1995ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചു മൂടപ്പെട്ടു എന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടു എന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിൻ്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എമ്പാടും മതഭേദമന്യേ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമനിർമാണത്തിലെ ചതിക്കുഴികൾ 29 വർഷം കഴിഞ്ഞപ്പോഴാണ് നമ്മളിൽ പലർക്കും മനസ്സിലായത്! മുനമ്പംകാർക്കുമീതെ അത് രണ്ടു വർഷം മുമ്പ് ഇടിത്തീ പോലെ പതിച്ചെങ്കിലും അതു പൊതുജനമധ്യത്തിലേക്ക് എത്താതിരിക്കാൻ തല്പരകക്ഷികൾ പ്രത്യേകം ശ്രദ്ധിച്ചു എന്നു വ്യക്തമാണ്. ക്രൈസ്തവ വൃത്തങ്ങളിൽ ഈ വിഷയം ശ്രദ്ധ നേടിയത് കഴിഞ്ഞ ആഗസ്റ്റു 12-ാം തീയതി ദീപിക ദിനപത്രത്തിൽ വഖഫ് ഭേദഗതിയുടെ പ്രസക്തിയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തിലൂടെയാണ്. ആഗസ്റ്റ് 28-ാം തീയതി നരേന്ദ്രമോദി സർക്കാർ പാർലമെൻ്റിൽ ഭേദഗതി ബിൽ അവതരിപ്പിച്ചതോടെ ഇന്ത്യയിൽ അത് വൻ ചർച്ചയ്ക്ക് വിഷയമായിത്തീർന്നു.

*സ്ഥലം എംപിയുടെ ചതി!*

തിരഞ്ഞെടുപ്പു കാലത്ത് മുനമ്പത്തു നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത്, ചില നിഗൂഢശക്തികളാണ് ഈ പ്രശ്നങ്ങൾക്കു പിന്നിൽ എന്നു പ്രസ്താവിക്കുകയും എല്ലാം എളുപ്പത്തിൽ ശരിയാക്കാമെന്ന് വാഗ്ദാനം നല്കുകയും ചെയ്ത എറണാകുളം ലോകസഭാമണ്ഡലത്തിലെ കോൺഗ്രസ്സ് എംപിയായ ശ്രീ. ഹൈബി ഈഡന് കേന്ദ്രസർക്കാർ പാർലിമെൻ്റിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ സ്വന്തം നിയോജകമണ്ഡലത്തിൽ പെട്ട മുനമ്പം നിവാസികളുടെ പ്രശ്നം അവതരിപ്പിക്കാൻ ഒരു സുവർണ അവസരമാണ് ലഭിച്ചത്. മറിച്ച്, അദ്ദേഹം ചെയ്തത് ഭേദഗതിബിൽ അവതരിപ്പിക്കുന്നതിനെതിരേ നോട്ടീസു കൊടുക്കുകയാണ്! പാർട്ടിയുടേതിൽ നിന്നു വ്യത്യസ്തമായി ഒരു നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നത് ഒരു വാദത്തിനു വേണ്ടി അംഗീകരിക്കാമെങ്കിലും, ആ വിഷയാവതരണം തടയാൻ അദ്ദേഹം തന്നെ നോട്ടീസ് നല്കി മുന്നിട്ടിറങ്ങിയത് എന്തിനായിരുന്നു? തങ്ങൾ അനുഭവിക്കുന്ന വഖഫ് ദുരന്തം നീങ്ങിക്കിട്ടാൻ അവസരമൊരുങ്ങുമ്പോൾ തങ്ങളുടെ എംപി തന്നെ അതിനെതിരേ നിലകൊണ്ടു എന്ന സത്യം ഹൃദയം പൊട്ടുന്ന വേദനയോടെയാണ് മുനമ്പംകാർ തിരിച്ചറിഞ്ഞത്!

