ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തെറ്റായ നിലപാടുകൾ ചൂണ്ടിക്കാണിക്കുന്നതിനെ വലിയ അപരാധമായാണ് ചിലർ വ്യാഖ്യാനിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത വിവേചനം സൃഷ്ടിച്ച അത്തരം നിലപാടുകളെ വെള്ള പൂശിക്കൊണ്ട് ചില ഉന്നത സ്ഥാനീയർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്നു. എന്നാൽ അടിസ്ഥാനപരമായി സംഭവിച്ച തെറ്റുകൾ കീഴ്വഴക്കമായി നിലനിൽക്കുന്നതും അതു തിരുത്തപ്പെടാതിരിക്കുന്നതും വിവേചനത്തിന്റെ വ്യാപ്തി കൂട്ടുകയാണ്. അതിനാൽ തെറ്റുകൾ തിരുത്തുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ പ്രധാനമായും 12 തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.
തെറ്റ് -1: സച്ചാർ കമ്മീഷൻ
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാഴ്സി എന്നിങ്ങനെ രാജ്യത്ത് ആറ് മത ന്യൂനപക്ഷ വിഭാഗങ്ങൾ ഉണ്ടായിരിക്കെ അതിൽ ഒന്നു മാത്രമായ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രം പഠിക്കുന്നതിന് ഒന്നാം യുപിഎ സർക്കാർ സച്ചാർ കമ്മീഷനെ നിയമിച്ചു. ഇത് തികച്ചു പക്ഷപാതപരമായ നടപടിയായിരുന്നു. രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ അല്ലെങ്കിൽ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്മീഷനുകളെ നിയമിക്കുകയായിരുന്നു യഥാർഥത്തിൽ ചെയ്യേണ്ടിയിരുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ സഹസ്രകോടികളുടെ പദ്ധതികൾ ( ഈ വർഷം 5026 കോടി ) നടപ്പിലാക്കുന്നതിനു മുന്നോടിയായി അത്തരത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് തുല്യ പരിഗണന ഉറപ്പാക്കുന്ന സമീപനമായിരുന്നു ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾ എന്നും ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പിന്നീട് എന്തെങ്കിലും നല്കുന്നുണ്ടെങ്കിൽ അതു കേവലം ‘ഔദാര്യം’ മാത്രമായിരിക്കും എന്ന രീതിയിലുള്ള പൊതുബോധം സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്.
തെറ്റ് -2: പാലോളി കമ്മിറ്റി
കേരളത്തിലെ മുസ്ലിം വിഭാഗത്തെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല സച്ചാർ കമ്മീഷൻ പഠനവും റിപ്പോർട്ടും എന്ന അടിസ്ഥാനപരമായ സത്യം തമസ്കരിക്കപ്പെട്ടു. യഥാർഥത്തിൽ സച്ചാർ കമ്മീഷൻ കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് പഠിക്കുകയോ അവർക്കായി നിർദേശങ്ങൾ തയാറാക്കുകയോ ചെയ്തിരുന്നില്ല. ബംഗാൾ, ബിഹാർ തുടങ്ങി മുസ്ലിം ജനവിഭാഗം വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് സച്ചാർ കമ്മീഷൻ പഠനം നടത്തിയത്. എന്നാൽ ബിഹാറിലെയും മറ്റും പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നതിനായി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി കമ്മിറ്റിയെ വയ്ക്കുകയും ആ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ ന്യൂനപക്ഷ വകുപ്പിന്റേത് എന്ന ലേബലിൽ നടപ്പിലാക്കുകയുമാണ് ചെയ്തത്. കേരളത്തിൽ ഇല്ലാത്ത പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം എങ്ങനെ എന്ന പഠനം എന്തു തരം പഠനമാണ്?
