധനയോടെ നോക്കിനിന്നു. നഗരത്തിന്റെ വൃത്തികെട്ട കോണുകളിൽ പോയി പാവപ്പെട്ടവരെയും പട്ടിണി കിടക്കുന്ന അനാഥരെയും തിരഞ്ഞുപിടിച്ച് ശുശ്രൂഷിക്കാനും അവരുടെ വിശപ്പകറ്റാനും തനിക്കാവുന്നത് ഇഗ്നേഷ്യസ് ചെയ്യുമ്പോൾ ഫ്രാൻസിസ് അവനെ പിന്തുടർന്നു. ദൈവമഹത്വത്തിനായും ദൈവരാജ്യത്തിനായും ലോകം മുഴുവനെയും കീഴടക്കാനുള്ള ഇഗ്നേഷ്യസിന്റെ അതിയായ ആഗ്രഹം കണ്ടപ്പോൾ ലോകത്തിന്റെ അംഗീകാരത്തിനും ബഹുമാനത്തിനുമുള്ള തൻറെ സ്വപ്‌നങ്ങൾ അപ്രസക്തമാകുന്നത് ഫ്രാൻസിസ് തിരിച്ചറിഞ്ഞു.

ദൈവകൃപയാൽ , 1534ൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തിരുന്നാളിന്റെ ദിവസം, ഇഗ്നേഷ്യസ് സ്ഥാപിച്ച ഈശോസഭയുടെ ആദ്യ ഏഴംഗങ്ങളായി പ്രഥമവ്രതമെടുത്തവരിൽ ഫ്രാൻസിസ് സേവ്യറും പീറ്റർ ഫെയ്‌ബെറും ഉണ്ടായിരുന്നു.’ ജെസ്യൂട്ട്’ എന്ന് ഇന്നറിയപ്പെടുന്ന ആ സഭ തന്നെ (ഈശോസഭ ) .വെനീസിൽ വെച്ച് മൂന്നു കൊല്ലത്തിന് ശേഷം 24 ജൂൺ 1537ൽ ഫ്രാൻസിസ് ഈശോസഭാവൈദികനായി. 40 ദിവസത്തെ ഉപവാസത്തിനും പ്രാർത്ഥനക്കും ശേഷമാണ് തന്റെ ആദ്യകുർബ്ബാന ഫ്രാൻസിസ് ചൊല്ലിയത്.

ദൈവത്തിന്റെ പദ്ധതികളോട് മനുഷ്യർ സഹകരിച്ചപ്പോൾ യുണിവേഴ്സിറ്റി പൊഫസ്സർ ആകേണ്ടവൻ മനുഷ്യരെ പിടിക്കുന്നവനായി . ഇന്ത്യയിൽ വന്ന് ആയിരക്കണക്കിന് മനുഷ്യർക്ക് മാമോദീസ കൊടുത്ത, ഇന്ത്യയുടെ ‘ദ്വിതീയ അപ്പസ്തോലൻ ‘ ആയി , കത്തോലിക്ക സഭയുടെ വിശുദ്ധനായി ഫ്രാൻസിസ് സേവ്യർ. അതിന് വഴിവെച്ചതോ ? ലോകമോഹങ്ങളുമായി നടക്കവേ യുദ്ധത്തിൽ അപകടം പറ്റി വിശ്രമിക്കുമ്പോൾ ആത്മീയ പുസ്തകങ്ങളും ബൈബിളും വായിച്ചു മാനസാന്തരപ്പെട്ട വിശുദ്ധ ഇഗ്നേഷ്യസ് ലയോളയും. ദൈവത്തിന്റെ വഴികൾ!!

റോമിൽ ഇഗ്‌നേഷ്യസിന്റെ സെക്രട്ടറി ആയി സേവനം ചെയ്തു വരവേ ഈസ്റ്റ്‌ ഇൻഡീസ് ഭാഗത്തേക്ക്‌ ജെസ്യൂട്ട് പുരോഹിതരെ അയക്കാനായി പോർച്ചുലിലെ രാജാവ് പോപ്പിനോട് ആവശ്യപ്പെട്ടു. പുതിയ സഭയിൽ നിന്ന് ആരെയെങ്കിലും വിടാൻ ഇഗ്നേഷ്യസിനോട് പോപ്പ് പറഞ്ഞു. ഒരേയൊരു ദിവസം കൊണ്ട് എടുത്ത തീരുമാനവുമായി ഫ്രാൻസിസ് പോർച്ചുഗീസ് അംബാസ്സഡർക്കൊപ്പം, ‘മൂന്നുമാസം എടുക്കുമെന്ന് വിചാരിച്ച” കപ്പൽയാത്രക്ക് തുടക്കമിട്ടു.