*മുനമ്പംകാരോടുള്ള അടുത്ത ചതി!*

മുനമ്പംപ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണമാണ് കോൺഗ്രസ്സ് പാർട്ടി നടത്തിയ അടുത്ത ചതി. ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പത്തെത്തിയ പ്രതിപക്ഷനേതാവാണ് അതു പറഞ്ഞത്. ആ ആശയം പിന്നീട് കത്തോലിക്കാസഭയിലെ പലരും ഏറ്റെടുത്തു പ്രചരിപ്പിച്ചു. വഞ്ചി സ്ക്വയറിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സമരത്തിൽ സംസാരിക്കാൻ നിയുക്തരായിരുന്ന എല്ലാവരോടും സംഘാടകർ നിർബന്ധമായും ആവശ്യപ്പെട്ടത് മുനമ്പം വിഷയത്തെ വഖഫ് ആക്ടുമായി ബന്ധിപ്പിക്കരുത് എന്നായിരുന്നു. കോൺഗ്രസ്സ് അടിമകളായ ലത്തീൻ കത്തോലിക്കാ നേതാക്കളും ഉത്തരവാദിത്തത്തിൽ പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചില വൈദികർ പോലും ഈ നിലപാടാണ് പുലർത്തിയത്. ഇവരെല്ലാം ഉത്തരം നല്കേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്: *മുനമ്പം നിവാസികളുടെ ഭൂമിയുടെ അവകാശം വില്ലേജാഫീസിലും താലൂക്കാഫീസിലും വഖഫ് ബോർഡിൻ്റേതാക്കി മാറ്റിയത്, വഖഫ് ആക്ടനുസരിച്ചല്ലെങ്കിൽ, മറ്റേതു നിയമത്തിൻ്റെ പിൻബലത്തിലാണ്?* മുനമ്പം വിഷയത്തിൽ ഏറെ താല്പര്യത്തോടെ ഇടപെടുന്ന ചില ഉന്നതന്മാരുടെ തുടർ നടപടികൾ തികച്ചും പരിഹാസ്യമാണ്. ജനം ഇതു വ്യക്തമായി കാണുന്നു.

*മുനമ്പം വഖഫ് ഭൂമിയല്ലെന്ന് മുസ്ലീം പ്രസ്ഥാനങ്ങളെല്ലാം പറയുന്നുണ്ടോ?*

കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും പ്രസ്ഥാനങ്ങളും മത പണ്ഡിതന്മാരും മുനമ്പം വഖഫ് ഭൂമിയായി കരുതുന്നില്ല എന്നെ പ്രസ്ഥാവനയും പ്രതിപക്ഷനേതാവിൻ്റേതായി ഉണ്ടായിരുന്നു. KLCA പ്രസിഡണ്ട്, KCBC വക്താവ്, വരാപ്പുഴ സഹായമെത്രാൻ എന്നിങ്ങനെ ചിലർ ഇത് ഏറ്റുപാടുന്നതും കേൾക്കാൻ കഴിഞ്ഞു. എങ്കിൽ എന്തുകൊണ്ട് അവർ അത് പരസ്യമായി പറയുന്നില്ല എന്ന ചോദ്യത്തിന് ഒരു യോഗത്തിൽ ഒരു നേതാവ് പറഞ്ഞ ഉത്തരം ഒമ്പതോളം പ്രസ്ഥാനങ്ങളുടെ മുഖ്യനേതാക്കളെ വിളിച്ചുകൂട്ടി ഒരു പ്രസ്താവനയിറക്കുക ശ്രമകരമാണ് എന്നാണ്! ശാസ്ത്രസാങ്കേതിക വിദ്യകൾ ഇത്രയ്ക്ക് വളർന്ന ഒരു കാലത്ത് ഇത്തരമുള്ള ഒരു പ്രസ്താവനയുടെ ധ്വനി വളരെ വ്യക്തമാണ് – ആത്മാർത്ഥതയില്ലാത്ത വാചകമടി! ആത്മാർത്ഥതയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി പ്രതിധാനം ചെയ്യുന്ന മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക മുഖപത്രമായ ചന്ദ്രിക ഒക്ടോബർ 22-ന് മുനമ്പം വഖഫ് ഭൂമിയാണ് എന്നു സ്ഥാപിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചത്? ഒക്ടോബർ 28-ന് നടന്ന പരസ്യയോഗത്തിൽ, എന്തുകൊണ്ടാണ് ശ്രീ. കുഞ്ഞാലിക്കുട്ടി “മുനമ്പം വഖഫ് ഭൂമിയല്ല” എന്ന കൃത്യമായ പ്രസ്താവന നടത്തുന്നതിനു പകരം “മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം” എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയത്?

