‘ഹോപ്പ്’ അഥവാ ‘പ്രതീക്ഷ’ എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുക. റാൻഡം ഹൗസ് പബ്ലിഷിംഗ് ആണ് ആഗോള തലത്തിലുള്ള പ്രസിദ്ധീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹത്തിൻ്റെ മരണശേഷം ഓർമ്മക്കുറിപ്പ് പുറത്തിറക്കുക എന്നതായിരുന്നു യഥാർത്ഥ പദ്ധതിയെന്നും എന്നാല്‍ വരാനിരിക്കുന്ന 2025 ജൂബിലി വർഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഇത് പ്രസിദ്ധീകരിക്കാൻ മാർപാപ്പ തീരുമാനിക്കുകയായിരിന്നുവെന്നും പ്രസാദകര്‍ പറയുന്നു.

കത്തോലിക്ക സഭയിൽ ഓരോ 25 വർഷത്തിലും ജൂബിലി വർഷമായി ആചരിക്കുകയാണ്. വിശ്വാസികള്‍ക്ക് പ്രത്യേക കൃപയുടെയും തീർത്ഥാടനത്തിൻ്റെയും വർഷമായാണ് ജൂബിലി വര്‍ഷത്തെ പൊതുവേ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂബിലി വര്‍ഷം തന്നെ പാപ്പ തെരഞ്ഞെടുത്തതെന്ന് കരുതപ്പെടുന്നു. 2019 മാർച്ചിൽ ഓർമ്മക്കുറിപ്പ് സംബന്ധിക്കുന്ന എഴുത്തുകള്‍ക്ക് പാപ്പ തുടക്കമിട്ടിരുന്നു. 2025 ജനുവരി 14ന് എണ്‍പതിലധികം രാജ്യങ്ങളിൽ പാപ്പയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പ് ലഭ്യമാകും.

തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തൻ്റെ കുടുംബത്തിൻ്റെയും ജനങ്ങളുടെയും ദൈവജനത്തിൻ്റെയും യാത്രയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി റാൻഡം ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഒരു മാർപാപ്പ പ്രസിദ്ധീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ആത്മകഥയാണ് ‘ഹോപ്പ്’.