കാക്കനാട്: സിറോമലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിറോമലബാർ സോഷ്യൽ ഡവലപ്മെന്റ് നെറ്റ്വർക്ക് (സ്പന്ദൻ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സിസ്റ്റർ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദൽപൂർ രൂപത), അത്മായ വിഭാഗത്തിൽ പി.യു. തോമസ്, നവജീവൻ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശ്ശേരി അതിരൂപത) എന്നിവർ അർഹരായി. അരലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സിറോമലബാർ സിനഡിനോടനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 24നു നടക്കുന്ന ചടങ്ങിൽ വച്ച് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് സമർപ്പിക്കും; സ്പന്ദൻ ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും; സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ ചടങ്ങിൽ സ്വാഗതം ആശംസിക്കും.
ഫാ. ജോസഫ് ചിറ്റൂർ: വയനാട് ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സാമൂഹ്യ ആരോഗ്യ പരിപാലന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ഫാ. ജോസഫ് ചിറ്റൂർ സ്പെഷ്യൽ എഡ്യൂക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്; ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.സിസ്റ്റർ ലിസെറ്റ്: ജഗ്ദൽപൂർ രൂപതയിൽ ഛത്തീസ്ഗഢിലെ ബസ്ത്താർ ജില്ലയിലുള്ള ഗാംഗലൂർ ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ പതിനായിരത്തിൽപ്പരം കുട്ടികളുടേയും വിദ്യാഭ്യാസം മുടങ്ങിയ യുവജനങ്ങളുടെയുമിടയിൽ തന്റെപ്രേഷിത പ്രവർത്തനം നടത്തുന്ന ബഹു. സിസ്റ്റർ ലിസെറ്റ് സാമൂഹ്യ ശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്; ദീൻബന്ധു സമാജ് സഭാംഗമാണ്.

പി.യു. തോമസ്: അനാഥരും ആലംബഹീനരുമായവരുടെ പുനഃരധിവാസത്തിനും പരിരക്ഷയ്ക്കുമായി 1991ൽ സ്ഥാപിതമായ നവജീവൻ ട്രസ്റ്റിന്റെ സ്ഥാപകനും മുഖ്യ പ്രവർത്തകനുമായ പി.യു. തോമസ് തന്റെ പതിനേഴാമത്തെ വയസ്സുമുതൽ പരാശ്രയമില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം നല്കി വരുന്നു. ഇപ്പോൾ ദിവസേന അയ്യായിരത്തിലേറെ പേർക്ക് സൗജന്യമായി ഭക്ഷണം നല്കന്നു. ദേശീയവും അന്തർദേശീയവുമായ 250ൽ പരം പുരസ്കാരങ്ങൾ നേടിയിട്ടുള്ള പി.യു. തോമസ്, 2016ൽ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും ബേനെ മെരേന്തി ആദരവിന് അർഹനായിട്ടുണ്ട്.

ഫാ. ആന്റണി വടക്കേക്കര വി. സി.
സെക്രട്ടറി, മീഡിയ കമ്മീഷൻ ആഗസ്റ്റ് 19, 2022.

