ദൈവത്തിന്റെ മഹത്വം പേറുന്ന കേരളത്തിലെ റീത്തുകൾ
ലത്തീൻ സീറോ മലബാർ വിരോധം കുത്തി ഇളക്കുന്നവരോട്
ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്പ്പെടുത്താൻ സാധിച്ചേക്കാം. രണ്ടുപേരാണെങ്കിൽ ചെറുക്കാൻ കഴിയും. മുപ്പിരിച്ചരട് വേഗം പൊട്ടുകയില്ല. (സഭാ പ്രസംഗകൻ 4 / 12 )
ലത്തീൻ സഭയുടെ മുഖപത്രമായ ജീവ നാദത്തിൽ കൽദായ മെത്രാൻ യാക്കൂബ് അബൂനാ മാർതോമയെക്കുറിച്ചു വിശേഷിപ്പിക്കുന്ന ഒരു സംഭവം ഉണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ സഭാ നേതൃത്വത്തിനയച്ച കത്തുകളിൽ മെത്രാന്റെ സേവനത്തെക്കുറിച്ചു വിവരിക്കുന്നയിടത്തു തദ്ദേശീയരായ മാർത്തോമാ വിശ്വാസികളെ വത്തിക്കാനുമായി ബന്ധപ്പെടുത്തുന്നതിനായി മെത്രാൻ ചെയ്ത സേവനങ്ങൾ വിവരിക്കുന്നു. ലത്തീൻ റീത്തിലെ കൂദാശ പരികർമങ്ങൾ അദ്ദേഹം പരിശീലിച്ചെടുത്തുവത്രെ. അദ്ദേഹത്തിന്റെ വൈദീക വിദ്യാർത്ഥികളെ മിഷനറിമാരുടെ സെമിനാരിയിൽ ചേർത്ത് പരിശീലിപ്പിക്കുകയും ചെയ്തു. ഒരു ചെറു സമൂഹമായി മാർപ്പാപ്പയുടെ നേതൃത്വത്തിലേക്ക് വെറും കയ്യോടെ കടന്നുവന്ന മാർ ഇവാനിയോസ് തിരുമേനിയെ നമുക്ക് മറക്കാനാവില്ല.
എന്തായിരിക്കും ഈ പുണ്യാത്മാക്കൾ ഇത്തരത്തിൽ പത്രോസിന്റെ സിംഹാസനത്തോടൊപ്പം അണിനിരന്നത് ? ഒന്നാമത് അത് ദൈവത്തിന്റെ തീരുമാനമാണ്. മാനുഷിക തലത്തിൽ അത് മറ്റാർക്കും തകർക്കാനാകാത്ത മുപ്പിരിച്ചരടിന്റെ വചനം നൽകുന്ന സംരക്ഷണമാണ്. കേരളത്തിലെ പൊട്ടിക്കാനാകാത്ത മുപ്പിരിചരടാണ് ലത്തീൻ, സീറോ മലബാർ, മലങ്കര റീത്തുകൾ. റീത്തുകൾ റീത്തുകളായി തുടരാനും ഐക്യത്തിൽ ഒന്നായിരിക്കാനും സഭയിൽ തീരുമാനമുണ്ടായി എങ്കിൽ പിന്നെ അത് ദൈവത്തിന്റെ തീരുമാനമാണ്. അതിനെ എത്രത്തോളം ക്രിസ്തീയമായി ആഘോഷമാക്കാം എന്നതാണ് ഇനി ദൈവമക്കൾ ആലോചിക്കേണ്ടത്. ഒരു കുടുംബത്തിന്റെ വ്യത്യസ്ത ശാഖകൾ പോലെ, ഒരപ്പന്റെ മക്കളെപ്പോലെ നമ്മെ ഒന്നാകുന്ന എന്തെല്ലാം മഹത്വരമുള്ള ചിന്തകൾ ഉണ്ട്.
ആർക്കാണ് എതിർപ്പുണ്ടാകുക ?
