ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു സാധ്യത തെളിയുന്നു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് എത്രയും വേഗം വഴിയൊരുക്കണമെന്ന ആവശ്യത്തോടു വളരെ ക്രിയാത്മകമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതെന്ന് ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ മുൻ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവരുടെ പൊതുവായ എല്ലാ ആവശ്യങ്ങളിലും വളരെ അനുകൂല സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഉന്നയിച്ച വിഷയങ്ങളിൽ പലതിലും പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ. കൂടിക്കാഴ്ച വളരെ സൗഹാർദപരവും ഹൃദ്യവും ക്രിയാത്മകവുമായിരുന്നുവെന്നു മൂവരും അറിയിച്ചു.
രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങൾക്കായി ഇത്തരമൊരു വിശദമായ ചർച്ചയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രിക്കും ചർച്ചയ്ക്കായി മുൻകൈയെടുത്ത മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയ്ക്കും കർദിനാൾമാർ നന്ദി അറിയിച്ചു.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാവിലെ 11.15ന് കത്തോലിക്കാ സഭയിലെ മൂന്നു കർദിനാൾമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച മുക്കാൽ മണിക്കൂറിലേറെ നീണ്ടു.
രാജ്യത്തെ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കായി കത്തോലിക്കാ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മാത്രം കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 152 കോടി രൂപയുടെ സഹായങ്ങൾ കത്തോലിക്കാ സഭ ഇന്ത്യയിൽ നടത്തിയെന്നു കർദിനാൾമാർ പ്രധാനമന്ത്രിയെ അറിയിച്ചു. സഭ എപ്പോഴും പാവങ്ങളോടൊപ്പമുണ്ടാകും. രാജ്യത്തിനു സഭ നൽകിവരുന്ന സേവനങ്ങൾ തുടരുമെന്നും മൂവരും ഉറപ്പു നൽകി.ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചു വളരെ അനുകൂല പ്രതികരണമാണു പ്രധാനമന്ത്രി നൽകിയതെന്ന് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാ കാര്യങ്ങളും മറ്റും കണക്കിലെടുത്തു യോജിച്ച തീയതി കണ്ടെത്തേണ്ടതുണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവന്റെ ഇന്ത്യാ സന്ദർശനമെന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ആഗ്രഹം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നതായി മൂവരും വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ – ദീപിക