തെറ്റ് -3: കോച്ചിംഗ് സെന്ററുകൾ
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ആരംഭിച്ച കോച്ചിംഗ് സെന്ററുകൾക്ക് ‘കോച്ചിംഗ് സെന്റർ ഫോർ മുസ്ലിം യൂത്ത്’ എന്നു പേരിട്ടു. കേന്ദ്ര സർക്കാർ മുഴുവൻ ന്യൂനപക്ഷങ്ങൾക്കും വേണ്ടി നൽകുന്ന ഫണ്ടിൽ നിന്നാണ് ഇപ്രകാരം ഒരു വിഭാഗത്തിനു മാത്രമായി പഠനകേന്ദ്രങ്ങൾ ഇസ്ലാമിക ആരാധനാലയങ്ങളോട് ബന്ധപ്പെട്ട് ആരംഭിച്ചത്. പേരിലെ തെറ്റ് പിന്നീട് തിരുത്തിയെങ്കിലും അവിടെ 80:20 എന്ന അനുപാതം തുടർന്നു പോരുന്നു. സർക്കാർ ജോലികളിൽ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്നതാണ് ഇതിനു ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനം രൂപീകരിച്ച കാലം മുതൽ 12 ശതമാനം വരെ മത സംവരണം ലഭിച്ചിട്ടും പ്രാതിനിധ്യം കിട്ടിയില്ലെന്നത് വിരോധാഭാസമാണ്. ഇപ്പോൾ ക്രിസ്ത്യൻ പ്രാതിനിധ്യവും ഉദ്യോഗസ്ഥമേഖലയിൽ വളരെയധികം കുറഞ്ഞുപോയിരിക്കുന്നു. നിലവിലെ സർക്കാർ നിയമനങ്ങളിൽ സംവരണ രഹിത ക്രൈസ്തവരുടെ പ്രാതിനിധ്യം അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നാൽ ഇത്തരം സെന്ററുകൾ ക്രൈസ്തവർക്കു കൂടി അനുവദിച്ചു നൽകാൻ സർക്കാർ തയാറാകുന്നില്ല.
തെറ്റ് -4: ന്യൂനപക്ഷ ക്ഷേമവകുപ്പ്
ന്യൂനപക്ഷാവസ്ഥയും പിന്നാക്കാവസ്ഥയും ഒരേ ഗണത്തിൽ പെടുത്തിയിരിക്കുന്നു. ന്യൂനപക്ഷാവസ്ഥയെന്നാൽ എണ്ണം (ജനസംഖ്യ) കുറഞ്ഞ് ഒരു സമുദായത്തിന്റെ നിലനിൽപ്പ് അപകടത്തിലാകുന്ന അവസ്ഥയാണ്. ഇതിൽനിന്നു സംരക്ഷണം നൽകുകയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ദൗത്യം. എന്നാൽ പിന്നാക്കാവസ്ഥ മറ്റൊരു സാഹചര്യമാണ്. അതു പരിഹരിക്കുന്നതിനാണ് പിന്നാക്ക ക്ഷേമ വകുപ്പും പിന്നാക്ക വിഭാഗ കമ്മീഷനും നിലവിലുള്ളത്. കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് അതിന്റെ സ്ഥാപക ലക്ഷ്യം മറന്ന് പിന്നാക്ക ക്ഷേമ വകുപ്പിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിലൂടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ മുസ്ലിം ക്ഷേമ വകുപ്പായി തന്ത്രപൂർവം പരിവർത്തനം ചെയ്തിരിക്കുന്നു.
തെറ്റ് -5: ലക്ഷ്യം തെറ്റിയ ന്യ ൂനപക്ഷ ക്ഷേമം
സംസ്ഥാനത്തെ എല്ലാ ക്ഷേമ പദ്ധതികളും ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നുള്ള ആനുകൂല്യങ്ങൾപോലും ജനസംഖ്യാനുപാതികമായി വീതിക്കാൻ തയാറാകാത്ത വകുപ്പും ന്യൂനപക്ഷ കമ്മീഷനുമാണ് കേരളത്തിലുള്ളത്. ജനസംഖ്യയിൽ എണ്ണം കുറഞ്ഞ് നിലനിൽപ്പ് അപകടത്തിലാകുന്ന സമുദായങ്ങളെ സഹായിക്കാനാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ്. ആനുപാതികമായി ജനസംഖ്യയിൽ കുറവുള്ളവർക്കായിട്ടാണ് കൂടുതൽ പദ്ധതികളും ആനുകൂല്യങ്ങളും നൽകേണ്ടത്. കേരളത്തിൽ ചെയ്യുന്നതുപോലെ ജനസംഖ്യയിൽ കൂടിയവർക്ക് കൂടുതൽ നൽകാനാണെങ്കിൽ പേര് മാറ്റി ‘ഭൂരിപക്ഷ’ ക്ഷേമ വകുപ്പെന്നോ ‘ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ’ ക്ഷേമ വകുപ്പെന്നോ ആക്കാവുന്നതാണ്.
തെറ്റ് -6: മതസംവരണം
കേരളത്തിൽ വിവിധ മുസ്ലിം വിഭാഗങ്ങൾ ഉണ്ടായിരിക്കെ എല്ലാവരെയും ഒന്നിച്ചു പിന്നാക്ക വിഭാഗ ലിസ്റ്റിൽ ഉൾപ്പെടുത്തി. കേരളത്തിൽ വളരെ ഉന്നതകുലജാതരായ മുസ്ലിം വിഭാഗങ്ങൾ ഉണ്ട്. അറയ്ക്കൽ ബീവിയും വിവിധ തങ്ങൾ പരമ്പരകളുമൊക്കെ ഉദാഹരണങ്ങളാണ്. വലിയ ബിസിനസ് സാമ്രാജ്യങ്ങൾ പടുത്തുയർത്തിയവരും ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും എല്ലാം മുൻകാലങ്ങളിലും ഇപ്പോഴും ആ സമുദായത്തിൽ നിന്നുമുണ്ട്. ഇവരെയെല്ലാം ഒരേ പോലെ പിന്നാക്കാവസ്ഥയിൽ പെടുത്തിയിരിക്കുന്നു.