ഈ മൂന്നു റീത്തുകളെയും അതാത് വഴികളിൽ വളർത്തിയത് ദൈവത്തിന്റെ വിശുദ്ധരാണ്. വ്യത്യസ്തരായിരിക്കെ സ്നേഹത്തിൽ ഒന്നാകാൻ അവർക്കു ആകുന്നു. എന്നാൽ വേദനാജനകമായ മുറിവുകൾ, ജാതീയമായ വേർതിരിവുകൾ സൃഷ്ടിക്കുന്നതും പിശാചിന്റെ പൈതൃകം പേറുന്നവരാണ്. ജാതിയും ഉച്ചനീചത്വങ്ങളും പിശാച് നൽകുന്ന റാങ്കുകൾ മാത്രമാണെന്നും ദൈവമക്കൾക്കു വ്യത്യസ്ത ജാതി ഉണ്ടാകുക അസാധ്യമെന്നും അറിയാവുന്നവൻ പിശാച് നൽകിയ റാങ്കിൽ അഭിമാനിക്കുകയോ വിഷമിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവൻ ക്രിസ്തുവിനുള്ളവനല്ല.
എന്താണ് വ്യത്യസ്ത റീത്തുകൾ
ദൈവം ഇസ്രായേൽ ജനതയെ ഒരു സമൂഹമായി വേർതിരിച്ചു വളർത്തിയത് ക്രൈസ്തവ ആത്മീയതയെ വളർത്തുവാൻ അവർ ഒരു അടിസ്ഥാനം ആകാൻ ആയിരുന്നില്ലേ ? അതുപോലെ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ നൽകിയാണ് വിവിധ റീത്തുകളെ ദൈവം കേരളത്തിൽ നിയോഗിച്ചത് എന്ന് നമുക്ക് ചരിത്രത്തിലൂടെ ഓടിച്ചു നോക്കിയാൽ മനസിലാക്കാം.
ലത്തീൻ സഭയിലെ അംഗമാണ് കേരള സഭയിലെ ആദ്യത്തെ അത്മായ വിശുദ്ധനായ ദൈവ സഹായം പിള്ള. അദ്ദേഹത്തെപ്പോലെ സമൂഹത്തിലെ പ്രമുഖരായ വ്യക്തികൾ ഉൾപ്പെടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്ന ലത്തീൻ സഭയെ ദൈവം ഭരമേല്പിച്ചത് സമൂഹത്തിൽ പുറംതള്ളപ്പെട്ടുപോയ എല്ലാവരെയും ദൈവത്തോട് ചേർത്ത് നിർത്തി ദേവാലയത്തിനുള്ളിൽ പ്രവേശനം നൽകി എല്ലാ ഉന്നതന്മാരോടും ഒപ്പം സമന്മാരായി തോളോട് തോൾ ചേർന്ന് നിന്നു പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കാൻ ആണ്.
ലത്തീൻ സഭാ വലിയൊരു മിഷൻ പ്രവർത്തനത്തിന് തുടക്കമിട്ടു. മറ്റു റീത്തുകളിലും സാധാരണക്കാർ ഉണ്ടായില്ല എന്നല്ല. അവരെ തിരിച്ചറിയുക പ്രയാസമായി തീരും വിധം ലയിച്ചുപോയി. എന്നാൽ ലത്തീൻ സഭയിൽ വരേണ്യവര്ഗം അകത്തി നിർത്തിയിരുന്നവരുടെ ബാഹുല്യം കൊണ്ട് ധന്യമായി. പ്രാര്ഥനകളോ, ദൈവാരാധനായോ ഒരു വിധത്തിലും വശമില്ലാതിരുന്ന ഒരു സമൂഹത്തെ അത് പഠിപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ലത്തീൻ സഭാ ഭംഗിയായി നിർവഹിച്ചു. മറ്റു റീത്തുകളിൽ പെട്ടവരാകട്ടെ കേരളത്തിന് പുറത്തും ലോകം മുഴുവനും ലത്തീൻ സഭാ നേതൃത്വം നൽകുന്ന മിഷൻ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് വിശുദ്ധർ നേതൃത്വം നൽകിയ റീത്തുകളുടെ ദൈവീക മുന്നേറ്റം സംഭവിച്ചത്.
