കഴിഞ്ഞ ആഴ്ചയിലെ അനന്തപുരി പംക്തി വായിച്ച ഒരു കന്യാസ്ത്രീ ദ്വിജനെ വിളിച്ചു.
സാറിന്റെ കുറിപ്പ് വായിച്ചു, പക്ഷേ സാറെ എന്നോടു കോടതിയിലെ വലിയ ഒരാൾ പറഞ്ഞത് അഭയാകേസിൽ മറിച്ചൊന്നും പറയല്ലേ എന്നാണ്. വല്ലാതെ നാറുമത്രേ. അഭയാകേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഫാ. കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും കുറിച്ച് ഒന്നും മിണ്ടല്ലേ എന്നു നല്ല ഉദ്ദേശ്യത്തോടെ ഉപദേശിച്ച ഒരു നല്ല ഓഫീസറെക്കുറിച്ചാണ് ആ സിസ്റ്റർ പറഞ്ഞത്.
കോടതി വിധിയെക്കുറിച്ചു വ്യത്യസ്തമായി പറയേണ്ടത് ഉയർന്ന കോടതികളാണ്. വൈദികനെയും സിസ്റ്ററെയും കുറ്റക്കാരെന്ന് വിധിച്ച പ്രത്യേക കോടതിയുടെ മുകളിലുള്ള ഹൈക്കോടതി ഈ കേസിനെക്കുറിച്ചും സിബിഐയെക്കുറിച്ചും പുറപ്പെടുവിച്ച ഒരു വിധിന്യായമുണ്ട്. അതു വായിക്കണം. അതിൽ ആ ജഡ്ജി എത്തിച്ചേർന്ന നിഗമനങ്ങൾ വായിക്കണം. അപ്പോൾ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളോ എന്നു മനസിലാകും. ആ വിധി വന്നത് ഒരു ജനുവരി ഒന്നിനാണ്. 2009 ജനുവരി ഒന്നിന്. ജസ്റ്റീസ് ഹേമയുടെ വിധിയാണോ? ആ സിസ്റ്റർ ചോദിച്ചു. അതേ. അതു കേട്ടപ്പോൾ അവർ നിശബ്ദയായി.
ദ്വിജൻ ഇന്നും കോടതിയെ വിശ്വസിക്കുന്നു. വിധി പറയുന്ന ജഡ്ജിയുടെ നീതിബോധത്തെ ആദരിക്കുന്നു. അതുകൊണ്ടുതന്നെ ജസ്റ്റീസ് ഹേമയുടെ ചിന്തകൾ ഒരിക്കൽക്കൂടി അനുസ്മരിക്കുന്നു.
ജസ്റ്റീസ് ഹേമയുടെ വിധി
അഭയാകേസിൽ സിബിഐ അറസ്റ്റ് ചെയ്തവർക്കു ജാമ്യം അനുവദിച്ചുകൊണ്ട് 2009 ജനുവരി ഒന്നിന് ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിൽ സത്യം പറയാൻ ആഗ്രഹിക്കുന്ന ജഡ്ജിമാരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന ഡമോക്ലിസിന്റെ വാളിനെക്കുറിച്ചു പറയുന്നിടത്തുനിന്നു തുടങ്ങാം. 94 -മത് ഖണ്ഡികയിൽ ജഡ്ജി പറയുന്നു: കാര്യങ്ങൾ ഒന്നും അന്വേഷിക്കാതെ മാധ്യമങ്ങൾ നേരത്തേ തന്നെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. സത്യം എന്തെന്ന് അറിയിക്കാതെ പൊതുജനങ്ങളെയും അവർ വശീകരിച്ചു കൂടെയാക്കി. മാധ്യമങ്ങളും പൊതുജനങ്ങളും ചേർന്നു പുറപ്പെടുവിച്ച വിധിക്കെതിരേ പറയുന്ന ജഡ്ജിയുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്നത് മാനഹാനിയുടെ ഡമോക്ലിസിന്റെ വാളാണ്.
