വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ്‌ രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ് സംഘടനയായ ‘ലൈഫ് നെറ്റ്‌വര്‍ക്ക് ഫൗണ്ടേഷന്‍’ ഇക്കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പ്രോലൈഫ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

“ഭ്രൂണഹത്യ മാള്‍ട്ടാക്ക് പുറത്ത്”, “ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക” എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളും, ഭ്രൂണഹത്യയോട് ‘നോ’, ജീവിതത്തോട് “യെസ്” എന്ന മുദ്രാവാക്യവും മുഴക്കിയാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.


യൂറോപ്യന്‍ യൂണിയനില്‍ എല്ലാ സാഹചര്യങ്ങളിലുമുള്ള ഭ്രൂണഹത്യ നിരോധിച്ചിട്ടുള്ള ഏക രാജ്യമാണ് മാള്‍ട്ട. “വൈദ്യപരമായ സങ്കീര്‍ണ്ണതകള്‍ ഉള്ള സാഹചര്യത്തില്‍ നിയമപരമായ അബോര്‍ഷന്‍ അനുവദിക്കണം” എന്ന് നിര്‍ദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച ആദ്യമാണ് മാള്‍ട്ടീസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 4ന് ഭ്രൂണാവസ്ഥയിലുള്ള ഒരു ശിശുവിന്റെ വലിയ ചിത്രം മാള്‍ട്ടീസ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരിന്നു. കുരുന്നു ജീവനുകളുടെ അന്തസ്സിനെ ബഹുമാനിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂണ, മെത്രാന്മാരായ ആന്റോണ്‍ ടെയൂമ, ജോസഫ് ഗാലിയ കുര്‍മി എന്നിവര്‍ നിയമസാമാജികര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഉദരത്തിലുള്ള കുഞ്ഞിന്റെ അന്തസ്സിനോടുള്ള ബഹുമാനം നിഷേധിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഓരോ മനുഷ്യജീവിയുടെയും അന്തസ്സിനോടുള്ള ബഹുമാനത്തിന്റെ അടിത്തറ തകരുകയാണെന്നു കത്തില്‍ പറയുന്നു. ബില്ലിലെ ‘ആരോഗ്യം’ എന്ന പദം പ്രശ്നമാണെന്നും അമ്മയുടെ ജീവന് ഭീഷണിയില്ലാത്ത സാഹചര്യങ്ങളില്‍ പോലും കുരുന്നു ജീവനുകളെ ഭ്രൂണഹത്യയിലൂടെ ഇല്ലാതാക്കുവാന്‍ ഇത് കാരണമാകുമെന്നും ഡോക്ടര്‍മാര്‍, വിദഗ്ദര്‍, പ്രോലൈഫ് നേതാക്കള്‍ തുടങ്ങിയവരുടെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉദരത്തിലുള്ള കുഞ്ഞിനെ രക്ഷിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഇപ്പോഴത്തെ നിയമം ഡോക്ടര്‍മാരെ അനുവദിക്കുന്നതിനാല്‍ ഈ ബില്‍ അനാവശ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. ഡിസംബര്‍ 19-നാണ് ബില്ലിന്‍മേലുള്ള അവസാന വോട്ടെടുപ്പ്.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്