“താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന വീട്ടു പേരിനോളം അലിവുള്ള മറ്റൊരു വാക്ക് ആ പുസ്തകത്തിൽ വേറെ ഇല്ല. ആ വാക്കിനെ ഒന്ന് കെട്ടിപ്പിടിക്കാതെ ആർക്കും കടന്നു പോവാനും സാധിച്ചേക്കില്ല.
ആത്മ സുഹൃത്ത് ഫാ. മനോജ് ഒറ്റപ്ലാക്കൽ എന്ന വലിയ മനുഷ്യന്റെ ജീവിതത്തിനും അയാളുടെ കടന്നു പോയ ഇരുണ്ട കാലങ്ങൾക്കും “കുടിലിൽ” എന്ന വീട്ടു പേരും അവിടുത്തെ മനുഷ്യരും നൽകിയ സ്നേഹവും കരുതലും കടലോളമാണ്.
ഇതു ഫാ. ഷിൻസ് കുടിലിൽ. കുടിലിൽ കുഞ്ഞഗസ്തി എന്ന “ദൈവത്തിന്റെ” ചേട്ടന്റെ മകന്റെ മകൻ. രണ്ടു സഹോദരന്മാർക്ക് ഇളയവൻ. 30 വയസ്. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു.
ഫാ. ഷിൻസ്, കഴിഞ്ഞ ആഗസ്ത് 15 നു തലശ്ശേരി അതിരൂപതയിലെ മുള്ളേരി പള്ളിയിൽ രാവിലെ ദേശീയ പതാകയുയർത്തി, വൈകുന്നേരം അത് താഴ്ത്തി കെട്ടാൻ ശ്രമിക്കവേ പതാകയുടെ കമ്പി കറണ്ട് കമ്പിയിൽ തട്ടി ഷോക്കേറ്റ് അപ്പോൾ തന്നെ മരണപ്പെട്ടു. ആകാലത്തിലുള്ള മരണം.
മനോജേ… നിനക്കേറെ പ്രിയപ്പെട്ടൊരാൾ. അയൽക്കാരൻ, സുഹൃത്ത്, എടൂർ എന്ന ഒരേ ഇടവക, ഒരേ അതിരൂപത. എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നമുക്ക് ഇളയവനായി പഠിച്ചു നിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ തുന്നിയ മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ചിറങ്ങിയ ഒരാൾ.
മൂന്ന് വർഷങ്ങൾക്കു മുൻപാണ് വൈദികപ്പട്ടം സ്വീകരിച്ചത്.
കർമ്മങ്ങൾ, സ്വപ്‌നങ്ങൾ എല്ലാം ബാക്കി വെച്ച് ആകാലത്തിലുള്ള കടന്നു പോക്ക്.
നീ മരിച്ചപ്പോൾ നിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച് താങ്ങി നിർത്തിയ കൈകൾ…
ഇന്ന് രാവിലെ പത്തു മണിക്ക് നിന്നെ അടക്കം ചെയ്ത അതേ എടൂർ സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തിരു ശുശ്രൂഷാ കർമ്മങ്ങൾക്ക് ശേഷം കുന്നിൻ മുകളിലെ അതേ സെമിത്തേരിയിൽ നിനക്കു തൊട്ടരികെ അന്ത്യ നിദ്രയ്ക്ക്.
ഫാ. ഷിൻസ്, താലന്ത് ന്റെ യാത്രയിൽ ഞാൻ സംസാരിച്ച അനേകം പുരോഹിതന്മാർക്കിടയിൽ നിങ്ങളോടും സംസാരിച്ചിട്ടുണ്ട് എന്നു നിങ്ങളുടെ, എന്റെയും പ്രിയ സുഹൃത്ത് ജോബിയച്ചൻ പറഞ്ഞു. എനിക്കതു ഓർത്തെടുക്കാനാവുന്നില്ല. എടൂർ എന്ന മലയോര ഗ്രാമത്തിന്റെ വഴികളിൽ എവിടെയൊക്കെയോ വെച്ച് കണ്ട ഓർമ്മ മാത്രമേ എനിക്കുള്ളൂ.