പല കുറ്റാന്വേഷകരും നിരവധി പോലീസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും “സഭ’യും “മഠ’വും ജീവിക്കുന്നവരും മരിച്ചവരുമായ പലരും വെള്ളത്തിലാണ്. ചില സാക്ഷികളുടെ മരണത്തിനു ശേഷവും മാധ്യമങ്ങളും പൊതുജനവും ആരോപണങ്ങളുമായി അവരെ വേട്ടയാടുകയാണ്. സത്യം മനസിലാക്കാതെ നിലവിളിക്കുന്ന ജനത്തെ നോക്കി ജസ്റ്റീസ് ഹേമ എഴുതി: പിതാവേ അവരോടു ക്ഷമിക്കണമെ. അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല. എന്നാൽ, കഠിനമായ ലോഹം കൊണ്ട് നിർമിക്കപ്പെട്ടവരാണു ജഡ്ജിമാർ. നാളത്തെ മാധ്യമങ്ങളുടെ തലക്കെട്ടുകളുടെ ചൂടിൽ അവർ ഉരുകുകയില്ല. മെഴുകുതിരി പോലെ എരിയുകയും ഇല്ല. റിക്കാർഡുകളിൽ ഉള്ള വിവരങ്ങൾ വച്ചു മാത്രമാണ് അവർ പ്രവർത്തിക്കുക. ആകാശം വീണാലും നീതി നടപ്പാകും. ജസ്റ്റീസ് ഹേമയുടെ വാക്കുകൾ നിറവേറട്ടെ എന്നു പ്രാർഥിക്കാം.
മാധ്യമ വേട്ട
പലപ്പോഴും വേട്ടനായോടൊപ്പം ആക്രമിക്കുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന ആത്മാർഥത ഇല്ലാത്ത, വരുമാന സന്പാദനം മാത്രം ലക്ഷ്യമുള്ള ഇത്തിക്കണ്ണികളാവുകയാണ് മാധ്യമങ്ങൾ. കുപ്രസിദ്ധമായ ചാരക്കേസിൽ നന്പി നാരായണനെയും ശ്രീവാസ്തവയെയും മറിയം റഷീദയെയും എല്ലാം പിച്ചിച്ചീന്തിയത് ആരായിരുന്നു? ഇപ്പോൾ അവരുടെ കൂടെ എന്ന മട്ടിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ രക്തത്തിനായി ഓടുന്നതും ആ മാധ്യമങ്ങൾ തന്നെ. അതുകൊണ്ട് ഇപ്പോൾ കള്ളനു വേണ്ടി പണപ്പിരിവു നടത്തുന്നവർ നാളെ അച്ചനു വേണ്ടിയും പിരിച്ചേക്കാം. വായനക്കാരന്റെ സ്നേഹവികാരങ്ങളെ ഇളക്കിവിട്ട് പല രീതിയിൽ വരുമാനം ഉണ്ടാക്കിയേക്കാം.
സ്ഥലം ഇടപാടു കഥ
സ്വഭാവഹത്യ നടത്തുന്ന റിപ്പോർട്ടുകൾ പെരുമഴ പോലെ വർഷിച്ചശേഷം അതിലൂടെ തങ്ങൾ ഉണ്ടാക്കിയ ചില്ലു കൊട്ടാരം തകരുന്പോൾ, സത്യം പുറത്തുവരുന്പോൾ മറ്റൊരു ബലിയാടിനെ കണ്ടെത്താനായില്ലെങ്കിൽ കണ്ടെത്തപ്പെട്ട സത്യം പോലും ആരും അറിയാതെ പോകും. സീറോ മലബാർ സഭയുടെ തലവനെതിരേ സ്ഥലം ഇടപാടിനെച്ചൊല്ലി ചന്ദ്രഹാസമിളക്കി തുള്ളിയ മാധ്യമങ്ങൾക്കു പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയ സത്യം, അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന കണ്ടെത്തൽ ഇനിയും അംഗീകരിക്കാനാവാത്ത പോലെയാണ്. ഈ ആരോപണങ്ങൾ ഉന്നയിച്ചവർ പല മാധ്യമങ്ങൾക്കും ഇപ്പോഴും സഭയുടെ ശബ്ദമാണ്. സഭയ്ക്കുവേണ്ടി പറയാൻ അവർക്കാണ് അവസരം. ഇതുതന്നെ കാണിക്കുന്നില്ലേ ഈ മാധ്യമങ്ങളുടെ തനിനിറം?
