Do not forsake me, O Lord!
(Psalm 38:21)
ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.
ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.