ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറിലെ ഖുബാപൂരിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസുകാരനായ ഒരു ചെറുബാലനെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനം കടന്നുവരുന്നത്.

അധ്യാപിക കസേരയിലിരുന്ന് നിര്‍ദ്ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘എന്താണിത്ര പതുക്കെ തല്ലുന്നത്, ശക്തിയായി അടിക്കൂ’ എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു.

ബോധപൂര്‍വമുള്ള മര്‍ദ്ദനം (323), മന:പ്പൂര്‍വമായ അപമാനം (504) എന്നീ വകുപ്പുകള്‍ ചുമത്തി അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗൃഹപാഠം ചെയ്തില്ലെന്ന ‘ഭീകരകുറ്റ’ത്തിനാണ് രാജ്യം തലകുനിച്ചുപോയ ഈ ശിക്ഷ നടപ്പാക്കിയത്. രാജ്യത്തിന്റെ യശസ്സിനു കളങ്കമുണ്ടാക്കിയ ഈ ക്രൂരതയില്‍ തനിക്ക് ലജ്ജയില്ലെന്നായിരുന്നു അധ്യാപിക തൃപ്ത ത്യാഗിയുടെ ആദ്യപ്രതികരണം.

‘നിയമമൊക്കെയുണ്ടാകും, പക്ഷെ സ്‌കൂളില്‍ കുട്ടികളെ നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത്.’ അവര്‍ പറഞ്ഞു. പിന്നീടവര്‍ തെറ്റ് പറ്റിയെന്ന്, കൂപ്പുകൈകളോടെ അംഗീകരിക്കുന്നുവെന്ന വീഡിയോ സന്ദേശം പുറത്തിറക്കി.

മതവിവേചനം കാട്ടിയില്ല. പഠിക്കാന്‍ വേണ്ടിയാണ് തല്ലിയത്. ഭിന്നശേഷിക്കാരിയായതിനാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്തതിനാലാണ് കുട്ടികളെക്കൊണ്ട് തല്ലിച്ചത് എന്നവര്‍ വിശദീകരിച്ചു. തെറ്റിന്റെ ആഴം അവര്‍ക്കിപ്പോഴും ബോധ്യമായിട്ടില്ല. ഒരു കുഞ്ഞിനെ മാത്രമല്ല സ്‌നേഹവും സാഹോദര്യവും വളരേണ്ട മനസ്സുകളില്‍ വെറുപ്പിന്റെ വിത്തുപാകിക്കൊണ്ട് തന്റെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയുമാണ് തൃപ്ത ത്യാഗിയെന്ന അധ്യാപിക അധിക്ഷേപിച്ചത്.

തല്ല് കൊണ്ട കുട്ടിയും തല്ലിയ കുട്ടികളും അനുഭവിച്ച മനോവേദന എത്ര വലുതാണ്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ തെറ്റുതിരുത്താനുള്ള നല്ല മാര്‍ഗ്ഗങ്ങള്‍ ഏതെന്ന് തിരിച്ചറിവില്ലാത്ത വര്‍ക്ക് അധ്യാപകരായി തുടരാന്‍ അര്‍ഹതയില്ല. രാജ്യത്തിന്റെ ഭാവിയാണ് അധ്യാപകരുടെ മുന്നിലുള്ളത്. അവരില്‍ വിതയയ്‌ക്കേണ്ടത് വെറുപ്പും വിദ്വേഷവുമല്ല, സ്‌നേഹമാണ്.

വര്‍ഗ്ഗീയതയും വിദ്വേഷവും അലിയിച്ചു കളയുന്ന രീതിയിലാകണം വരും തലമുറയെ പാകപ്പെടുത്താന്‍. അതിന് തുടക്കം കുറിക്കേണ്ടത് സ്‌കൂളുകളും നേതൃത്വം വഹിക്കേണ്ടത് അധ്യാപകരുമാണ്. അതുകൊണ്ടുതന്നെ അധ്യാപകര്‍ തെറ്റുകാരാകാതിരിക്കുക എന്നത് പ്രധാനമാണ്.