ഇതുവഴി എല്ലാ മുസ്ലിംകളും മുന്നാക്ക- പിന്നാക്കാവസ്ഥ നോക്കാതെ 12 ശതമാനം വരെ ഒബിസി സംവരണം സ്വന്തമാക്കുന്നു.എന്നാൽ ഹിന്ദു- ക്രിസ്ത്യൻ സമൂഹങ്ങൾക്ക് ഇത്തരത്തിൽ മത സംവരണം ലഭ്യമാക്കിയിട്ടില്ല. അക്കാരണത്താൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ഇതര ന്യുനപക്ഷ വിഭാഗങ്ങൾക്ക് ക്ഷേമ പദ്ധതികളിൽ കാര്യമായ അവകാശങ്ങളില്ലെന്ന തരത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു പ്രചാരണങ്ങളും പൊതുബോധ നിർമിതി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
തെറ്റ് -7: കാണാതെപോകുന്ന യാഥാർഥ്യം
കേരളത്തിലെ ക്രൈസ്തവ സമുദായം വളരെയധികം മുന്നേറിയവരാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ വളരെയധികം ദരിദ്രരും തൊഴിൽ രഹിതരും നിത്യവൃത്തിക്കു വകയില്ലാത്തവരും കടബാധ്യത കൊണ്ട് പൊറുതിമുട്ടിയവരും വിവാഹം നടക്കാത്തവരും ക്രൈസ്തവരുടെ ഇടയിൽ ധാരാളമുണ്ട്. കർഷകരും മത്സ്യത്തൊഴിലാളികളുമാണ് ഭൂരിപക്ഷം. ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ളത് ക്രൈസ്തവരുടെ ഇടയിലാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി പ്രസ്താവിച്ചിട്ടുള്ളതുമാണ്.
തെറ്റ് -8: സ്കോളർഷിപ്പുകൾ
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കി. ആറ് വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ്പുകൾ ഒരു വിഭാഗത്തെക്കുറിച്ചു മാത്രം പഠനം നടത്തിയ ശേഷം ആ വിഭാഗത്തിനു മാത്രമായി നൽകുകയും ബാക്കി അഞ്ച് വിഭാഗങ്ങളെക്കുറിച്ച് യാതൊരു പഠനവും നടത്താതെ അവർക്കു തുച്ഛമായത് നൽകി ഒഴിവാക്കുകയും ചെയ്തത് ഗുരുതരമായ മത വിവേചനവും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സാമൂഹ്യ നീതിയുടെ അട്ടിമറിക്കലുമാണ്.
തെറ്റ് -9: കേരളത്തിന്റെ നയവൈകല്യം
കേന്ദ്രത്തിന്റെ ശൈലി കേരള സർക്കാർ സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാർ നേരിട്ടു നൽകുന്ന ന്യൂനപക്ഷ പദ്ധതികളായ പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ഹസ്രത്ത് മഹൽ തുടങ്ങിയ സ്കോളർഷിപ്പുകൾ വിവേചനങ്ങൾ കൂടാതെ ന്യൂനപക്ഷങ്ങൾക്കു പൊതുവായിട്ടാണ് നൽകി വരുന്നത്. എന്നാൽ, ഈ ശൈലി കേരളത്തിൽ നടപ്പാക്കപ്പെടുന്നില്ല. കേരള സർക്കാരിന്റെ നയവൈകല്യങ്ങളെ പാലോളി കമ്മിറ്റി റിപ്പോർട്ട് ഉപയോഗിച്ച് ന്യായീകരിക്കുന്നവർ കേന്ദ്ര സർക്കാർ എന്തുകൊണ്ട് സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ മുസ്ലിംകൾക്ക് 80 ശതമാനം എന്ന നിലയിൽ വിതരണം ചെയ്യുന്നില്ല എന്നു വ്യക്തമാക്കണം.