അഞ്ചു കപ്പലുകളാണ് ലിസ്ബണിൽ നിന്ന് ഗോവയിലേക്ക് 1541 ഏപ്രിൽ 7 ന് പുറപ്പെട്ടത്. അന്ന് ഫ്രാൻസിസിന്റെ മുപ്പത്തഞ്ചാമത്തെ ജന്മദിനമായിരുന്നു. തിരിച്ച് ഒരിക്കലും യൂറോപ്പിലേക്ക് ഇനി താൻ മടങ്ങില്ലെന്ന് ഫ്രാൻസിസ് അറിഞ്ഞിരുന്നോ എന്തോ. സെന്റ് ജെയിംസ്ന്റെ കൊടിമരമുള്ള ആ കപ്പലിൽ പുതിയ ഗവർണ്ണർ ഡോൺ മാർട്ടിൻ ഡിസൂസക്കൊപ്പം കിഴക്കിലേക്കുള്ള പോപ്പിന്റെ പ്രതിനിധികൾ ആയി ഫ്രാൻസിസ് സേവ്യറും വേറെ അവന്റെ രണ്ട് കൂട്ടാളികളും കയറി. അന്നത്തെ കാലത്തെ നാട്ടുനടപ്പ് പോലെ ഒരു വേലക്കാരനെ തനിക്കായി ഫ്രാൻസിസ് കൂടെ കൂട്ടിയില്ല, തന്റെ ആവശ്യങ്ങൾക്കായി പണിയെടുക്കാൻ ആരോഗ്യമുള്ള കയ്യും കാലും തനിക്കുണ്ടെന്നു പറഞ്ഞു.

മൂന്നു മാസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് വിചാരിച്ച കപ്പൽ പതിമൂന്ന് മാസമാണ് കടലിൽ ചുറ്റിതിരിയേണ്ടി വന്നത്, മൊസാമ്പിക്കിലെ ശീതകാലവും ഒരു കാരണമായിരുന്നു. ഫ്രാൻസിസ് കപ്പലിലുള്ളവരുമായി നന്നായി ഇടപഴകി എല്ലാവരുടെയും സുഹൃത്തായി. കടൽച്ചൊരുക്ക് ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും, എത്തിച്ചേരാൻ പോകുന്ന സ്ഥലത്തെ ഭാഷ പഠിച്ചും അസുഖമുള്ളവരെ പരിചരിച്ചും മതബോധനക്‌ളാസുകൾ എടുത്തും കുർബ്ബാന ചൊല്ലിയും മരിക്കുന്നവർക്ക് സമാധാനമായും ഫ്രാൻസിസ് ചുറ്റിനടന്നു. ഭക്ഷണം കുറവും അസുഖവും മൂലം ഏറെപ്പേർ യാത്രക്കിടയിൽ മരിച്ചിരുന്നു. 1542 മെയ്‌ 6ന് ഫ്രാൻസിസ് ഇന്ത്യൻ മണ്ണിൽ കാലുകുത്തി. അടുത്ത പത്തുവർഷത്തേക്ക് തന്റെ ദൈവസ്നേഹത്താൽ കിഴക്കിനെ തീ പിടിപ്പിക്കാനുള്ളവൻ.

ഒരു കയ്യിൽ കുരിശുരൂപവുമായി, നിഷ്പാദുകനായി ഫ്രാൻസിസ് മണിയടിച്ചുകൊണ്ട് തെരുവുകളിലൂടെ നടന്നു. കുട്ടികളും അടിമകളും പാവപ്പെട്ടവരും അടിച്ചമർത്തപ്പെട്ടുകഴിഞ്ഞിരുന്നവരുമൊക്കെ ഓടിക്കൂടി. വിദ്യാഭ്യാസമില്ലാത്ത സാധാരണ മനുഷ്യരെ വിശ്വാസസത്യങ്ങൾ വാക്യങ്ങളായി പഠിപ്പിച്ചും ജനപ്രീതിയുള്ള പാട്ടുകളുടെ ട്യൂണിൽ പാടിയും വയലുകളിലൂടെയും വർക്ക് ഷോപ്പുകളിലൂടെയും റോഡിലൂടെയും വീടുകൾക്കരികെയും ചുറ്റിനടന്നു.

