രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി ആണ് ഈ ഗ്രന്ഥം.


അവരവരുടെ അന്തസത്തയിൽ കുടികൊള്ളുന്ന ഈശ്വരാംശത്തെ ഓരോ നിമിഷവും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മിസ്റ്റിക് വ്യക്തിത്വത്തെ പ്രകടമായി വായനക്കാർക്ക് കാണുവാൻ കഴിയും.

എല്ലാം അവിടുത്തെ സമ്മാനമായി കണ്ടുകൊണ്ട് വേദനിപ്പിക്കുന്നതും സന്തോഷം നല്കുന്ന അനുഭവങ്ങളെ സമതയിൽ കാണുന്നതിനും സ്വീകരിക്കുന്നതിനും കഴിയുന്ന ഈ ഭാവാത്മക വ്യക്തിത്വം ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്.

ആത്മസാക്ഷാൽക്കാര പ്രചോദിതമായി ഓരോ ദിനത്തെയും കാണുകയും എല്ലാറ്റിനെയും ഈശ്വരനിൽ സമർപ്പിക്കുകയും ചെയ്യുന്നു എന്ന് വായനക്കാർക്ക് മനസ്സിലാക്കുവാൻ കഴിയും. ചുറ്റുപാടുമുള്ളവർക്ക് വേണ്ടി വിചാരപ്പെടുകയും ഇടപെടുകയും ചെയ്യുന്ന മനുഷ്യോന്മുഖമായ പ്രവർത്തനങ്ങളെയും വായിച്ചെടുക്കാം.

താൻ പ്രതിനിധീകരിക്കുന്ന മതവിഭാഗത്തിന്റെ അധികാരശ്രേണിയിലുള്ളവരുടെ വ്യതിചലനങ്ങളെ ഭംഗ്യന്തരേണ വിമർശിക്കുവാനും ധൈര്യം കാട്ടുന്നുണ്ട്. രോഗികളും ആലംബഹീനരുമായ ആളുകൾക്കായി പ്രവർത്തിക്കുകയും ഉന്നത സ്രോതസ്സിൽ നിന്നും ആർജിച്ചെടുത്ത ഊർജ്ജത്തെ കരുണയോടെ പങ്കുവയ്ക്കുന്ന ചിത്രവും കാണാൻ കഴിയും.


മനുഷ്യൻെറ ഹൃദയം നിറയെ ശോകമാണ്, നീ നെഞ്ചോട് തലചായ്ച്ച് അത് കേൾക്കുവാൻ ദൈവത്തോട് പറയുന്ന മിസ്റ്റിക്കിനെയും ഈ കൃതിയിൽ നമുക്ക് കാണാം.

ജോസ് പൂവേലിൽ

നിങ്ങൾ വിട്ടുപോയത്