തെറ്റ് -10: വകുപ്പിൽ കുത്തകഭരണം
ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്ലിം സമുദായ രാഷ്ട്രീയം കുത്തകയായി കൈവശം വച്ചിരിക്കുകയാണ്. വകുപ്പു മന്ത്രി, കമ്മീഷൻ ചെയർമാൻ, വൈസ് ചെയർമാൻ, വകുപ്പ് സെക്രട്ടറി, ഡയറക്ടർ, അനുബന്ധ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ, സമിതി അംഗങ്ങൾ തുടങ്ങി ബഹുഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽനിന്നു തന്നെയാണ്. വകുപ്പ് രൂപീകരിച്ച കാലം മുതൽ അതങ്ങനെയാണ്. വിരലിൽ എണ്ണാവുന്ന കുറച്ചു പേർ മാത്രമാണ് ക്രൈസ്തവരിൽനിന്നും ഇതര ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമുള്ളത്. ഈ അനീതി തുടരുന്നതിനായി ആസൂത്രിത നിയമനിർമാണങ്ങൾ പോലും നടത്തപ്പെട്ടു .ന്യൂനപക്ഷ കമ്മീഷൻ ആക്ടിൽ കമ്മീഷൻ ചെയർമാൻ, അംഗം എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട വകുപ്പിൽ 2017 ൽ കൊണ്ടുവന്ന ഭേദഗതി ന്യൂനപക്ഷ കമ്മീഷന്റെ നിഷ്പക്ഷമായ നീതി നിർവഹണത്തെ അട്ടിമറിക്കുന്നതാണെന്നത് നിലവിലെ കമ്മീഷന്റെ പ്രവർത്തനങ്ങളിൽനിന്ന് തന്നെ വ്യക്തമാണ്. കമ്മീഷൻ അംഗങ്ങൾ ഒരു സമുദായത്തിൽനിന്നു മാത്രം മതി എന്ന രഹസ്യ അജൻഡയ്ക്കു നിയമപരിരക്ഷ നൽകാനായിരുന്നില്ലേ ഈ ഭേദഗതി. അല്ലെങ്കിൽ അതിന്റെ ന്യായം ബന്ധപ്പെട്ടവർ വ്യക്തമാക്കട്ടെ. ക്ഷേമ പദ്ധതികളിലെ അനീതിക്കെതിരേ ന്യൂനപക്ഷ കമ്മീഷന്റെ മുൻപിൽ കേരളത്തിലെ ക്രൈസ്തവ സംഘടനകളും വ്യക്തികളും സമർപ്പിച്ച നിരവധിയായ പരാതികളിൽ നിഷ്പക്ഷമായി നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇന്നത്തെ ഈ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല.
തെറ്റ് -11: ക്രൈസ്തവർ ഒഴിവാക്കപ്പെടുന്നു
പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽനിന്നു ക്രൈസ്തവർ ഒഴിവാക്കപ്പെടുന്നു. ക്രൈസ്തവർ അധിവസിക്കുന്ന മേഖലകൾ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ പ്രസ്തുത പ്രദേശത്തു വസിക്കുന്ന സകല ജനങ്ങളുമാണെന്നു വാദിക്കുമ്പോഴും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി മുസ്ലിം സമുദായാംഗങ്ങൾക്കായി മദ്രസാ കെട്ടിടങ്ങളും കമ്യൂണിറ്റി ഹാളുകളുമൊക്കെയാണ് നിർമിക്കുന്നതെന്നത് വസ്തുതയായി മുന്പിലുണ്ട് . ഇത് മറ്റുള്ളവർക്ക് എങ്ങനെയാണ് ഗുണപ്രദമാകുന്നത്?
തെറ്റ് -12: നിഷ്പക്ഷത മറക്കുന്നവർ
സംസ്ഥാന ന്യുനപക്ഷ വകുപ്പിൽ ഔദ്യോഗിക പദവി വഹിക്കുന്നവർ മാധ്യമങ്ങളിലൂടെ പക്ഷം പിടിച്ചുകൊണ്ടുള്ള ന്യായീകരണങ്ങൾ നിരത്തുന്നു. ഇവർ പരസ്യമായി തന്നെ ഇപ്രകാരം ചെയ്യുമ്പോൾ രഹസ്യമായി എന്തെല്ലാം ചെയ്യാതിരിക്കുകയില്ല! എല്ലാ വിഭാഗം ജനങ്ങളുമുൾപ്പെടുന്ന നികുതിദായകരുടെ പണം ശമ്പളമായി കൈപ്പറ്റുന്നവർ നിഷ്പക്ഷതയും നീതിയും നിയമവും പുലർത്താൻ കടപ്പെട്ടിരിക്കുന്നു എന്നു മാത്രം പറയട്ടെ. ഈ തെറ്റുകളൊക്കെ താമസംവിനാ പരിഹരിക്കപ്പെടുകയാണ് വേണ്ടത്.
ഫാ. ജയിംസ് കൊക്കാവയലിൽ