” Memento Domini “

ഈ വാക്ക് പൊതുവിൽ എല്ലാവർക്കും ഒരുപക്ഷേ അത്ര പരിചിതമായിരിക്കില്ല. നീറോയുടെ ഭടന്മാർ തന്റെ കൂടെയുള്ളവരെ വധശിക്ഷക്കായി കൊണ്ടുപോകുമ്പോൾ പത്രോസ് അവരോട് വിളിച്ചുപറഞ്ഞ ഒരൊറ്റ കാര്യമാണ് ഇത്. Memento Domini – അതായത് , “കർത്താവിനെ ഓർക്കുക “.

ജീവിതത്തിൽ പലപ്പോഴും വിശുദ്ധ പത്രോസിനെ പോലെ കർത്താവിനെ മറന്നു കളഞ്ഞവരാണ് നാം. വിശുദ്ധ പത്രോസ് പിന്നീട് തൻറെ ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും വെല്ലുവിളികൾക്ക് നടുവിലും കർത്താവിനെ ഓർത്തുവെങ്കിലും എല്ലാവർക്കും അതുപോലെ കഴിയണമെന്നില്ല.

എന്നാൽ നടപ്പിലും വാക്കിലും പ്രകൃതത്തിലും കർത്താവിനെ ഓർമിപ്പിക്കുന്ന ഒരു മനുഷ്യനാണ് വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ഡോ. ആൻറണി വാലുങ്കൽ . ഫുൾട്ടൻ ജെ ഷീൻ വൈദികരെ കുറിച്ച് എഴുതിയ ഒരു പുസ്തകത്തിൻറെ തലക്കെട്ട് ഇങ്ങനെയാണ് – Priest is not his own. താൻ തന്നെ തനിക്കുവേണ്ടിയല്ല എന്ന പ്രകൃതം നിയുക്ത സഹായമെത്രാനിൽ പലപ്പോഴും കാണാനാകും. ചെറുപ്പകാലങ്ങളിൽ മൈനർ സെമിനാരിയിൽ ചുമതലകൾ വഹിച്ചിരുന്ന കാലഘട്ടം മുതൽ അദ്ദേഹത്തെ അറിയാം. പാണ്ഡിത്യം കൊണ്ടും വിശ്വാസം കൊണ്ടും അതിലേറെ വിനയം കൊണ്ടും സൗമ്യനായി നടന്നു നീങ്ങുന്ന ഒരു വൈദികൻ. അദ്ദേഹം കേരളത്തിലെ തലയെടുപ്പുള്ള ഒരു അതിരൂപതയുടെ സഹായമെത്രാനായി ചുമതലയി യേൽക്കുമ്പോൾ അഭിമാനമാണ് ഈ സഭയിലെ ഓരോ അംഗത്തിനും.

2004 ൽ പൊന്തിഫിക്കൽ കൗൺസിൽ പ്രസിദ്ധീകരിച്ച Compendium of the Social Doctrine സ്പഷ്ടമാക്കുന്നത്, സാമൂഹിക മേഖല സഭയുടെ നിയന്ത്രണത്തിൽ അല്ല; പക്ഷേ ഈ മേഖലയിൽ പ്രവർത്തിക്കാൻ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട് എന്നാണ്. സഭയ്ക്ക് അല്മായരെ ഒരുക്കാൻ കടമയുണ്ട്. കുടുംബം, സംസ്കാരം, തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം സമസ്ത മേഖലകളിലും അൽമായരാലൂടെ സഭ പ്രവർത്തിക്കുന്നതിന് ആവശ്യമായ പ്രോത്സാഹനവും മുന്നൊരുക്കങ്ങളും നടത്താൻ നല്ല ഇടയന്മാർക്ക് കഴിയും.

വരാപ്പുഴ അതിരൂപതയുടെ നല്ല ഇടയൻ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനൊപ്പം സമകാലിക യാഥാർത്ഥ്യങ്ങളോട് ക്രൈസ്തവികമായി, സൗമ്യമായി, പ്രതികരിക്കാൻ, സഹായിക്കാൻ മറ്റൊരു നല്ല ഇടയൻ കൂടി ജന്മമെടുക്കുകയാണ്.

പ്രാർത്ഥനാശംസകൾ.

അഡ്വ.ഷെറി ജെ തോമസ്

നിങ്ങൾ വിട്ടുപോയത്