ക്രൈസ്തവ സഹോദരങ്ങളുടെ വിയോജിപ്പുകൾ കേട്ട് ദുഃഖിതനായി സുവിശേഷം പ്രസംഗം അവസാനിപ്പിക്കുന്നു എന്ന് നിങ്ങൾ പ്രഖ്യാപിക്കുന്നതു വളരെ ദുഃഖത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. അങ്ങേയ്ക്കെതിരെ അഭിപ്രായം പറഞ്ഞവരിൽ ഞാനും ഉൾപ്പെടുന്നു എന്നതിനാൽ ഒരു തുറന്ന അഭ്യർത്ഥന നടത്താൻ ഞാൻ നിർബന്ധിതനാകുന്നു. നിങ്ങൾ സുവിശേഷ പ്രസംഗം നിർത്തരുത്.

അതിന്റെ ഒന്നാമത്തെ കാരണം അങ്ങയുടെ മാനസാന്തരവും യഥാർത്ഥ സുവിശേഷ പ്രസംഗവും ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹം അങ്ങയെക്കുറിച്ചുള്ള വിമർശനം ഉന്നയിച്ച കാരണം അങ്ങ് തെറ്റായി മനസിലാക്കി എന്നതാണ്. അങ്ങ് പറഞ്ഞത് ഞങ്ങൾക്ക് അങ്ങ് സുവിശേഷം പ്രസംഗിക്കുന്നതാണ് പ്രശ്നം അതുകൊണ്ടു പ്രസംഗം നിർത്തുന്നുന്നു എന്നാണ്. അത് ശരിയല്ല.

ഞങ്ങൾക്ക് അങ്ങ് സുവിശേഷം പ്രസംഗിക്കുന്നത് ഇഷ്ടമാണ്. അങ്ങ് ബൈബിൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകി വചനവേദിയിൽ നിന്ന് മറ്റൊരു മതഗ്രന്ഥം പ്രസംഗിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാകുന്നതിനാൽ മാറ്റം വരുത്തണം എന്നാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. സുവിഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് കഷ്ടം എന്ന് വചനപ്രഘോഷകരെക്കുറിച്ചുള്ള വചനം അങ്ങ് ഞങ്ങളെക്കാൾ വിശ്വസിക്കുന്നുണ്ടാകുമല്ലോ? സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും തുടരണം എന്ന വചനവും

അതിനാൽ അങ്ങ് ഒരൊറ്റ കാര്യം പറഞ്ഞാൽ മാത്രം മതിയായിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ, അവയും ദൈവ വചനം എന്ന് തോന്നിക്കുന്ന രീതിയിൽ ഞാൻ അന്യമത ഉപദേശങ്ങൾ പ്രാധാന്യം നൽകി പ്രസംഗിക്കുന്നത് നിർത്തും എന്ന് പറഞ്ഞിരുന്നെങ്കിൽ അങ്ങയുടെ ശത്രുക്കൾക്കു വാതുറക്കാൻ പോലും പറ്റാത്ത മറുപടിയും ഞങ്ങളെപ്പോലുള്ളവർക്കു ആവേശം നൽകുന്ന തീരുമാനവും ആകുമായിരുന്നു. അങ്ങയുടെ മതത്തിൽ നിന്ന് വന്ന മറ്റു പലരും കയ്യടികളോടെ ഇന്നും വചനം പ്രസംഗിക്കുന്ന കേരള സഭയിൽ അവർക്കാർക്കും ഉണ്ടാകാത്ത എതിർപ്പ് അങ്ങേക്കെതിരെ ഉണ്ടായ സാഹചര്യം അവസാനിക്കുമായിരുന്നു.

അന്യമത ഗ്രൻഥം പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്താൻ ദൈവ വചനം പറയുന്നത് അവസാനിപ്പിക്കുന്നു എന്ന രീതിയിൽ ഉള്ള ഈ തീരുമാനം അങ്ങയുടെ ശത്രുക്കളുടെ ആരോപണം നിലനിർത്തുന്നതും ശരിവക്കുന്നതും ആയിപ്പോയതിനാൽ അതിൽ നിന്ന് പിന്തിരിഞ്ഞു കത്തോലിക്കാ വിശുദ്ധരുടെ ജീവിതത്തിൽ അവർ പിന്തുടർന്ന മഹനീയ മാതൃക പിൻപറ്റണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ അഗ്നിപരീക്ഷ തരണം ചെയ്തു ആവശ്യമില്ലാത്തവ തള്ളിപ്പറഞ്ഞു അങ്ങ് പഴയ ചൈതന്യം വീണ്ടെടുക്കണം.

തള്ളിപ്പറയാൻ അല്ലാതെ സഭാ ചരിത്രത്തിലെ ഒരു പാഷാണ്ഡതക്കാരന്റെ യേശുവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രമാണമാക്കി പ്രസംഗിക്കാൻ കത്തോലിക്കാ സഭയിൽ പറ്റുമോ ? അങ്ങനെയെങ്കിൽ യേശുവിന്റെ ദൈവത്വത്തെ തള്ളിപ്പറയുന്ന ഗ്രന്ഥങ്ങൾ മറ്റു മനുഷ്യർ വിശ്വസിക്കുന്നു എന്ന കാരണത്താൽ വചന വേദിയിൽ അതിരുകടന്ന രീതിയിൽ അവ ഉദ്ധരിക്കാൻ സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ വചന പ്രഘോഷണം അവസാനിപ്പിക്കും എന്ന് പറയുന്നത് പാഷാണ്ഡതയ്ക്കു സമാനമായ അവസ്ഥ ഉളവാക്കും എന്ന എളിയ സത്യം തിരിച്ചറിഞ്ഞു യഥാർത്ഥത്തിൽ അങ്ങയെ സ്നേഹിക്കുന്നവർ കാത്തിരുന്ന പ്രഖ്യാപനം നടത്തി അങ്ങ് സുവിശേഷത്തെ മുറുകെപ്പിടിക്കുകയും ബാക്കിയുള്ളതെല്ലാം നിസ്സാരമായി കരുതുകയും ചെയ്യണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

ഒരിക്കൽ കൂടെ പറയട്ടെ … വചനപ്രഘോഷണം നിർത്തും എന്ന് പറയുന്നതിനേക്കാൾ എത്രയോ മനോഹരമായിരുന്നു വചനവേദിയിൽ

അനുചിതമായ രീതിയിലുള്ള അന്യമത പ്രഭാഷണം അവസാനിപ്പിക്കും എന്ന പ്രഖ്യാപനം. പരിശുദ്ധാത്മാവ് അങ്ങനെ പറയാനേ വഴിയുള്ളൂ. ഇത് കേൾക്കണമേ …

ജോസഫ് ദാസൻ