സീറോ മലബാർ സഭയിൽ എന്ത് സംഭവിച്ചു
ലത്തീൻ സഭാ പ്രാദേശികമായ മിഷൻ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ മിഷൻ ജനതയുടെ ബാഹുല്യം അത്രത്തോളമില്ലാതാരുന്നു സീറോ മലബാർ സഭയെ ദൈവം കടുത്ത ആത്മീയ പരിശീലനത്തിലൂടെ കടത്തി വിടുകയായിരുന്നു. കേരളത്തിൽ എല്ലാ റീത്തുകൾക്കും ഉണർവേകുന്ന നിരവധി ധ്യാനകേന്ദ്രങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉയരാനുള്ള ആത്മീയ വിസ്ഫോടനത്തിനുള്ള ഒരുക്കമായിരുന്നു അത്. മറ്റുള്ള റീത്തുകളിൽ വൈദീകരായി മാറിയ പലർക്കും ഇത്തരം ധ്യാനകേന്ദ്രങ്ങളിൽ വച്ചോ അവരുടെ പ്രവർത്തനഫലമായോ ഉണ്ടായ ഒരു ഉൾവിളിയുടെ കഥ പറയാനുണ്ടെന്നത് ഞാൻ നേരിട്ട് മനസിലാക്കിയ യാഥാർഥ്യമാണ്. സീറോ മലങ്കരയാകട്ടെ വ്യത്യസ്തമായ ഒരു മിഷൻ മേഖലയിലൂടെ മുന്നേറുന്നു. ചില കുടുംബങ്ങൾ മിഷനിലും മറ്റൊരു കുടുംബം ആത്മീയ പരിപോഷണത്തിലും ശ്രദ്ധിക്കുന്ന ഒരു മുന്തിരിയും വിവിധ ശാഖകളും എന്ന യേശുനാഥന്റെ വിശുദ്ധമായ കാഴ്ചപ്പാടാണിതെന്നു അറിഞ്ഞ ദൈവത്തിന്റെ വിശുദ്ധർ അവരുടെ ജോലി ചെയ്തു
പിന്നെ ആരാണ് വെറുപ്പിന്റെ ആത്മാക്കൾ
എല്ലാ റീത്തിനും അഭിമാനിക്കാനും സന്തോഷിക്കാനും കാരണങ്ങളുണ്ടായിരിക്കെ ക്രൈസ്തവമല്ലാത്ത കാരണങ്ങൾ കണ്ടെത്തി ദുരഭിമാനം പുലർത്തുകയും അപമാനഭാരം പേറുകയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന പിശാചിന്റെ മക്കൾ (യോഹ 8 : 43-44) വൈരാഗ്യബുദ്ധിയുടെ കളകൾ വിതച്ചുകൊണ്ടു ദൈവത്തിന്റെ വയലിൽ കുഴപ്പം സൃഷ്ടിക്കുമ്പോൾ ദൈവത്തിന്റെ ഇടപെടൽ വൈകുന്നതിന്റെ കാരണം ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ട്.
അതിനാൽ പിശാചിന്റെ കളകളും പേറി ഏതെങ്കിലും വിഡിയോയും തെളിവുകളുമായി സോഷ്യൽ മീഡിയയിൽ വ്യാപാരിക്കുന്നവരെ നമ്മൾ ആത്മീയതയുടെ കരുത്തുകൊണ്ടു തള്ളണം. അവരോടു ചോദിക്കുക .. നിങ്ങൾ ഏതോ റീതെന്നല്ലേ പറഞ്ഞത് .. അതെ എന്നവർ പറയും. എന്ന് പറഞ്ഞാൽ ആത്മീയർ അല്ലെ .. വീണ്ടും വരും അതെ … അപ്പോൾ തമ്മിലടിപ്പിക്കാനല്ലാതെ പരസ്പരം സ്നേഹിക്കാൻ എന്തിങ്കിലും ഒരു കാരണം കണ്ടെത്തി തരാമോ ആത്മീയ … എന്ന് ചോദിച്ചുകൊണ്ട് നിർത്തണം .. ആ വഴിക്കു പറഞ്ഞു വിടണം.
തമ്മിലടിക്കാൻ നമുക്ക് ഒരായിരം കാരണങ്ങൾ കാണും എന്നാൽ സ്നേഹിക്കാൻ ഒരൊറ്റ കാരണം മതി .. യേശു
പിതാവേ നമ്മൾ ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നായിരിക്കേണ്ടതിനു അവിടുന്ന് എനിക്ക് നൽകിയ മഹത്വം ഞാൻ അവർക്കു നൽകിയിരിക്കുന്നു. (യോഹ 17 /22 )
എന്റെ പ്രിയമുള്ളവരേ നിങ്ങൾ മനസിലാക്കൂ .. ദൈവത്തിന്റെ മഹത്വം എന്ന് പറയുന്നത് ജാതിയോ റീത്തോ ഉപജാതിയോ അല്ല … ദൈവത്തിന്റെ മഹത്വം എന്ന് പറയുന്നത് ഐക്യമാണ്. അതില്ലാത്തവന് വചനപ്രകാരം മഹത്വം ഇല്ല ..