തെളിവുകളല്ല മാധ്യമ നിഗമനങ്ങൾ
അഭയാകേസിന്റെ അന്വേഷണം ഫാ. കോട്ടൂരിലും സിസ്റ്റർ സെഫിയിലും എത്തിച്ച സിബിഐ സംഘവും തെളിവുകളല്ല, പകരം മാധ്യമങ്ങളുടെ കഥകളും അതിലൂടെ ഉണ്ടായ പൊതുജന ചിന്തയുമാണ് അടിസ്ഥാനമാക്കിയതെന്നു ജസ്റ്റീസ് ഹേമ പറയുന്നു. ഹേമയുടെ വിധിന്യായത്തിലെ 19-ാം ഖണ്ഡിക രേഖകൾക്കെതിരേ സംസാരിക്കുന്ന സിബിഐ എന്ന തലക്കെട്ടോടെ അക്കാര്യം വിവരിക്കുന്നുണ്ട്. ഹൈക്കോടതിയിൽ കേസിന്റെ വാദം ആരംഭിച്ചപ്പോൾ സിബിഐക്കോ അഭയയുടെ പിതാവിനു പോലുമോ സംഭവം സംബന്ധിച്ച് എന്താണ് നടന്നതെന്ന് പറയാനായില്ല എന്നത് തന്നെ ഞെട്ടിച്ചു എന്നു ജസ്റ്റീസ് ഹേമ ചുണ്ടിക്കാണിച്ചു. പത്രവാർത്തകളല്ലാതെ ഒന്നും സിബിഐയുടെ അഭിഭാഷകനും പറയാനില്ലായിരുന്നു. രേഖകൾ അനുസരിച്ചല്ല, പത്രവാർത്തകൾ വച്ചാണ് വാദം നടത്തിയത്. (ഖ.20,21)അഭയ ആത്മഹത്യ ചെയ്തു എന്നു ലോക്കൽ പോലീസ് കണ്ടെത്തി എന്ന വാദംതന്നെ അടിസ്ഥാനരഹിതമാണ്. സിബിഐയുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത എഎസ്ഐ വി.വി. അഗസ്റ്റിൻ അങ്ങനെ ഒരു തീരുമാനത്തിലെത്തിയതായി കേസ് ഡയറിയിലില്ലെന്നു ജഡ്ജി ചൂണ്ടിക്കാണിച്ചു. അദ്ദേഹം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നു കൃത്യമായ സന്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. 1992 ഓഗസ്റ്റ് 27, 28 എന്നീ രണ്ടു ദിവസമാണ് അഗസ്റ്റിൻ കേസന്വേഷിച്ചത്. 28 ന് അദ്ദേഹം കേസ് ഡയറിയിൽ എഴുതിയ അവസാനത്തെ കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടു സിബിഐ എന്തേ രേഖകൾക്കെതിരേ സംസാരിക്കുന്നു എന്ന ചോദ്യത്തിനു കൃത്യമായ മറുപടി പറയാൻ അവരുടെ അഭിഭാഷകനായില്ല എന്നും ജഡ്ജി പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ടവരെല്ലാം മാധ്യമങ്ങളുടെ ആരവത്തിൽ പെട്ടുപോയി എന്നു വീണ്ടും ജഡ്ജി പറയുന്നു.
സഭയും മഠവുംഅഭയാകേസിൽ സഭ പോലീസിനെ സ്വാധീനിക്കുകയോ തടസപ്പെടുത്തുകയോ ചെയ്തോ എന്ന ചോദ്യം ജസ്റ്റീസ് ഹേമ വിശദമായി പരിശോധിക്കുന്നു. സഭാധികാരികൾ അഭയാകേസ് ആത്മഹത്യ ആക്കാനും കൊലപാതകം മൂടിവയ്ക്കാനും ശ്രമിച്ചു എന്ന സിബിഐയുടെ വാദത്തെയാണ് അവർ പരിശോധിച്ചത്. കേസ് ഡയറിയിലെ കുറിപ്പുകൾക്കെതിരാണ് ഈ വാദം എന്ന് വിധി ചൂണ്ടിക്കാണിച്ചു. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടാണു കന്യാസ്ത്രീകളും വൈദികരും പുലർത്തിയത് എന്നു കേസ് ഡയറിയിലുണ്ട്.
