“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്”.
സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി നിന്നുകൊണ്ട് വീറോടെ വാദിച്ചത് സീറോ മലബാർ സഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു. പുരോഹിതരടക്കം എല്ലാ വിഭാഗം വിശ്വാസികളും ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിൻ്റെ ഭാഗമാകേണ്ടി വന്നു എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പിരിമുറുക്കം നിറഞ്ഞു നിന്ന ഏതാനും മാസങ്ങൾക്കൊടുവിൽ, നോമ്പുകാലത്തെ 40-ാം വെളളിയുടെ തലേന്ന് പിതാക്കന്മാർ പുറപ്പെടുവിച്ച സർക്കുലർ അനേകായിരങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ ഫലമായിരുന്നു.
സീറോ മലബാർ സഭയുടെ തലവനും കർദ്ദിനാളുമായ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം. ഈയൊരു നിർണ്ണായക തീരുമാനത്തിലേക്ക് സഭയെ നയിച്ച പരിശുദ്ധാത്മാവിനെ നന്ദിനിറഞ്ഞ ഹൃദയത്തോടെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം സമാധാന ശ്രമങ്ങൾക്കായി മുന്നിട്ടിറങ്ങിയ പുരോഹിതരും അൽമായരുമായ എല്ലാവരേയും “ദൈവപുത്രന്മാ”രെന്നു പദവിയോടെ (മത്തായി 5:9) സ്വർഗ്ഗം പ്രതിഫലം നൽകി മാനിക്കട്ടെ എന്നും ആശംസിക്കുന്നു.
“ഞാൻ എൻ്റെ സഭയെ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്തായി 16:18) എന്ന് ഈശോ മിശിഹാ പ്രഖ്യാപിക്കുന്നത് റോമാ സാമ്രാജ്യത്തിൻ്റെ ശക്തിപ്രഭാവവും യഹൂദൻ്റ ആചാരതീക്ഷണതയും വിജാതീയ മതങ്ങളുടെ കിരാതമതബോധവും പ്രബലപ്പെട്ടു നിന്ന സമൂഹത്തിൽ നിന്നു കൊണ്ടായിരുന്നു. സാത്താൻ സർവ്വശക്തിയോടും കൂടെ സഭയുടെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും വ്യാപനത്തിനും തടസ്സങ്ങൾ സൃഷ്ടിച്ചു. സാമ്രാജ്യങ്ങളും ചക്രവർത്തിമാരും സൈന്യങ്ങളും സാത്താൻ്റെ ചട്ടുകങ്ങളായി നിന്നുകൊണ്ട് സഭയെ തകർത്തു കളയാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും വരണ്ട നിലത്ത് വളർന്നുതുടങ്ങിയ സഭ ലോകത്തെ മുഴുവൻ കീഴടക്കി നിത്യജീവൻ്റെ വാസനകളുടെ ഉറവിടമായി ഇന്നും നിലകൊള്ളുന്നു.
സഭയുടെ വളർച്ച കണ്ട് അത്ഭുതപ്പെടുമ്പോഴും ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്; ബാഹ്യശത്രുവിനു തകർക്കാൻ കഴിയാതിരുന്ന സഭ പലയിടത്തും ദുർബലമായത് ആന്തരിക സംഘർഷങ്ങളാലായിരുന്നു എന്ന യാഥാർത്യം. ഇതിൻ്റെ നൂറുകണക്കിന് ഉദാഹരണങ്ങൾ സഭാ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കും. ഇവിടെയും രസകരമായ ഒരു കാര്യമുണ്ട്, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള സഭാ നേതൃത്വത്തിൻ്റെ തർക്കങ്ങളേക്കാൾ ദൈവശാസ്ത്ര വിഷയങ്ങളിലുള്ള വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു ഈ വിഭാഗീയതകൾക്കെല്ലാം കാരണമായിത്തീർന്നത് എന്നതാണ്.
സാധാരണ വിശ്വാസികൾക്ക് അധികം പങ്കാളിത്തമില്ലാത്ത ഈ മേഖലയിൽ, സഭയിലെ ഉന്നതസ്ഥാനീയർ തമ്മിലായിരുന്നു എക്കാലത്തും പരസ്പരം പോരടിച്ച കക്ഷികൾ. സീറോ മലബാർ സഭയിലെ കുർബാന വിവാദവും പ്രാരംഭത്തിൽ സാധാരണക്കാരുടെ വിഷയമായിരുന്നില്ല. സാധാരണ വിശ്വാസികൾ നിസ്സഹായരായി നോക്കി നിൽക്കുമ്പോൾ പുരോഹിതനേതൃത്വം പോരടിക്കുന്ന കാഴ്ച പരമ ദയനീയമായിരുന്നു. ക്രിസ്തുവിൽ ഏറ്റവും ചെറിയവനെ വിസ്മരിച്ചുകൊണ്ടുള്ള ദൈവശാസ്ത്ര തർക്കങ്ങൾ തെരുവിലേക്കു നീങ്ങുമ്പോൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുകയാണ് തങ്ങളെന്ന് യാഥാർത്ഥും പുരോഹിത വിഭാഗം മറന്നുപോയി. മോഷ്ടിക്കരുത് എന്ന് പഠിപ്പിക്കുകയും അമ്പലം കൊള്ളയടിക്കുകയും ചെയ്യുന്നതിന് തുല്യമാണ് സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കുന്നവർ പരസ്പരം വെല്ലുവിളിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത്. ആത്മീയ വളർച്ച ആത്മീയ പക്വതയിലേക്കുള്ള വളർച്ചയാണ്. കുർബാന വിഷയയത്തിൽ പുരോഹിതരിൽ പലരുടെയും പ്രതികരണങ്ങൾ വളരെ അപക്വമായിരുന്നു എന്ന് പറയാതെ വയ്യ.
“അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും” (യോഹന്നാന് 2:17) എന്ന് എഴുതപ്പെട്ടതു പോലെ സഭയോടുള്ള തങ്ങളുടെ തീക്ഷണതയും സ്നേഹവും പല വിശ്വാസികളെയും കീഴടക്കിയത് കുർബാന വിവാദത്തിൻ്റെ ദിനങ്ങളിലായിരുന്നു. സോഷ്യൽ മീഡിയാ പോസ്റ്റുകളും കമൻ്റുകളുമായി തങ്ങളുടെ സഭാ സ്നേഹം പലരും പ്രകടിപ്പിച്ചുവെങ്കിലും ചിലതെല്ലാം പരിധിവിട്ടതും ക്രൈസ്തവ ധാർമികതയ്ക്ക് നിരക്കാത്തതുമായിരുന്നു. പല കാരണങ്ങളാൽ സഭയിൽ ഭിന്നത രൂപപ്പെടാമെന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നുണ്ട്. ”നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്”(1 കോറിന്തോസ് 11:19) എന്നൊരു തത്വം ബൈബിളിൽ കാണാം. ഈ ആത്മീയതത്വത്തിൻ്റെ അടിസ്ഥാനത്തിൽ, കുർബാന വിവാദത്തിൽ ഇടപെട്ട് ദൈവമുമ്പാകെ അയോഗ്യരായി എന്നു തിരിച്ചറിഞ്ഞവർക്ക് മാനസാന്തരപ്പൊടാനും പാപക്ഷമ യാചിക്കാനും ദൈവാത്മാവുമായി രമ്യതയിലാകുവാനും വലിയവാരത്തിലെ പാപപരിഹാര ദിനങ്ങളെ നമുക്ക് സമീപിക്കാം. സഭാവിരുദ്ധ ശക്തികൾ സഭയ്ക്കു ചുറ്റിലും തമ്പടിച്ചിരിക്കുന്ന ഇക്കാലത്ത് ആത്മാവിൻ്റെ ആയുധവർഗ്ഗം ധരിച്ചു കൊണ്ട് നമുക്ക് ഒരുമയോടെ മുന്നേറാം.
മനുഷ്യചരിത്രത്തിലേക്ക് ദൈവസ്നേഹം മനുഷാകാരംപൂണ്ട് ഇറങ്ങി വരികയും പീഡാസഹനങ്ങളിലൂടെയും മരണത്തിലൂടെയും ഈ സ്നേഹത്തിൻ്റെ ആഴം മനുഷ്യവംശത്തിന് നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്ന അതിവിശുദ്ധ സ്ഥലമാണ് മദ്ബഹ. മദ്ബഹയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയെ തർക്കത്തിൻ്റെയും വാഗ്വാദങ്ങളുടെയും ഇടമാക്കി മാറ്റുന്ന യാതൊന്നും ഇനി സീറോ മലബാർ സഭയിൽ സംഭവിച്ചുകൂട. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് (എഫേ 4:30) എന്ന തിരുവചനത്തെ അതിലംഘിക്കാൻ സാധ്യതയുള്ള യാതൊരു പരിഷ്കാരവും നമുക്കു വേണ്ട. സീറോ മലബാർ സഭയെ ദൈവം ഏൽപ്പിച്ചിരിക്കുന്ന പാരമ്പര്യങ്ങളുടെയും വിശ്വാസ സംവർദ്ധകമായ അനുഷ്ഠാനങ്ങളുടെയും സൂക്ഷിപ്പുകാരാണ് നമ്മൾ ഓരോരുത്തരും. ഈ വസ്തുത വിസ്മരിക്കാൻ നമുക്ക് ഇടയാകാതിരിക്കട്ടെ! വരുന്ന തലമുറയിലേക്ക് ഈ ബോധ്യങ്ങൾ പകർന്നു കൊടുത്തുകൊണ്ട് യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന”(ഫിലിപ്പി 3 :14) തീർത്ഥാടകരായി നമുക്ക് യാത്ര തുടരാം.
മാത്യൂ ചെമ്പുകണ്ടത്തിൽ