കോട്ടയം: അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഒരു അന്തേവാസിക്ക് ഒരു മാസം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അലവന്‍സ് 1100 രൂപയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരാണ് ഇവരേറെയും എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്ന സാഹചര്യമാണ്. ക്ഷേമ പെന്‍ഷനുകള്‍ 1700 രൂപയായി വര്‍ധിപ്പിച്ചപ്പോഴും അഗതിമന്ദിരങ്ങളിലെ രോഗികള്‍ക്കുള്ള അലവന്‍സ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അവഗണന വരുത്തി. മരുന്നിനു പുറമെ വസ്ത്രം, കിടക്ക, സോപ്പ്, എണ്ണ തുടങ്ങി എല്ലാം അവശ്യസാധനങ്ങളും വാങ്ങാനും ഈ തുക മാത്രമാണുള്ളത്. കോവിഡും സാന്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ മറ്റിടങ്ങളില്‍നിന്നുള്ള സഹായങ്ങള്‍ നിലച്ചിട്ട് ഏറെക്കാലമായി.
കോവിഡ് പൊതുനിയന്ത്രങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പുറത്തുനിന്നുള്ള സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വന്നതും അഗതികളുടെ ജീവിതം പ്രതിസന്ധികളാക്കി. ഓരോ മാസവും സ്ഥാപനത്തിനു സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അഗതി മന്ദിരങ്ങളിലെ അന്തേവാസികളെ പരിശോധിച്ച് മരുന്ന് നല്‍കണമെന്ന നിയമം ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല.
സമുദായങ്ങളും ട്രസ്റ്റുകളും വ്യക്തികളും വലിയ തോതില്‍ പണം ചെലവഴിച്ചാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സംരക്ഷിച്ചുവരുന്നത്.
ഉറ്റവര്‍ ഉപേക്ഷിച്ചവരും വഴിയോരങ്ങളിലും തെരുവകളിലുംനിന്ന് പോലീസ് എത്തിച്ചവരുമാണ് ഇവരേറെയും. ഇത്തരം അനാഥരുടെ സംരക്ഷണചുമതല സര്‍ക്കാരിനായിരിക്കെയാണ് വിവിധ മത ചാരിറ്റി സംരഭങ്ങള്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ക്കുള്ള മരുന്നും തുടര്‍ പരിശോധനകളും വീഴ്ചയില്ലാതെ നിര്‍വഹിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടായിരിക്കെ ആരോഗ്യവകുപ്പ് കടുത്ത അവഗണനയാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. ഗുരുതര രോഗികളെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കുന്ന സാഹചര്യത്തില്‍ പോലും സര്‍ക്കാരില്‍നിന്ന് സഹായങ്ങള്‍ ലഭിക്കില്ല. ഓരോ അന്തേവാസിക്കും സര്‍ക്കാര്‍ നിശ്ചയിച്ച റേഷന്‍ അരിയും ഗോതന്പും ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.