സിബിഐ കേസെടുത്തതുപോലും കന്യാസ്ത്രീമഠംകാരുടെ പരാതിയിലാണ്.തന്റെ പരാതിയിലാണ് മുഖ്യമന്ത്രി കേസ് സിബിഐക്കു വിട്ടത് എന്ന അഭയുടെ പിതാവിന്റെ വാദവും രേഖകൾക്കു നിരക്കുന്നില്ല. മദർ ബനിക്കാസിയായും 67 കന്യാസ്ത്രീകളും മുഖ്യമന്ത്രിക്കു കൊടുത്ത പരാതിയിലാണ് ഉത്തരവ് വന്നത്. ഇതനുസരിച്ചാണ് 1993 മാർച്ച് 29 ന് സിബിഐ കേസെടുത്തത്. ഇക്കാലത്ത് പയസ് ടെൻത് ഹോസ്റ്റലിലെ ചില അന്തേവാസികളെ പുറത്താക്കിയിരുന്നു. അതുമായി ബന്ധപ്പെട്ടു കോട്ടയത്തെ ചില യുവാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇതെല്ലാം സിസ്റ്റർ ലിസി പറഞ്ഞ സൂചനകൾ അനുസരിച്ചായിരുന്നു. എന്നിട്ടും മഠംകാർ കേസ് ആത്മഹത്യയാക്കാൻ ശ്രമിച്ചു എന്നു സിബിഐ പറഞ്ഞതിൽ വിധി അത്ഭുതം പ്രകടിപ്പിച്ചു.
സിബിഐയുടെ പാളിച്ചകൾഅഭയയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ സിബിഐ എത്തിയതിന്റെ തിടുക്കവും കോടതി ചൂണ്ടിക്കാണിച്ചു. അടുക്കളയിൽ പിടിവലി നടന്നു എന്നതുകൊണ്ടു സംഭവം കൊലപാതകമായി എന്നാണു സിബിഐ പറയുന്നത്. സിബിഐ പറയുന്നതുപോലെ കോടാലിക്കടിച്ചു എന്നതിന് ഒരു യുക്തിയും കാണാനില്ല. മുറിവുകൾ സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ച്, ഇതു നടന്നു എന്നു പറയുന്ന സ്ഥലത്ത് ഒരു തുള്ളി രക്തം പോലും കാണാനില്ലാത്തതു ന്യൂനതയാണെന്നു ചൂണ്ടിക്കാട്ടി. 123 അന്തേവാസികളും 23 കന്യാസ്ത്രീകളും താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ സംഭവം നടക്കുന്നത് എന്നു കോടതി ഓർമിപ്പിക്കുന്നു. വധത്തിന് ഉപയോഗിച്ചു എന്നു പറഞ്ഞ ആയുധത്തെക്കുറിച്ചും സിബിഐക്ക് ഒന്നും അറിയില്ലായിരുന്നു.ബ്രയിൻ മാപ്പിംഗിലെ ഫലങ്ങൾ സിബിഐയുടെ വാദത്തിന് എതിരായിരുന്നു. നാർക്കോ അനാലിസിസ് സിഡിയിൽ തിരുത്തലുകൾ വരുത്തി. വിദഗ്ധരുടെ പരിശോധനയിൽ തെളിഞ്ഞ സത്യമാണത്. സാധാരണക്കാരനുപോലും മനസിലാകുന്നത്ര വ്യക്തമായിരുന്നു അത്.വി.വി. അഗസ്റ്റിനും വർഗീസ് പി. തോമസ്എഎസ്ഐ വി.വി. അഗസ്റ്റിന്റെ പ്രാഥമിക റിപ്പോർട്ട് രാവിലെ എട്ടരയ്ക്കു രേഖപ്പെടുത്തിയതായാണ് രേഖയിലുള്ളത്. അതു വാസ്തവമല്ലെന്ന് കേസ് ഡയറി വായിക്കുന്ന ആർക്കും മനസിലാകും. അതു വലിയ കുറ്റമായി പറയുന്ന സിബിഐ അവരുടെ ഉദ്യോഗസ്ഥൻ വർഗിസ് പി. തോമസ് കേസ് രജിസ്റ്റർ ചെയ്തത് 1989 മാർച്ച് 29 ന് എന്നു വരുത്തിയ പിശകിൽ ഒന്നും പറയുന്നില്ല. സംഭവം നടക്കുന്നതിനും മൂന്നു വർഷം മുന്പ് കേസ് രജിസ്റ്റർ ചെയ്തതായാണ് സിബിഐ യുടെ ഡയറി പറയുന്നത്.
