രാമനാഥപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടത്തി
കോയമ്പത്തൂർ: രാമനാഥപുരം രൂപത അഞ്ചാം പാസ്റ്ററൽ കൗൺസിൽ പത്താം സമ്മേളനം സാന്തോം പാസ്റ്ററൽ സെന്ററിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത ചാൻസലർ ഫാ.ജിയോ കുന്നത്തുപറമ്പിൽ സ്വാഗതമാശംസിച്ചു.കഴിഞ്ഞ സമ്മേളന റിപ്പോർട്ട് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ.സിറിയക് ചൂരവടി അവതരിപ്പിച്ചു. തുടർന്ന് ‘അല്മായ ശക്തീകരണം സഭാ പ്രബോധങ്ങളിൽ: സാദ്ധ്യതകളും തടസ്സങ്ങളും’ എന്ന വിഷയത്തിൽ സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറി ശ്രീ.ടോണി ചിറ്റിലപ്പള്ളി വിഷയാവതരണം നടത്തി.
ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിൽ സഭയിലെ പ്രവർത്തനങ്ങളിൽ അല്മായർക്കുണ്ടായിരുന്ന പങ്കാളിത്തം,സഭാ ശ്രൂഷകളിലെ ഭാഗഭാഗിത്വം , പ്രേഷിത ദൗത്യം തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണങ്ങൾ നല്കുകയും സിനഡാത്മക സഭയിലേക്ക് സഭാപിതാക്കന്മാരോടൊപ്പം അല്മായ സന്യസ്ത,വൈദികരുടെ ഒരുമിച്ചുള്ള യാത്ര യ്ക്കു വേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ ആഗ്രഹം എല്ലാവരും ഉൾക്കൊള്ളണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.ഈ വിഷയത്തിലെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
ഈ വിഷയത്തിൽ രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ചർച്ചകളുടെ സംക്ഷിപ്ത റിപ്പോർട്ട് അജണ്ഡാകമ്മറ്റിയംഗങ്ങളായ ശ്രീ.എം എ ജയിംസ് ശ്രീമതി ഗീതാ എ ജെ എന്നിവർ അവതരിപ്പിച്ചു.പുതുതായി രൂപീകരിച്ച സിഎംസി ജയ് റാണി പ്രൊവിൻസ് പ്രൊവിൻഷ്യാൾ സിസ്റ്റർ ശാലിനി സിഎംസി, ഹോളി ഫാമിലി ആരോഗ്യ മാതാ വൈസ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ സി.റൂബി സിഎച്ച്എഫ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കഴിഞ്ഞ ഏഴു വർഷക്കാലം രൂപതയുടെ ചാൻസലറും പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയുമായിരുന്ന ഫാ.തോമസ് കാവുങ്കലിനും, രൂപതയിലെ സേവനം പൂർത്തിയാക്കി തങ്ങളുടെ മാതൃരൂപതയിലേക്കും സന്യാസഭവനങ്ങളിലേക്കും തിരിച്ചു പോയ വൈദിക സന്യസ്ത ർക്ക് സമ്മേളനം നന്ദി അറിയിക്കുകയും പുതിയ ചാൻസലറും ജനറൽ സെക്രട്ടറിയുമായ ഫാ.ഡോ.ജിയോ കുന്നത്ത്പറമ്പിലിനും,നവ വൈദികൻ ഫാ.സാജൻ തറയിൽ, രൂപതയിൽ സേവനത്തിനായി പുതുതായി എത്തിയ വൈദിക സന്യസ്ത രെയും സമ്മേളനം സ്വാഗതം ചെയ്തു.പാസ്റ്ററൽ കൗൺസിൽ ജോ.സെക്രട്ടറി ഡോ.ലൗലി ദിവ്യാമോൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.