അതേസമയം ഓരോരുത്തർക്കും ദൈവം നൽകിയ പാരമ്പര്യത്തിന്റെയും ഓരോരുത്തരിലൂടെയും സംഭവിച്ച നന്മകളുടെയും ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തി പരസ്പരം പങ്കുവച്ചും പരസ്പരം അഭിനന്ദിച്ചും ആനന്ദിക്കൂ. സ്നേഹം ഊഷ്മളമാകുകയേ ഉള്ളൂ ..
ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്‍റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്.
യോഹന്നാന്‍ 8 : 43-44
ഇനി നിങ്ങൾ തീരുമാനിക്കൂ …
ജോസഫ് ദാസൻ
ദുരുദ്ദേശ്യപരമായ പ്രചാരണങ്ങൾ തിരിച്ചറിയണം
സീറോമലബാർസഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽപിതാവ് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം സാമൂഹ്യമാധ്യങ്ങളിൽ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നത് അഭിവന്ദ്യ പിതാവിന്റെ ശ്രദ്ധയിൽപെട്ടു. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ ഒരു രൂപതയുടെയും ഭാഗമാകാതെ ചിതറിപ്പാർത്തിരുന്ന സീറോമലബാർ വിശ്വാസികൾക്കു അജപാലനസംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപ്പാപ്പ അതിന്റെ പ്രാരംഭനടപടിയായി 2014ൽ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിച്ചു. അതിനേത്തുടർന്നു 2017ൽ ഷംഷാബാദ് രൂപത സ്ഥാപിതമാകുകയും അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ പുതിയ രൂപതയുടെ അധ്യക്ഷനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിക്കുകയും ചെയ്തു. പുതിയ രൂപതയുടെ വളരെ വിശാലമായ അതിർത്തികൾക്കുള്ളിൽ സീറോമലബാർസഭയുടെ അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും ഇടവകകൾ സ്ഥാപിക്കുന്നതിനും അഭിവന്ദ്യ പിതാവ് പ്രേഷിത തീക്ഷ്ണതയോടെ പ്രവർത്തിച്ചു. ശ്രമകരമായ ആ ദൗത്യനിർവഹണത്തിനിടയിൽ, സീറോമലബാർസഭയുടെ തനതായ അജപാലനസംവിധാനങ്ങൾ രൂപപ്പെടേണ്ടതിന്റെയും അതിനോടു സീറോമലബാർ വിശ്വാസികൾ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വസികളുടെ ഒരു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022ൽ ബെംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. സീറോമലബാർസഭയുടെ അംഗങ്ങൾ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളിൽ പങ്കെടുക്കണമെന്ന ആഹ്വാനമാണ് ആ പ്രസംഗത്തിന്റെ കാതൽ. ആ പ്രസംഗത്തിൽ ലത്തീൻസഭയെക്കുറിച്ചുള്ള, തികച്ചും പ്രസംഗശൈലിയിൽ വന്ന, പരാമർശം ഒരിക്കലും ആ സഭയോടുള്ള അനാദരവ് ആയിരുന്നില്ല എന്നു വ്യക്തമാക്കാനും അഭിവന്ദ്യ പിതാവ് ആഗ്രഹിക്കുന്നു.
ലത്തീൻസഭയുമായും മറ്റു കത്തോലിക്ക-അകത്തോലിക്കാസഭകളുമായും ബഹുമാനത്തിലും സ്നേഹത്തിലും സഹകരണത്തിലുമുള്ള ഒരു സഹവർത്തിത്വമാണ് അഭിവന്ദ്യ തട്ടിൽപിതാവിന്റെ സഭാത്മകസമീപനമെന്നു പിതാവിനെ അറിയാവുന്ന എല്ലാവർക്കും വ്യക്തമാകുന്ന കാര്യമാണ്. രണ്ടു വർഷങ്ങൾക്കുമുൻപു തികച്ചും സാന്ദർഭികമായി പ്രസംഗശൈലിയിൽ വന്ന ഒരു പരാമർശം ഇപ്പോൾ വിവാദമാക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നത് വ്യക്തമാണ്.
അതിനാൽ, ഈ വിഷയത്തിലുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നും സഭകൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുംസഭയുടെ പി ആർ ഓ ഫാ .ആൻ്റണി വടക്കേക്കര പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു .