2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താര, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ശിൽപ്പി ശ്രി.ജോസഫ്.സി.എൽ. ൻ്റെ പേരിൽ റെക്കോർഡ് ചേർക്കപ്പെട്ടത്. പ്രതീകാത്മകമായി പരിശുദ്ധാത്മാവിനെയും ക്രിസ്തു ശിഷ്യരായ 12 പേരുടെയും ചിത്രങ്ങളാണ്, സ്റ്റെയിൻ്റ് ഗ്ലാസ്സിൽ ആലേഖനം ചെയ്തിരിക്കുന്നത്. ചില്ലിൻ്റെ മുകളിൽ വിവിധ കളറുകൾക്കനുസരിച്ച് ലോഹ ധാതുക്കളും ചില്ലുപൊടിയും വെള്ളവും പശയും ചേർത്ത് ചൂടാക്കിയാണ് സ്റ്റെയിൻ്റ് ഗ്ലാസ് ഉണ്ടാക്കുന്നത്. ലോഹ ധാതുക്കൾക്ക്, ചില്ലിനേക്കാൾ തിളനില കൂടിയതിനാൽ ചൂടാക്കുമ്പോൾ, ചില്ല് ഉരുകി ആവശ്യമുള്ള കളറുകളിലേക്കെത്തിക്കുകയാണ് സാധാരണ ചെയ്യുക.70 അടി നീളവും 45 അടി ഉയരവുമുള്ള പറപ്പൂരിലെ അൾത്താര, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റയിൻ്റ് ഗ്ലാസ്സ് അൾത്താരയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ അറിയപ്പെടും.
ആലുവ സെമിനാരിയിലെ പൊട്ടി പോയ സ്റ്റെയിൻ്റ് ഗ്ലാസ്സിൻ്റെ പുനരുദ്ധാരണത്തിനായി, ഇപ്പോഴത്തെ മെൽബൺ രൂപതാധ്യക്ഷനും പറപ്പൂർ ഇടവകാംഗവുമായ മാർ ബോസ്കോ പിതാവിൻ്റെ താൽപ്പര്യാർത്ഥം അവിടെയെത്തിയതും പതിറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ്സ് പാനലുകൾ, അതേപടി പുനരുദ്ധരിച്ചതുമാണ്, സ്റ്റയിൻ്റ് ഗ്ലാസ്സ് മേഖലയിലേയ്ക്കുള്ള കടന്നുവരവിന് ആക്കം കൂട്ടിയത്.ശ്രി.ജോസഫ് കുന്നത്തിൻ്റെ സുഹൃത്തും ആലുവ സെമിനാരിയിലെ സ്റ്റയിൻ്റ് ഗ്ലാസ്സ് പുനരുദ്ധാരണ കാലയളവിൽ അവിടുത്ത വൈദികാർത്ഥിയുമായിരുന്ന ഫാ.ടിബിൻ ആണ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുമായി ബന്ധപ്പെട്ട്, റെക്കോർഡിനു വേണ്ട പശ്ചാത്തലമൊരുക്കിയത്.രാജസ്ഥാനിലെ മിഷൻ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഫാ.ടിബിൻ തന്നെയാണ്, ഇക്കാര്യം പിന്തുടർന്നതും അവാർഡു ലഭ്യമാക്കുന്നതിനു വേണ്ട ആശയ വിനിമയങ്ങൾ ഏകോപിപ്പിച്ചതും. പൊതുവേദിയിൽ നടത്തപ്പെടേണ്ട അവാർഡുദാന ചടങ്ങ്, കോവിഡിൻ്റെ പശ്ച്ചാത്തലത്തിൽ ഒഴിവാക്കി, അവാർഡും സർട്ടിഫിക്കേറ്റും കൈമാറുകയായിരുന്നു.
കേരളം, തമിഴ്നാട്, കർണാടകം, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി 37 അൾത്താരകൾ, അതും സ്റ്റയിൻ്റ് ഗ്ലാസ്സ് പശ്ചാത്തലമുള്ളവ ഇതിനകം, ശ്രീ.ജോസഫ് സി.എൽ.പൂർത്തീകരിച്ചിട്ടുണ്ട്. നിരവധി അൾത്താരകളുടെ ശിൽപ്പിയായ അദ്ദേഹം, വിവിധ സ്കൂളുകളിലും ചിത്രകലാ സ്ഥാപനങ്ങളിലും വിസിറ്റിംഗ് അധ്യാപകൻ കൂടിയാണ്. ഇപ്പോൾ തൻ്റെ ഇഷ്ട മേഖലയായ “Pigmentation of Stained glass” എന്ന വിഷയത്തിൽ ഗവേഷണവും നടത്തി വരുന്നു.
ഇനി ശ്രീ.ജോസഫ് കുന്നത്തെന്നചിത്രകലയുടെ ഇന്ദ്രജാലക്കാരനെ പറ്റി;
ചെറുപ്പം മുതൽ കണ്ടുതുടങ്ങിയ ചിത്രകാരൻ. കൂടുതൽ പരിചയം, അദ്ദേഹത്തിന്റെ ഭാര്യാപിതാവും പറപ്പൂരിലെ എക്കാലത്തേയും മികച്ച ചിത്രകാരനും പറപ്പൂർ പള്ളിയിൽ പതിറ്റാണ്ടുകളോളം നിസ്വാർത്ഥമായി പ്രവർത്തിച്ച ആസ്ഥാന അലങ്കാരഗുരുവും എന്നോട് എപ്പോഴും പിതൃസഹജമായ വാൽസല്യം പുലർത്തിയിരുന്നയാളുമായ സിനി ഔസേഫ് മാഷിലൂടെയാണ്.
ഞങ്ങൾക്കദ്ദേഹം ജോസഫ് കുന്നത്തൊന്നുമല്ല; സിനി ഔസേഫ് മാഷിന്റെ മരുമകനെന്ന അഡ്രസ്സിനു പുറത്തേയ്ക്ക് വളർന്ന സിനി ഔസേഫേട്ടൻ. ഒരു പക്ഷേ അദ്ദേഹത്തിന്റെ സ്റ്റുഡിയോയുടെ പേരായ സീദോൻ പോലും വ്യക്തിപരമായി ഓർത്തെടുക്കാൻ ഞങ്ങൾക്കു പ്രയാസമാണ്. ഒരു ചിത്രകാരനെന്നതിലുപരി എന്നെയേറ്റവും ആകർഷിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷമായ നിലപാടുകൾ തന്നെയാണ്. ചെയ്യുന്ന പ്രവർത്തി, സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെയ്ക്കാതെ സമർപ്പണബോധത്തോടെ, മറ്റൊരാളുടെ അമിത ഇടപെടലുകൾക്ക് വഴിപ്പെടാതെ തീർക്കുന്ന വ്യക്തിത്വം. ചെയ്യുന്ന കലയെപ്പറ്റി ചരിത്ര പശ്ചാത്തലത്തോടെ ശാസ്ത്രീയമായി സംസാരിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ ഈ മേഖലയിൽ വേറിട്ടവനാക്കുന്നത്. കലയെ വിൽപ്പന ചരക്കാക്കുന്നിടത്തും , കച്ചവട താൽപ്പര്യങ്ങളുള്ളിടത്തും പൊട്ടിത്തെറിക്കുന്ന യൗവ്വനം.സമ്മർദ്ദ തന്ത്രങ്ങളിൽ ഒരിക്കൽപ്പോലും വിധേയനാകാതെ സ്വതസിദ്ധമായ ശൈലിയിലൂടെ രാജ്യാന്തര തലത്തിലേയ്ക്കു വളർന്നയൊരാൾ. നാശോൻമുഖമായ രൂപങ്ങളെയും ചിത്രങ്ങളേയും പുതുക്കുന്ന റിസ്റ്റോറേഷനും സ്റ്റെയിൻഡ് ഗ്ലാസ്സ് പെയിന്റിംഗും ആധികാരിമായി തന്നെ ചെയ്യാനും സംസാരിക്കാനും കഴിവുള്ള ഇന്ത്യയിലെ തന്നെ വിരലിലെണ്ണാവുന്ന വിധത്തിൽ വളർച്ചയെത്തിയൊരാൾ
അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ വ്യാപ്തിയറിയാൻ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ ചെന്നാൽ മതി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള സെമിനാരിയിലെ ഗ്ലാസ്സുവർക്കുകളിൽ ചിലത് പൊട്ടി നശിച്ചപ്പോൾ അന്നത്തെ സെമിനാരി റെക്ടറും ഇപ്പോഴത്തെ മെൽബൺ രൂപതാധ്യക്ഷനുമായ മാർ ഡോ.ബോസ്കോ പുത്തൂരിന്റെ അന്വേഷണം ചെന്നെത്തിയത് നാട്ടുകാരൻ കൂടിയായ ജോസഫിലാണ്. സ്വന്തം ഇടവകപ്പള്ളിയായ പറപ്പൂരിലെ അൾത്താരയിലും നിരവധി വിസ്മയങ്ങൾ അദ്ദേഹം ഒളിപ്പിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഗ്ലാസ്സിൽ തീർത്ത അൾത്താരകളിൽ ഏറ്റവും വീതിയുള്ളത് പറപ്പൂരിലേതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോഴതിന് ആധികാരികതയായി. പറപ്പൂർ പള്ളിയിലെ ഇപ്പോഴത്തെ അൾത്താരയിലെ മുകൾ വശത്തെ ക്രൂശിത രൂപം മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ളതായിരുന്നു. പഴയ പള്ളിയുടെ തെക്കുവശത്തു സ്ഥാപിച്ചിരുന്ന ഈ ക്രൂശിത രൂപം എത്ര മനോഹരമായാണ്, കേടുപാടുകൾ തീർത്ത് പുനരുദ്ധരിച്ച് പുതിയ അൾത്താരയിൽ സ്ഥാപിച്ചത്.അൾത്താരയിലെ വി.ജോൺ നെപുംസ്യാൻ്റെ ജീവസ്സുറ്റ രൂപവും ശ്രി.ജോസഫ് കുന്നത്തിൻ്റെ ശിൽപ്പ ചാരുത തന്നെയെന്ന കാര്യത്തിൽ തർക്കമില്ല ഏനാമാക്കലിലെ 18 അടി ഉയരമുള്ള ശിൽപ്പവും ബാംഗ്ലൂരിലെ നിരവധിയിടങ്ങളിലെ അദ്ദേഹത്തിന്റെ വർക്കുകളും പ്രത്യേക പരാമർശമർഹിക്കുന്നു. ഇതിനകം മുപ്പത്തിയേഴോളം അൾത്താരകൾ നിലവിൽ പൂർത്തീകരിച്ച അദ്ദേഹം ഒരു കലാവിസ്മയം തന്നെ.
ഓസേഫേട്ടൻ….കലാരംഗത്ത് ഇനിയും വിളങ്ങാൻ താങ്കൾക്കാകട്ടെ.
ഔസേഫേട്ടാ, ഞങ്ങൾ പറപ്പൂരുകാരെപ്പോഴുമിങ്ങിനെയാണ്. ലോകം അംഗീകരിക്കുമ്പോഴേ, ഞങ്ങളും അംഗീകരിക്കൂ
ഡെയ്സൻ പാണേങ്ങാടൻ, പറപ്പൂർ