ശൂന്യതയിൽനിന്ന് വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ സിദ്ധിയുള്ളവരാണ് ചില ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ. കഴുകൻ കണ്ണുകളുമായി മാലിന്യം തേടിനടക്കുന്ന അക്കൂട്ടർ വീണുകിട്ടുന്ന എന്തിനെയും വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ മടികാണിക്കാത്തവരാണ്. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിയും പ്രവാസിയുമായ വിൻസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ”പ്രവാസി ശബ്ദം” എന്ന ഓൺലൈൻ പോർട്ടലും ”കർമ്മ ന്യൂസ്” എന്ന യൂട്യൂബ് ചാനലും ലോകത്തിലേക്കും വച്ച് ഏറ്റവും അധമമായ ഇത്തരം മാധ്യമ സംസ്കാരത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും എത്രമാത്രം മോശമായി ചിത്രീകരിക്കാമോ അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ചരിത്രമാണ് ആരംഭം മുതൽ വിൻസിനും കൂട്ടാളികൾക്കും ഉള്ളത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്വകാര്യമായ ഒരു പ്രാർത്ഥനാ വേളയിൽ സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ദൃശ്യമാണ് ഏറ്റവും ഒടുവിൽ കർമ്മയെ നടുക്കിയിരിക്കുന്നത്. കർദ്ദിനാൾ മുട്ടുകുത്തിയിരിക്കുന്നതും, ഒരു വൈദികൻ ഉൾപ്പെടെ ചുറ്റും നിൽക്കുന്ന ചിലർ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതും, കർദ്ദിനാളിനൊപ്പം അവരും മുട്ടുകുത്തുന്നതും മറ്റുമാണ് ദൃശ്യത്തിലുള്ളത്. മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് “മന്ത്രവാദികളാണ്” എന്നാണ് കർമ്മയുടെ കണ്ടുപിടുത്തം. അത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നും പറഞ്ഞുവയ്ക്കുന്നു.

ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചോ കത്തോലിക്കാ സഭയെക്കുറിച്ചോ അൽപ്പമെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു നടുക്കമോ, ഇത്രമാത്രം വികലമായ ചിന്തകളോ ഉണ്ടാവുകയില്ലായിരുന്നു എന്ന് നിശ്ചയം. മാർപ്പാപ്പ മുതൽ സാധാരണ വിശ്വാസികൾ വരെ എല്ലാവരും പരസ്പരം പ്രാർത്ഥന സഹായം ചോദിക്കുന്നവരും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുമാണ്. പരസ്പരം പ്രാർത്ഥിക്കുന്ന പതിവ് ക്രിസ്തുവിൽനിന്നും ശിഷ്യന്മാരിൽനിന്നും ആരംഭിച്ചതും കത്തോലിക്കാ സഭയിൽ എക്കാലവും തുടർന്നുപോകുന്നതുമാണ്.

കാര്യങ്ങൾ ഇപ്രകാരമായിരിക്കെ അത്തരമൊരു വീഡിയോയ്ക്ക് ദുർവ്യാഖ്യാനം നൽകി സഭയുടെയും വിശ്വാസികളുടെയും അഭിമാനത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ച നടപടി അത്യന്തം തരംതാഴ്ന്നതും ശിക്ഷാർഹമായ കുറ്റകൃത്യവുമാണ്. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു കാര്യത്തെ വ്യാജപ്രചരണം മാത്രം ലക്ഷ്യമാക്കി വാസ്തവവിരുദ്ധമായ പലതും കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുന്നതിന് പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങൾ ചിലതുണ്ടായിരിക്കാം.

അത്തരമൊരു പ്രാർത്ഥനാ സമയമാണ് വീഡിയോയുടെ ഉള്ളടക്കമെങ്കിലും, ആ വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നതായി പറയുന്ന ചില വ്യക്തികളെയും അവരുടെ ചിത്രങ്ങൾ ദുരുപയോഗിച്ച് അവഹേളിക്കുന്നുണ്ട്. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ ഒരു നിയമം പ്രാബല്യത്തിൽ ഇല്ല എന്നുള്ള ധൈര്യമായിരിക്കാം ഇത്തരത്തിൽ അധർമ്മികളും മാധ്യമലോകത്തിന് തീരാത്ത കളങ്കവുമായ ആ വ്യക്തികൾക്കുള്ളത്.

യാതൊരുവിധത്തിലും ചർച്ച ചെയ്യപ്പെടേണ്ടതില്ലാത്ത ഇത്തരം വിഷയങ്ങൾ സമൂഹമാധ്യമങ്ങളിൽ അനാവശ്യമാം വിധം പ്രചരിക്കുന്നു എന്നത് മാത്രമല്ല, ശത്രുതാപരമായ രീതിയിൽ ഇത്തരം വ്യാജ റിപ്പോർട്ടുകൾ ദുരുപയോഗിക്കപ്പെടുന്നു എന്നുള്ളതും ഗൗരവമേറിയ കാര്യമാണ്. സമാന്തരമായി നടക്കുന്ന ചില ചർച്ചകൾക്കിടയിൽ വ്യക്തിഹത്യക്ക് ഇതുപോലുള്ള വീഡിയോകൾ ഉപയോഗിക്കുന്ന പ്രവണതയും അപലപനീയമാണ്. ഒരുപക്ഷെ അതുതന്നെയാകാം, ഇത്തരം പഴയ സംഭവങ്ങൾക്ക് പുതിയ ഭാഷ്യം നൽകി പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്‌ഷ്യം.

ഒരു ക്രിസ്ത്യൻ നാമധാരിയുടെ ഉടമസ്ഥതയിലാണ് ഉള്ളതെങ്കിലും കടുത്ത ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കാനും, സഭാനേതൃത്വത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പടർത്തുവാനും മുൻപന്തിയിലാണ് ”കർമ്മ ന്യൂസും പ്രവാസി ശബ്ദ”വും എന്നുള്ളത് വളരെ വ്യക്തമാണ്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമ – സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. –

The Vigilant Catholic

നിങ്ങൾ വിട്ടുപോയത്