അഭയയുടെ മരണം ആത്മഹത്യയാണ് എന്ന് അഗസ്റ്റിൻ നിഗമനത്തിലെത്താതിരുന്നിട്ടും അങ്ങനെ അദ്ദേഹത്തിനെതിരേ സിബിഐ എന്തിന് ആക്ഷേപം ഉന്നയിക്കുന്നു എന്നു വിധിയിൽ ചോദിക്കുന്നു.അഗസ്റ്റിൻ അഭയയുടെ ശരീരത്തിലെ ചില പാടുകൾ കാണാതിരുന്നതു മനഃപൂർവമാണെന്നു പറയുന്ന സിബിഐ ഓട്ടോപ്സി നടത്തിയ ഡോക്ടർ രാധാകൃഷ്ണൻ എന്തേ ആ മുറിവുകൾ രേഖപ്പെടുത്തിയില്ല എന്ന സത്യത്തിൽ അതിന് ഉത്തരം കാണുന്നു. ഇല്ലാത്ത മുറിവുകൾ രേഖപ്പെടുത്താതിരുന്നതിനാണ് അഗസ്റ്റിനെ ആക്രമിക്കുന്നത്. കേസന്വേഷണം 1993 മാർച്ച് 29 ന് ഏറ്റെടുത്ത വർഗീസ് പി. തോമസ് രണ്ടു മാസക്കാലം ഒരാളെയും ചോദ്യം ചെയ്തില്ല എന്നു കേസ് ഡയറി പറയുന്നു. കോടതിയിൽ നിന്നു തൊണ്ടി ശേഖരിക്കാനും നോക്കിയില്ല. എന്നാൽ വി.വി. അഗസ്റ്റിൻ രണ്ടു ദിവസം കൊണ്ട് 24 സാക്ഷികളെ ചോദ്യം ചെയ്തു. ക്രൈബ്രാഞ്ച് രണ്ടു മാസംകൊണ്ട് എട്ടു സാക്ഷികളെ ചോദ്യം ചെയ്തു.1993 ജൂലൈവരെ വർഗീസിന് ചോദ്യം ചെയ്യാനായത് ഒരാളെയാണ്. വർഗീസിന്റെ മേലധികാരി അദ്ദേഹത്തെ ചോദ്യം ചെയ്തത് ഈ നിസംഗതയ്ക്കാണ്. അതേത്തുടർന്ന് കൃത്യമായ അന്വേഷണ വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കേസന്വേഷണത്തിലെ പുരോഗതിയിലുള്ള അതൃപ്തികൊണ്ടാണ് അദ്ദേഹത്തിൽനിന്നു കേസ് മാറ്റിയത്. സിബിഐയിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ തന്നെ അഭയയുടെ മരണം ആത്മഹത്യയാണ് എന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെ അംഗീകരിച്ചത് സഭയുടെ സ്വാധീനം കൊണ്ടാണോ എന്നു കോടതി തന്നെ ചോദിച്ചു. മെഡിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആ നിഗമനത്തിൽ എത്തിയതെന്നു വിധി വിശദമായി പറയുന്നു. ഈ നിഗമനം അംഗീകരിച്ചെന്ന് എവിടെയും പറയുന്നില്ല.തെളിവു നശിപ്പിക്കൽആർഡി ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി -തെളിവുകൾ ഓഫീസിലെ പതിവനുസരിച്ച് നശിപ്പിക്കാതെ എന്തുകൊണ്ട് 1993 മാർച്ചിൽ അന്വേഷണം ആരംഭിച്ച സിബിഐ ഏറ്റുവാങ്ങിയില്ല എന്നു വിധി ചോദിക്കുന്നു. അതിനു കെ.ടി. മൈക്കിളിനെ പ്രതിയാക്കാനാണു സിബിഐയുടെ ആഗ്രഹം. സ്റ്റാർ കള്ളനും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവനുമായ അടക്കാ രാജുവും കളർകോട് വേണുഗോപാലൻനായരും അടക്കുമുള്ള സാക്ഷികളെ എങ്ങനെ വിശ്വസിക്കും എന്ന സന്ദേഹവും വിധിയിൽ വായിച്ചെടുക്കാം.