കൊച്ചി . മനുഷ്യവിഭവ സമ്പത്താണ് രാജ്യത്തിന്റെ മുതൽക്കൂട്ടെന്നും ഓരോ കുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നും ഗർഭാവസ്ഥ മുതൽ അതൊരു മനുഷ്യ ജീവനായി കരുതേണ്ടതാണെന്നും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന സന്ദേശമാണ് കെ.സി.ബി.സി. പ്രോലൈഫ് സമിതി തയ്യാറാക്കിയ ക്രിസ്തുമസ് കാർഡുകളിലുള്ളത്.


കെ.സി.ബി.സി. പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സി ബി സി ഐ പ്രസിഡന്റ് മാർ ആൻട്രുസ് താഴത്തിന് നൽകിയാണ് പ്രകാശനം ചെയ്തത്.


പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടക്കുന്ന കേരള കത്തോലിക്കാമെത്രാൻ സമിതിയുടെ സമ്മേളനത്തിനിടയിൽ വച്ചു നടന്ന ചടങ്ങിൽ സി.ബി.സി.ഐ. പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത്,പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, വൈസ് ചെയർമാൻമാരായ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് , മാർ സെബാസ്റ്റ്യൻ വാണിയ പുരക്കൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ , മാർ തോമസ് തറയിൽ ,പ്രോലൈഫ് ഡയറക്ടർ റവ: ഫാ. കളീറ്റസ് വർഗീസ്, പ്രസിഡണ്ട് ജോൺസൺ ചൂരേ പറമ്പിൽ , ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ് എന്നിവർ പങ്കെടുത്തു.

കെ.സി.ബി.സി പ്രോലൈഫ് സമിതി ഭാരവാഹിയായ ജെസ് ലിൻ -ജോ ദമ്പതികളുടെ അടുത്തയിടെ ജനിച്ച ഒമ്പതാമത്തെ കുഞ്ഞിന്റെ ചിത്രമാണ് ക്രിസ്തുമസ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നതെന്നതും കാർഡിനെ വ്യത്യസ്ഥമാക്കുന്നുണ്ട്.