1542 ഒക്ടോബറിൽ, മുത്ത് വാരിയും മത്സ്യബന്ധനം വഴിയും ഉപജീവനം കഴിക്കുന്ന പറവർ എന്നറിയപ്പെടുന്ന താഴ്ന്നജാതിക്കാരുടെ ഇടയിലേക്ക് , ഇന്ത്യയുടെ തെക്കേ മുനമ്പ് മുതൽ അന്ന് സിലോൺ എന്നറിയപ്പെടുന്ന ഇന്നത്തെ ശ്രീലങ്കയുടെ തീരപ്രദേശത്തേക്കും പോയി പ്രസംഗിച്ചു. 600 മൈൽ ദൂരമുള്ള ഈ യാത്ര 12 പ്രാവശ്യം ഫ്രാൻസിസ് നടത്തി. ആദ്യം അവരുടെ ഭാഷ പഠിച്ചു, മാമോദീസ സ്വീകരിച്ചു കഴിഞ്ഞിരുന്നവർക്ക് ഉപദേശങ്ങൾ കൊടുത്തു, സുവിശേഷം ആദ്യമായി കേൾക്കാൻ ഓടിക്കൂടിയവരിലേക്കും സാന്ത്വനവുമായി എത്തി. അനേകം ആളുകൾക്ക് ഓരോ ദിവസവും കൊടുത്തിരുന്ന മാമോദീസയുടെ ബാഹുല്യം മൂലം കൈ ഉയർത്താൻ പോലും കഴിയാത്ത വണ്ണം തളർന്നുപോകാറുണ്ടെന്ന് ഫ്രാൻസിസ് തന്റെ എഴുത്തുകളിൽ പറഞ്ഞിരുന്നു.നാൽപ്പതോളം പള്ളികൾ അവിടെ സ്ഥാപിച്ചെന്നു പറയുന്നു.

ഫ്രാൻസിന്റെ സൗമ്യവും ഉപചാരപൂർവ്വവുമായ പെരുമാറ്റവും വ്യക്തിത്വവും പ്രസരിപ്പും എളിയ രീതിയിലുള്ള ജീവിതവും എല്ലാവരെയും ആകർഷിച്ചു. ഒരു കുഞ്ഞു കുടിലിൽ നിലത്തു കിടന്നുറങ്ങിയിരുന്ന ഫ്രാൻസിസ്, സാധാരണ ആളുകൾ കഴിച്ചിരുന്ന ചോറും വെള്ളവും കഴിച്ചു വിശപ്പടക്കി.

1545ൽ ഫ്രാൻസിസ് മലാക്കായിലേക്ക് കപ്പലിൽ പോയി, അവിടെ നിന്നും മറ്റു കുറേ ദ്വീപുകളിലേക്കും. അദ്ദേഹം അവയെ മോളുക്കാസ് എന്ന് വിളിച്ചു. കഠിനമായ സാഹചര്യങ്ങളികൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നതെങ്കിലും അദ്ദേഹം തന്റെ സുപ്പീരിയറായ ഇഗ്നേഷ്യസിന് ഇങ്ങനെ എഴുതി, ” ഞാൻ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളും ദൈവത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അടക്കാനാവാത്ത ആത്മീയസന്തോഷത്തിന്റെ ഉറവകളായിട്ടാണ് തോന്നുന്നത് “.

ഗോവയിലേക്ക് തിരിച്ചുപോകവേ കണ്ടുമുട്ടിയ യാജിറോ എന്ന് പേരുള്ള ഒരു ജപ്പാനീസ് ചെറുപ്പക്കാരനെ പോൾ എന്ന പേരിൽ സ്നാനപ്പെടുത്തി. അവനിൽ നിന്ന് ജപ്പാനെക്കുറിച്ച് അറിഞ്ഞ ഫ്രാൻസിസ് ‘ഉദയസൂര്യന്റെ നാട്ടിലേക്ക് ‘ പോകാൻ ആഗ്രഹിച്ചു.