*നിയമസഭയിലെ കൂട്ടച്ചതി!*

ന്യൂനപക്ഷ വകുപ്പു മന്ത്രി കേരളത്തിൽ വെറും മുസ്ലീം വകുപ്പു മന്ത്രിയായി മാറിക്കഴിഞ്ഞോ എന്നതാണ് ഇപ്പോൾ നിഷ്പക്ഷരായ ഏവരും ഉയർത്തുന്ന ചോദ്യം. കേരള സർക്കാരിൻ്റേതായി അദ്ദേഹം JPCക്കു സമർപ്പിച്ച ഭേദഗതി വിരുദ്ധ റിപ്പോർട്ട് കേരളത്തിലെ ജനസാമാന്യത്തിൻ്റെ നിലപാടുകളെ പ്രതിനിധീകരിക്കുന്നുണ്ടോ? അദ്ദേഹം തന്നെ നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി വിരുദ്ധ ബിൽ മലയാളികളുടെ മനസ്സിന് ഇണങ്ങിയതാണോ? വഖഫ് ആക്ടു സംബന്ധിയായി കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ അസ്വീകാര്യമാണെങ്കിൽ ഒരു ബദൽ ഭേദഗതി ബിൽ അവതരിപ്പിക്കാനായിരുന്നു നിയമസഭ തയ്യാറാകേണ്ടിയിരുന്നത്. മറിച്ച്, 140 MLAമാർ ഒറ്റക്കെട്ടായി വോട്ടു ചെയ്തു പാസ്സാക്കിയ ആ പ്രമേയം മലയാളികളുടെ മതേതര മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ചു കഴിഞ്ഞു. അതിൻ്റെ പ്രത്യാഘാതങ്ങൾ ഇനി ഏതെല്ലാം ആഭിമുഖ്യങ്ങളെയും സമവാക്യങ്ങളെയുമാണ് ഇളക്കിമറിക്കുന്നത് എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.

*’ഉടനടി സെറ്റിൽമെൻ്റ്’ ചതിശ്രമങ്ങൾ!*

ഉപതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തിയിരിക്കുന്ന ഈ സമയത്ത് ചില പാർട്ടികൾ ആകെ ഇണ്ടാസിലായി നില്ക്കുകയാണ്. സെറ്റിൽമെൻ് എന്ന പേരിൽ മതമേലധ്യക്ഷന്മാരുടെ മേൽ ഇപ്പോൾ സമ്മർദ്ദം ഉയരുകയാണ്. ഏതായാലും, ചതിയന്മാരുടെ വക്കാലത്ത് എടുക്കാൻ ആത്മാർത്ഥതയുള്ള ഒരു മെത്രാനെയും ഒരു വൈദികനെയും ഒരു അല്മായ നേതാവിനെയും ഇപ്പോൾ കിട്ടും എന്നു ഞാൻ കരുതുന്നില്ല. അത്തരം താല്ക്കാലിക അഡ്ജസ്റ്റുമെൻ്റുകൾക്ക് ആരെങ്കിലും തയ്യാറായാൽത്തന്നെ, അത് ചില പാർട്ടികൾക്കെതിരേ ഉയർന്നുവന്നിട്ടുള്ള ജനരോഷത്തെ തണുപ്പിക്കാൻ സഹായകമാകും എന്നും കരുതാൻ വഴിയില്ല. *ഉപ്പു തിന്നവൻ വെള്ളം കുടിക്കും!*

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്