കൊച്ചി: സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നതു പ്രതിബദ്ധതയുടെ അല്മായവ്യക്തിത്വമാണെന്നു കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും അഡ്വ. വിതയത്തില്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലങ്ങളാണ്. തന്റെ ബോധ്യങ്ങളും ആദര്‍ശങ്ങളും മുറുകെപ്പിടിച്ചപ്പോഴും ആരെയും അവഗണിക്കാതെ അനുകരണീയമായ ജീവിതശൈലി രൂപപ്പെടുത്തിയ അഡ്വ. ജോസ് വിതയത്തില്‍ കേരള ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കര്‍ദിനാള്‍ പറഞ്ഞു.