ഫ്രാൻസിസ് തിടുക്കത്തിൽ സിലോണിലെയും ഇന്ത്യയിലെയും തന്റെ മിഷൻ പ്രദേശങ്ങളിൽ ഒന്ന് ഓട്ടപ്രദക്ഷിണം നടത്തി. പൗരോഹിത്യപരിശീലനത്തിനായി ഒരുങ്ങുന്ന സെന്റ് പോൾസ് കോളേജിന്റെ കാര്യങ്ങൾ നോക്കി, എന്നിട്ട് ജപ്പാനിലേക്ക് പോകാൻ ഒരുങ്ങി. ഫാദർ കോസ്മസ് ഡി ടോറസ്, ബ്രദർ ജോൺ ഫെർണാണ്ടസ്, യാജിറോ എന്നിവരെയും കൂടെ കൂട്ടി,

ആദ്യം മലാക്കായിലേക്ക് എത്തിയ അവർ പിന്നീട് 1549 ജൂണിൽ ഒരു ചൈനീസ് ബോട്ടിൽ ജപ്പാനിലേക്ക് തിരിച്ചു. രണ്ടു മാസമെടുത്ത 5000 കി. മീ.യാത്രക്കിടയിൽ മൂന്ന് ഈശോസഭാവൈദികരും ജാപ്പനീസ് ഭാഷ പഠിച്ചു. പരിശുദ്ധഅമ്മയുടെ സ്വർഗ്ഗാരോഹണതിരുന്നാളിൽ അവർ കാഗോഷിമയിലെത്തി.

ഭാഷയുടെ പരിമിതി മൂലമോ, ബുദ്ധിസ്‌റ്റ് സന്യാസിമാരുടെ കടുത്ത എതിർപ്പ് മൂലമോ, ഒരു വർഷം മുഴുവൻ ശ്രമിച്ചിട്ടും കുറച്ചു പേരെയാണ് ഫ്രാൻസിസിന് ക്രിസ്ത്യാനികളാക്കാൻ കഴിഞ്ഞത്, പക്ഷേ അവർ ക്രിസ്തുവിശ്വാസത്തിൽ അടിയുറച്ചു നിന്നവരായിരുന്നു. ഫ്രാൻസിസ് തിരിച്ചുപോയി അടുത്ത മിഷനറി ജപ്പാനിൽ എത്തുന്ന വരേയ്ക്കും അവർ തങ്ങളുടെ വിശ്വാസം കെടാതെ സൂക്ഷിച്ചു. 300 വർഷങ്ങൾ കഴിഞ്ഞിട്ടും, കഠിനമായ മതപീഡനങ്ങളിലൂടെ കടന്നു പോയിട്ടും കുറച്ചു മീഷനറിമാർ ജപ്പാൻ തീരത്തെത്തിയപ്പോൾ അവരെ സ്വാഗതം ചെയ്യാൻ ക്രിസ്ത്യാനികളുടേ വലിയ കൂട്ടം അവിടെ ഉണ്ടായിരുന്നു. കുറച്ചു നഗരങ്ങളിലെ കൂടെ സുവിശേഷപ്രവർത്തനങ്ങൾക്ക് ശേഷം മറ്റു വൈദികരെ മിഷൻ ഏൽപ്പിച്ച് ഫ്രാൻസിസ്, ജപ്പാനിലെത്തിയ ഒരു പോർച്ചുഗീസ് കപ്പലിൽ ഇന്ത്യയിലേക്ക് തിരിച്ചുപോയി.

ഫ്രാൻസിസിന്റെ അടുത്ത ലക്ഷ്യം ചൈന ആയിരുന്നു. ജെയിംസ് പെരേര എന്ന് പേരുള്ള ഒരു വ്യാപാരിസുഹൃത്ത് പോർച്ചുഗീസ് അംബാസ്സഡർ ആയി ചൈനയിലേക്ക് പോവുന്നുണ്ടായിരുന്നു. ഫ്രാൻസിസിനെയും കൂടെ കൊണ്ടുപോകാമെന്ന് അയാൾ ഏറ്റു. പക്ഷെ മലാക്കായിൽ നിന്ന് ചൈനയിലേക്കുള്ള പ്രവേശനം ജെയിംസിന് നിഷേധിക്കപ്പെട്ടപ്പോൾ ഫ്രാൻസിസ്, ക്രിസ്റ്റഫർ, ആന്റണി എന്നിവരുടെ കൂടെ 1552 ഓഗസ്റ്റ് അവസാനത്തോടെ സാൻ ചിയാൻ ദ്വീപിൽ എത്തി. കുറേ കിലോമീറ്ററുകൾക്കപ്പുറം ചൈനയുടെ കാന്റൺ തുറമുഖം ഫ്രാൻസിസിന് മുൻപിൽ കിടന്നു. പക്ഷെ ചൈനയിലേക്ക് എത്തിപ്പെടാൻ മാർഗ്ഗമുണ്ടായില്ല.

സാൻ ചിയാൻ തരിശായ ദ്വീപായിരുന്നു. കാന്റൺ തുറമുഖം വഴി കള്ളക്കടത്ത് നടത്തികൊണ്ടിരുന്ന കുറച്ചു പോർച്ചുഗീസ് വ്യാപാരികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഫ്രാൻസിസിനെ ചൈനയിലേക്ക് എത്തിക്കുന്ന റിസ്ക് എടുക്കാൻ ആരും തയ്യാറായില്ല. വളരെ ബുദ്ധിമുട്ടി ഒരു ചൈനീസ് വ്യാപാരിയെക്കൊണ്ട് ഫ്രാൻസിസ് സമ്മതിപ്പിച്ചു, അയാൾ വലിയ ഒരു തുക പ്രതിഫലമായി ചോദിച്ചെങ്കിൽ കൂടിയും. പക്ഷേ വാക്ക് പറഞ്ഞിരുന്ന അയാൾ വന്നതേയില്ല. രണ്ടുമാസം കാത്തിരുന്ന ഫ്രാൻസിസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. പനി കഠിനമായി ബാധിച്ച അദ്ദേഹം ഒന്നിനും സാധിക്കാതെ കുടിലിൽ കിടന്നു. ആ തീരപ്രദേശത്തെ കുടിലിന്റെ വാതിൽക്കൽ നിസ്സഹായനായി കിടക്കുമ്പോൾ അങ്ങകലെ ചൈന അവിടത്തെ ലക്ഷക്കണക്കിന് നിവാസികളുമായി തന്നെ വിളിക്കുന്നത് ഫ്രാൻസിസ് കണ്ടു. ദൈവത്തിൽ തന്റെ ആഗ്രഹങ്ങൾ സമർപ്പിച്ച് അവന്റെ ഹിതത്തിന് ഫ്രാൻസിസ് കീഴടങ്ങി.

അവസാനം അടുത്തിരുന്നു. 1552 ഡിസംബർ 3 ന് ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ നാഥന്റെ അരികിലേക്ക് ഫ്രാൻസിസ് യാത്രയായി, “അങ്ങയിലാണ് കർത്താവേ ഞാൻ ശരണപ്പെടുന്നത്. എന്നെ ഒരിക്കലും വിട്ടുകളയരുതേ “.

അടുത്ത ദിവസം അദ്ദേഹത്തിന്റെ ശരീരം ആദ്യം മലാക്കയിലേക്കും അവിടെ നിന്ന് ഗോവയിൽ, ഇന്ന് കാണുന്നപോലെ ബോം ജേസ ( Good Jesus) ദേവാലയത്തിലേക്ക് കൊണ്ടുപോയി.കൈമുട്ട് മുതൽ കൈ മുറിച്ചെടുത്തു റോമിലേക്ക് കൊണ്ടുപോയി പൊതുദർശനത്തിന് വെച്ചിട്ടുണ്ട് . 1622ൽ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം ഫ്രാൻസിസ് സേവ്യറും വിശുദ്ധപദവിയിലെക്കുയർന്നു.

‘ഇൻഡീസിന്റെ അപ്പസ്തോലൻ,’ജപ്പാന്റെ അപ്പസ്തോലൻ’ എന്ന വിശേഷണങ്ങളുള്ള വിശുദ്ധനെക്കുറിച്ച് സർ വാൾട്ടർ സ്ക്കോട്ട് പറഞ്ഞത് , ‘ഒരു രക്തസാക്ഷിയുടേതായ ധൈര്യവും ക്ഷമയും, നല്ല വിവേകം, ദൃഡനിശ്ചയം,, സരസമായ സംസാരം, താൽക്കാലികദൂതിന് പോയവരിൽ വെച്ച് ഏറ്റവും നല്ല മധ്യസ്ഥൻ ‘ എന്നൊക്കെയാണ്. ആയിരിക്കുന്ന അവസ്ഥകളിൽ സുവിശേഷപ്രഘോഷണത്തിന് വിളിയുള്ള നമ്മൾക്ക്, ലോകസുഖങ്ങളെ ഉപേക്ഷിച്ച്, അനേകം ആത്മാക്കളെ ക്രിസ്തുവിനായി നേടിയ അവന്റെ ഈ വിശ്വസ്തനായ പടയാളി ഉത്തമമാതൃകയാണ്.

ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ ഡിസംബർ 3ന് ആണ്.

ജിൽസ ജോയ് ✍️

Yes, everything else is worthless when compared with the infinite value of knowing Christ Jesus my Lord. For his sake I have discarded everything else, counting it all as garbage, so that I could gain Christ Philippians 3: 8

നിങ്ങൾ വിട്ടുപോയത്