സിസ്റ്റർ സെഫിയോടു കാണിച്ച ക്രൂരതസിസ്റ്റർ സെഫിയുടെ സ്വഭാവം ചീത്തയാണെന്നു കാണിക്കാൻ സിബിഐ തയാറാക്കിയ തിരക്കഥ കോടതി പൊളിച്ചടുക്കി. അവരുടെ മുറി അവരാണ് നിശ്ചയിച്ചതെന്നും അവിടെ അവർ ഒറ്റയക്കാണ് താമസിച്ചതെന്നും സിബിഐ പറഞ്ഞു. എന്നാൽ അവർക്കു മുറി അലോട്ട് ചെയ്തതു സുപ്പീരിയറാണ്. അവരുടെ മുറിയിൽ സിസ്റ്റർ ഹെലനും ഉണ്ടായിരുന്നു. കന്യാത്വ പരിശോധന എന്തിനു നടത്തി എന്നു കോടതി ചോദിച്ചു. അവർ കന്യാചർമം വച്ചുപിടിപ്പിച്ചതാണെന്ന് പറഞ്ഞപ്പോൾ അല്ല എന്ന സത്യം സ്ഥാപിക്കാൻ ഏതു പരിശോധനയ്ക്കും വിധേയയാകാൻ സിസ്റ്റർ സമ്മതിച്ചതാണ്. ഇന്ത്യയിൽ അത്തരം ശസ്ത്രക്രിയ 2009 ലും ഇല്ലെന്നും വിദേശത്തുണ്ടെങ്കിലും സിസ്റ്റർ സെഫി വിദേശത്തു പോയിട്ടില്ലെന്നും സിബിഐയുടെ അഭിഭാഷകൻ കോടതിയിൽ തന്നെ സമ്മതിച്ചതായി വിധി പറയുന്നു.കന്യാത്വ പരിശോധന തികച്ചും അനാവശ്യമായിരുന്നു എന്നു കോടതി പറഞ്ഞു. അത്രയും ഹീനമായ ഒരു അപമാനത്തിന് മൂന്നാംപ്രതിയെ വിധേയമാക്കിയത് കേസിനു വേണ്ടിയല്ല പൊതുജനങ്ങളുടെ മുന്നിൽ സിസ്റ്ററെ അപമാനിക്കാനാണെന്നു ജഡ്ജി കൃത്യമായി പറഞ്ഞു.
ഒരു കന്യാസ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പൊതു ചർച്ചയ്ക്കു വിഷയമാക്കിയത് അതീവ നിർഭാഗ്യകരമാണ്. പുരുഷന്മാരായ പ്രതികളുടെ പുരുഷത്വ പരിശോധനയ്ക്കു വരെ സിബിഐ തയാറാകുമോ എന്നും കോടതി പരിസഹിച്ചു.ഇതെല്ലാം ഹൈക്കോടതി കണ്ട സത്യങ്ങളാണ്. നിശ്ചയമായും ഇനിയും വിലയിരുത്തപ്പെടുന്ന യാഥാർഥ്യങ്ങളുമാണ്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടു എന്ന ആരോപണത്തിൽ യഥാർഥ പ്രതികളെ പിടിക്കാൻ ശ്രമിക്കാതെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും പ്രതിയാക്കി. ഒരു സ്ത്രീയോടും കാണിക്കരുതാത്ത അപമാനം കന്യാസ്ത്രീയോടു കാണിച്ചു. അവർ കുറ്റവാളികളാണെന്നു നമ്മുടെ നീതിനിർവഹണ സംവിധനത്തിലെ ഏറ്റവും താഴെയുള്ള ഒരു കോടതി കണ്ടെത്തി. മറിച്ചു കണ്ടെത്തുംവരെ അവർ കുറ്റവാളികളുമാണ്.പക്ഷേ അതുകൊണ്ട് വൈദികന്റെ കാൻസർ പിടിപെട്ട ശരീര ഭാഗങ്ങളെക്കുറിച്ചും കന്യാസ്ത്രീയുടെ മാറിടത്തെക്കുറിച്ചും വരെ പരിഹസിച്ചു നിങ്ങൾ മനുഷ്യന്റെ അന്തസിനോടു ചെയ്യുന്ന ബലാൽസംഗം ഏതു കോടതിക്കു പൊറുക്കാനാവും?
ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ ഒരു വലിയ പ്രസ്താവന ഉണ്ടല്ലോ. തടവിനെക്കുറിച്ചു പഠിപ്പിക്കുന്പോൾ നിയമ ക്ലാസിൽ പലപ്പോഴും കേട്ടിട്ടുള്ള ഒന്ന്. ഇന്ത്യൻ പൗരന്റെ ഒരു മൗലികാവകാശവും നിയമപ്രകാരമല്ലാതെ ജയിലിന്റെ കവാടങ്ങൾ തടയുന്നില്ല. കത്തോലിക്കാ വൈദികനും കന്യാസ്ത്രീയുമായതുകൊണ്ട് അതും ലംഘിക്കാമെന്നോ? തെളിയിക്കപ്പെടുന്നതിനു മുന്പ് കുറ്റാരോപിതരെ വിധിച്ചാൽ, അവരെ സമൂഹത്തിൽ പിച്ചിച്ചീന്തിയാൽ ഒരുപക്ഷേ നിരപരാധിയാണെങ്കിൽ അതിന്റെ പരിഹാരം ആർക്കു ചെയ്യാനാവും?
സമുദായം പ്രതികരിക്കുമ്പോൾപണ്ടു തൊടുപുഴയിൽ പ്രഫ. ജോസഫിനെ മുസ്ലിം തീവ്രവാദികൾ ആക്രമിച്ചപ്പോൾ ക്രൈസ്തവർ നിശബദ്ത പാലിച്ചത് മതതേര മനോഭാവം കൊണ്ടും അദ്ദേഹം മുഹമ്മദിനെക്കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന സമീപനം കൊണ്ടുമാണ്. എന്നാൽ, അവയെല്ലാം ബലഹീനതകളായി കണ്ട് ചിലർ പലതും ചെയ്യുന്നത് ആവേശത്തോടെ തുടർന്നപ്പോൾ സമുദായത്തിന്റെ താത്പര്യങ്ങൾ പ്രകടിപ്പിച്ചവരെ എത്ര പെട്ടെന്നാണ് മാധ്യമക്കാർ വർഗീയവാദികളാക്കിയത്! അന്നെന്തേ പ്രഫ. ജോസഫിനുവേണ്ടി ആയുധം എടുത്തില്ല എന്നു ചോദിക്കുന്നില്ലന്നേയുള്ളു. ക്രൈസ്തവർ തങ്ങളനുഭവിക്കുന്ന അനീതിയെക്കുറിച്ചു പറയുന്നതല്ലാതെ ഒരിക്കലും ആയുധം എടുക്കില്ല. വാൾ ഉറയിൽ ഇടാനാണ് ക്രൈസ്തവർക്കുള്ള കല്പന.പക്ഷേ സമൂഹം എന്ന നിലയിൽ പ്രതികരിക്കും. ജനാധിപത്യത്തിലെ അവകാശമായ വോട്ട് ചെയ്യുന്പോൾ കുറെയൊക്കെ പ്രതികരിക്കുകയും ചെയ്യും.
സമുദായത്തിന്റെ വോട്ടു വേണമെങ്കിലും അതിലൂടെ താൻ വളർന്നോളാം എന്നല്ലാതെ സമുദായത്തിന്റെ ഒരു അവകാശവും നേടാൻ ശ്രമിക്കാത്ത നേതാക്കളും അവരുടെ കൂട്ടുകാരും തങ്ങൾക്കു പ്രയോജനം ഉള്ളിടത്തോളം കാലം സമുദായത്തിനു വേണ്ടി ഒന്നും പറയില്ല. എന്നാൽ പല പദവികൾക്കും വേണ്ടി സമുദായ നേതാക്കളെ ഇടപെടുവിപ്പിക്കുകയും ചെയ്യും. അവരെ വിടുക. നിതീക്കുവേണ്ടിയുള്ള നിലവിളി തുടരുക. മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
.Deepika