കുട്ടികളുടെ മുന്നില്‍ അബദ്ധത്തില്‍പോലും ദുര്‍മാതൃകയായി അധ്യാപകര്‍ പ്രത്യക്ഷപ്പെടരുത്. തെറ്റായ സന്ദേശങ്ങളും അവര്‍ക്ക് നല്‍കരുത്. നനഞ്ഞ സിമന്റിന് സമമാണ് അവരുടെ മനസ്സ്. അവിടെ പതിയുന്ന മുദ്രകള്‍ കാലങ്ങളോളും നിലനില്‍ക്കും. അതിനാല്‍ തന്നെ ഏറ്റവും കരുതലോടെ നിര്‍വഹിക്കേണ്ടതാണ് അധ്യാപനം.

മൂന്ന് പതിറ്റാണ്ടിലേറെ അധ്യാപകനായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു; ‘അധ്യാപനം സ്‌നേഹത്തിന്റെ പ്രകാശനമാകണം. സ്‌നേഹിക്കുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയമാണ് കുട്ടികള്‍ എളുപ്പം ഗ്രഹിക്കുക. ആ വിഷയത്തിനാണ് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുക.’

അധ്യാപനം അഞ്ച് കടമകളുടെ നിറവേറ്റലാണ്.

1.കുട്ടികളെ സ്‌നേഹിക്കുക,

2. കുട്ടികളെ സ്‌നേഹിക്കുക,

3.കുട്ടികളെ സ്‌നേഹിക്കുക,

4. അവരെ പ്രചോദിപ്പിക്കുക,

5.അവരെ പഠിപ്പിക്കുക.

ആദ്യത്തെ മൂന്ന് കടമയും കുട്ടികളെ സ്‌നേഹിക്കുക എന്നു തന്നെയാണ്. അതിനു ശേഷമാണ് പ്രചോദിപ്പിക്കലും പഠിപ്പിക്കലും നടക്കേണ്ടത്. ലഭിക്കുന്ന സ്‌നേഹമാണ് മനുഷ്യനെ ഉത്തമനാക്കുന്നത്. സ്‌നേഹമേറ്റു വളരുന്ന കുട്ടികളാണ് സത്സ്വഭാവികളാവുക. അധ്യാപകന് വേണ്ട പ്രഥമഗുണം സ്‌നേഹവും സഹാനുഭൂതിയുമാണ്.

വിദ്യാഭ്യാസ വിചഷണനും സാമൂഹിക നിരീക്ഷകനുമായ ഡോ. എം.എന്‍. കാരാശ്ശേരി പറയുന്നു; ‘എന്റെ കണക്കില്‍ ഇന്ന് അധ്യാപകര്‍ക്ക് രണ്ട് പണിയേ ഉള്ളൂ. ഒന്ന് കുട്ടികളെ പഠിക്കാന്‍ സഹായിക്കുക. രണ്ട് കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക. ഇപ്പറഞ്ഞ രണ്ട് പണികള്‍ക്കും വിജ്ഞാനത്തേക്കാള്‍ ആവശ്യമുള്ളത് സ്‌നേഹമാണ്. ഗുരുനാഥന്മാരുടെ സ്‌നേഹമാണ് വിദ്യാര്‍ത്ഥികളെുടെ പഠനത്തെ പ്രചോദിപ്പിക്കുന്നതും വ്യക്തിത്വത്തെ ശുദ്ധീകരിക്കുന്നതും’.

കുട്ടികളെ പ്രചോദിപ്പിക്കുക, മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമ മങ്ങാതെ പഠിപ്പിക്കുക, മാര്‍ഗ്ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക. ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.

‘ഗുരുവും ഈശ്വരനും ഒരേസമയം എന്നെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഞാന്‍ ആദ്യം ഗുരുവിനെ വന്ദിക്കും. കാരണം ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.’ കബീര്‍ദാസിന്റെ ഈ വാക്കുകള്‍ അധ്യാപകനത്തിന്റെ മഹത്വത്തിലേക്കും അധ്യാപകന്റെ ജീവിത ലക്ഷ്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു.

ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. അധ്യാപകര്‍ ഈശ്വരതുല്യരാണ്. ഓരോ നിമിഷവും ഈ ചിന്തയില്‍ വ്യാപരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയട്ടെ. അധ്യാപകദിനാശംസകള്‍

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS,

ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600


Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,
9847034600, 8075789768, E-mail: advcharlypaul@gmail.com

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം