ഉദയംപേരൂർ സൂനഹദോസിന്റെ 425 വാർഷിക ആഘോഷങ്ങൾ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിക്കും. 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസ് കേരളത്തിൻ്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങൾക്കും നീതികേടുകൾക്കും എതിരെ ഉയർന്ന ആദ്യത്തെ ശബ്ദ വിപ്ലവമായിരുന്നു ഉദയംപേരൂർ സൂനഹദോസ് .
കെആർഎൽസിസി ഹെറിറ്റേജ് കമ്മീഷൻ വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയാണ് വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത് ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും.
ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന ശില്പശാലയിൽ കേരള നവോത്ഥാന സമാരംഭം എന്ന വിഷയത്തിൽ ചരിത്രകാരനായ ഡോ. കുര്യാസ് കുമ്പളക്കുഴി, മലയാള ഭാഷയിലെ സുദീർഘവും സമ്പൂർണ്ണവുമായ പ്രഥമ ഗദ്യരചന എന്ന വിഷയത്തിൽ കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, ഉദയംപേരൂർ സൂനഹദോസിൻ്റെ കാലാതിവർത്തിയായ പ്രസക്തി എന്ന വിഷയത്തിൽ ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മോഡറേറ്റർ ആയിരിക്കും. കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് സ്വാഗതം ആശംസിക്കും.
തുടർന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി രചിച്ച “ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ (1599) ആധുനിക മലയാള ഭാഷാന്തരണം” എന്ന ഗ്രന്ഥം ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജസ്റ്റീസ് (റിട്ട) മേരി ജോസഫിനു നൽകി പ്രകാശനം ചെയ്യും. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പുസ്തകം പരിചയപ്പെടുത്തും. ഹെരിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ആൻറണി പാട്ടപ്പറമ്പിൽ, ഡോ. പ്രീമൂസ് പെരിഞ്ചേരി എന്നിവർ പ്രസംഗിക്കും.