പക്ഷേ നിങ്ങളുടെ മരണം എന്നെ വേദനിപ്പിക്കുന്നുണ്ട്. എല്ലാ മരണങ്ങളും വേദനയാണ്. ആശുപത്രിയിൽ ആവണം, നിങ്ങളുടെ ചേതനയറ്റ ശരീരത്തിനു മീതേക്ക് “എന്റെ മോനേ ” എന്നു നിലവിളിച്ച് വീഴുന്ന നിങ്ങളുടെ അമ്മയെ ന്യൂസിൽ കണ്ടു. ഷോക്കേറ്റ് തെറിച്ചു വീണപ്പോൾ പറ്റിയ മുറിവിൽ നിന്നാവാം നിങ്ങളുടെ ശിരസിൽ നിന്നും ചോര വാർന്നിരുന്നു. കണ്ണിൽ നനവൂറി ശേഷം കാണാനുള്ള ത്രാണി ഉണ്ടായില്ല.
പഴയതു പോലല്ല, പ്രിയപ്പെട്ട മനോജിന്റെ മരണ ശേഷം, ഒരു മരണത്തെയും ഉൾക്കൊള്ളാനോ അത്തരം വാർത്തകൾ മുഴു നീളെ വായിക്കാനോ കാണാനോ സാധിക്കാറില്ല. കണ്ണീരു വന്നു തൊണ്ടയിൽ തടയും, ശൂന്യത വന്ന് ഹൃദയത്തിൽ പൊതിയും.
മാതാപിതാക്കൾ ജീവിച്ചിരിക്കേ മക്കൾ മരണപ്പെട്ടാൽ ഒരമ്മയും പിന്നെ ഉറങ്ങുന്നില്ല. ഒരു വീടിന്റെ വാതിലും പിന്നെ അടയുന്നില്ല. ശേഷിച്ച കാലത്തെ നോക്കി കണ്ണീരോടെയുള്ള ഉണർന്നിരിപ്പാണ്.
എന്റെ പ്ലസ് ടൂ അധ്യാപകനും പിന്നീട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി ഹെഡ് മാസ്റ്ററും ആയിരുന്ന പോൾ സാർ നിങ്ങൾ സംബന്ധിച്ച ഏതോ ചടങ്ങിൽ നിങ്ങളെ കുറിച്ചും, നിങ്ങളുടെ സ്നേഹസമൃദ്ധമായ ഇടപെടലുകളെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നതു കേട്ടു.
മനുഷ്യരോട് സഹാനുഭൂതിയുള്ള മനുഷ്യനായിരുന്നു നിങ്ങൾ. കുടിലിൽ എന്ന പേരിനെ അർത്ഥവത്താക്കിയ മറ്റൊരാൾ. അത്തരം മനുഷ്യർ ആയുസ്സെത്താതെ കടന്നു പോവുന്നത് സങ്കടകരമാണ്.
ഇന്ന് നിങ്ങൾക്കായി എടൂർ ഫോറോനോ ദേവാലയത്തിൽ മൃത ശുശ്രൂഷാ കർമ്മങ്ങൾ ഉയരുമ്പോൾ ജാതി മത ഭേതമന്യേ എന്റെ നാട് മുഴുവൻ അതിനു സാക്ഷിയാകും. ആ നാടും മനുഷ്യരും അങ്ങനെയാണ്. അല്ല, കേരളത്തിലെ ഏറിയ മനുഷ്യരും അങ്ങനെയാണ്.
ഒരിക്കൽ അതേ ദേവാലയത്തിലെ അൾത്താരാ ബാലൻ ആയിരുന്ന നിങ്ങൾ ഇന്ന് അതേ അൾത്താരയോട് യാത്രാ മൊഴി ചൊല്ലും.
സ്വർഗ്ഗ വിശ്വാസികളേ… അടുത്തടുത്ത കല്ലറകളിൽ, നിങ്ങൾ ഇരുവരുമിനി ഉറങ്ങുക… ഭൂമിയിൽ ശേഷിച്ചിരിക്കുന്നവർക്കും മീതെ നിന്നും വെളിച്ചമാവുക. സകല മനുഷ്യരിലും നന്മ നിറയട്ടെ എന്ന് പ്രാർത്ഥനയാവുക… സ്വർഗ്ഗം ഭൂമിയിൽ പുലരട്ടെ എന്ന് ആശീർവദിക്കുക.
യാത്രാമൊഴി… ശാന്തി...
Honey Bhaskaran
ആദരാഞ്ജലികൾ