യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. ഞാൻ പള്ളിയുടെ മേലാപ്പിലേക്കു നോക്കി. ഇടവകപ്പള്ളിയാണ് അസംബ്ഷൻ മൊണാസ്ട്രി. തലപ്പത്ത് ആകാശത്തേയ്ക്കു രണ്ടും കൈയും വിരിച്ചു യേശുദേവൻ കരുണയോടെ നിൽക്കുന്നുണ്ട്. ശിരസ്സിനു മീതേക്കൂടി കുറെ വെള്ളിമേഘങ്ങൾ ഒഴുകിനീങ്ങുന്നു. ഒരു കുലുക്കവുമില്ല. ഒന്നിനും ഒരു മാറ്റവുമില്ല.

‘ദേ നോക്ക്…യേശുദേവൻ അവിടെ നിൽക്കുന്നുണ്ടല്ലോ..’ ‘അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാടാ..’എന്തോ, സെബാസ്റ്റ്യനെ എനിക്കു വിശ്വസിക്കാൻ തോന്നിയില്ല. അവന്റെ കൈയിലിരിക്കുന്ന വേദോപദേശപുസ്തകം വായിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. കാരണമുണ്ട്. തലേന്നു ഫാന്റത്തിന്റെ ഒരു ചിത്രകഥ കൈയിലുണ്ടായിരുന്നു. അവൻ ചോദിച്ചു. വായിച്ചു കഴിഞ്ഞില്ലായെന്നും പറഞ്ഞ് കൊടുത്തില്ലായിരുന്നു. അതിന്റെ കലിപ്പാണ്. ..

നല്ല ഉച്ചനേരം. ഏപിൽ. വെയിലും ചൂടുമുണ്ട്. മല കയറാൻ മലയാറ്റൂരിലേക്ക് തീർഥാടകരുടെ ജീപ്പുകൾ ഒത്തിരി പോകുന്നുണ്ട്. ചില ഭക്തസംഘങ്ങൾ വലിയ മരക്കുരിശും ചുമന്നു നടന്നാണു പോകുന്നത്. റോഡിൽ എപ്പോഴും മരമടിയുടെ ശബ്ദമാണ്. കാഷായ വേഷധാരികളാണ്.‘യേശുവിനെ ഇതേപ്പോലെ എടുത്താപ്പൊങ്ങാത്ത ഒരു കുരിശാണ് അവർ ചുമപ്പിച്ചത്.’സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

ആര് ചുമപ്പിച്ചുവെന്നാണ്? എനിക്കൊന്നും മനസ്സിലായില്ല. ചില മനുഷ്യൻ ഇതുപോലാണ്. അധികമൊന്നും മിണ്ടത്തില്ല. ഒന്നും വിശദീകരിക്കില്ല. ചില സ്റ്റേറ്റ്മെന്റുകളൊക്കെ നടത്തി മിണ്ടാതിരുന്നോളം. നോട്ടം ചിലപ്പോൾ മറ്റേ ക്ലീഷേ ലുക്കിൽ വിദൂരതയിലേക്കു കണ്ണും നട്ടായിരിക്കും. ബാക്കി കഥയും സംഭവങ്ങളുമൊക്കെ നമ്മൾ ഊഹിച്ചെടുത്തോളണം. അല്ലെങ്കിൽ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കേണ്ടിവരും.

യേശു മരിച്ചോ ഇല്ലയോ എന്ന് ആരോടു ചോദിച്ചു മനസ്സിലാക്കും? മരിച്ചെങ്കിൽ അതെനിക്ക് ഭയങ്കര അടിയാണ്. നല്ല വിഷമമാണ്. താങ്ങാൻ പറ്റില്ല. കാരണം യേശുവിനോട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരിഷ്ടവും കൂട്ടും തോന്നിയ ആളാണ്. കാറ്റിൽ പറന്നുനടക്കുന്ന ചുളിഞ്ഞ ഉടുപ്പും മേലങ്കിയും കറുത്ത താടിയും സാന്ത്വനിപ്പിക്കുന്ന ഭാവവും എനിക്കിഷ്ടമാണ്. മനോഹരമായ ഒരു സന്ധ്യയിൽ കുന്നിൽ ചരിവിലെ ഒരു പാറമേൽ കൈയൂന്നി ദൂരേയ്ക്ക് ധ്യാനാത്മകമമായി നോക്കിയിരിക്കുന്ന ഒരു പടമില്ലേ? ഹൃദയത്തിൽ പതിഞ്ഞുപോയ പടമാണത്. . അയൽപക്കത്തെ ചില വീടുകളുടെ വാതിലിനു മുകളിൽ ആ പടം ചില്ലിട്ടു തൂക്കിയിട്ടുണ്ട്. എത്രനേരം നോക്കിയിരുന്നാലും മുഷിയില്ല.

സെബാസ്റ്റ്യനോടു യാത്ര പറഞ്ഞു വീട്ടിൽചെന്നു. ചോറു വിളമ്പി വച്ചിട്ടുണ്ട്. ഒരു വറ്റുപോലും ഇറങ്ങുന്നില്ല ഉള്ളൊകെയൊരു പൊള്ളലാണ്. യേശുവിനെപ്പോലുള്ള ഒരാൾക്കു മരിക്കാൻ പറ്റുമോ? അഥവാ ആരെങ്കിലും കൊല്ലാനായി വന്നാൽത്തന്നെ അതിനെ നേരിടാനുള്ള ശേഷി പുള്ളിക്കില്ലായോ? വൈകുന്നേരത്തു കൂട്ടുകാരൊത്തു പോയിരിക്കുന്ന ചെറിയൊരു കപ്പേളയുണ്ട്. അതിന്റെ മുന്നിൽ നിൽക്കുന്ന യേശുവിന്റെ മുഖം മനസ്സിലോർത്തു. അവസാനം കണ്ടപ്പോൾ ഒരു വിഷാദഛായയായിരുന്നു.ശരിക്കും എന്താണു സംഭവിച്ചത്? കഥ ബൈബിളിലുണ്ടെന്നു സെബാസ്റ്റ്യൻ പറഞ്ഞിരുന്നു. വീട്ടിൽ ബൈബില്ല. വലുതായപ്പോഴാണു ബൈബിളു ഹരമായതും പലതരം ബൈബിളുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതും.

അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു. സെബാസ്റ്റ്യന്റെ വീടിന്റെ ഉമ്മറത്തു വെള്ളത്തുണിയിൽ യേശുവിന്റെ ദേഹം പൊതിഞ്ഞു കിടത്തിയിക്കുന്നു. ഞാൻ അവിടെ കളിക്കാൻ ചെന്നതാണ്. കളിക്കാൻ താനുമുണ്ടെന്നും വൈന്നേരം സെബാസ്റ്റ്യന്റെ വീട്ടിലേക്കു പോരേയേന്നു യേശുവും പറഞ്ഞിരുന്നു. അതു പ്രകാരമാണു ചെന്നത്.സെബാസ്റ്റ്യന്റെ വീട്ടുകാരും അയൽക്കാരുമൊക്കെ യേശുവിന്റെ അടുത്തിരുന്നു കരയുന്നുണ്ട്.എന്നെ കണ്ട് സെബാസ്റ്റ്യന്റെ മൂത്ത ചേച്ചി മേഴ്സി ഉറക്കെ നിലവിളിച്ചു.‘എടാ ലാലൂ നമ്മുടെ യേശു മരിച്ചുപോയെടാ..’സെബാസ്റ്റ്യനെപ്പോലെ മേഴ്സിയും കള്ളം പറയുകയാണ്. യേശു മരിച്ചിട്ടൊന്നുമില്ല.ഞാൻ വരുംമുമ്പേ കളി തുടങ്ങിയതാകണം കളിച്ചു ക്ഷീണിച്ചു പാവം നിലത്തു കിടന്നുറങ്ങിപ്പോയതാകണം. .

എഴുന്നേൽക്ക്….’ഞാൻ യേശുവിനെ തൊട്ടുവിളിച്ചു. നല്ല തണുപ്പ്. എപ്പോഴും ചെറുചൂടു പ്രസരിക്കുന്ന ദേഹമായിരുന്നല്ലോ. വിരലു മരവിച്ചുപോയി.ഞാൻ .യേശുവിന്റെ കവിളിൽ തൊട്ടുനോക്കി. അവിടെയും തണുപ്പാണ്. ഒരനക്കവുമില്ലാതെ ആളു കിടപ്പാണ്. എങ്കിപ്പിന്നെ കൂടെയൊന്നു കിടന്നുനോക്കിയാലോ? ഞാനും നിലത്ത് അവനൊപ്പം കിടന്നു.അപ്പോ മേഴ്സിച്ചേച്ചി പിന്നെയും വലിയ വായിൽ കാറി.‘ദേണ്ടേ..കർത്താവിനൊപ്പം ഇവനും മരിച്ചുപോയേ..അയ്യോ.. ഇവന്റെ വീട്ടിലറിയിക്കേണ്ടേ?’ഇറയത്തു കൂടിനിന്നവർക്കു അങ്കലാപ്പു കൂടി.എന്തൊരു സീനാ അല്ലേ? ഒരാൾ മരിച്ചുകിടക്കുന്നു. കൂടെക്കേറിക്കിടന്ന മറ്റൊരാളും മരിച്ചു പോയിരിക്കുന്നു.പത്തുമുപ്പതു സെക്കന്റു കടന്നുപോയി. ഞാനെണീറ്റു.‘ഞാൻ ചത്തിട്ടൊന്നുമില്ല ചേച്ചീ. എന്നെപ്പോലെ യേശുവും ഒന്നും കിടന്നുപോയതാണ്. മരിച്ചതല്ല. മരിക്കേമില്ല. ഇതുപോലെ ജീവനോടെ എണീറ്റിരിക്കും’ഞാൻ പിന്നേം യേശുവിന്റെ മുഖത്തേക്കു നോക്കി.ഒളികണ്ണിട്ട് എന്നെ നോക്കിച്ചിരിക്കുന്നു. ‘എന്റേതാ..എന്റേതാ..എന്നെ വിട്ടു ചത്തുകളയരുത്.’ഞാൻ പറഞ്ഞു.‘നിന്റേതാ..നിന്റേതാ.. നിനക്കെന്നുമുണ്ടാകും’ എന്നോടു പറഞ്ഞു.ഞാൻ സെബാസ്റ്റ്യനെ നോക്കി. എന്തൊരു കള്ളമാടാ കൂവേ നീയും നിന്റെ വീട്ടുകാരും കൂടി പറയുന്നത്? ഞാനെണീറ്റു സന്തോഷത്തോടെ വീട്ടിലേക്കു നടന്നു. പിന്നെ ഇന്നോളം എന്റേതല്ലാതായിരുന്നിട്ടില്ല.

❤️

മരണമില്ലാത്ത നാഥന്റെ വാഴ്‌വിന് എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്റർ ആശംസകൾ.

T B Lal

ടി.ബി. ലാൽ
Author & Journalist
Journalist@MalayalaManorama

നിങ്ങൾ വിട്ടുപോയത്