*കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ്* .
കുടുംബ വർഷാചരണ ത്തിൻ്റെ ഭാഗമായി പാലാ രൂപതയിലെ കുടുംബങ്ങളിൽ അഞ്ചാമത് മുതൽ ജനിക്കുന്ന കുട്ടികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മെത്രാനെ വിമർശിക്കുന്നതിനും ആക്ഷേപിക്കുന്നതിനും കുറെ പേർ ചാനലുകളിലിരുന്ന് സമയം കളയുന്നതു കണ്ടു. നാലാമത്തെ കുട്ടി മുതൽ പ്രത്യേക സംരക്ഷണം കൊടുക്കണമെന്ന അഭിപ്രായമാണ് വ്യത്യസ്തമായി ഇവിടെ പ്രകടിപ്പിക്കാനുള്ളത്.
കത്തോലിക്കാ സഭയുടെ സാമൂഹിക പ്രതിബദ്ധത വളരെ വിശാലമാണ്. ഏറ്റവും വിലപിടിപ്പുള്ള, വ്യക്തികളുടെ ജീവിതം, ഏറെ കത്തോലിക്കാ യുവതീ യുവാക്കൾ മുഴുവനായി പൊതു സമൂഹത്തിനു വേണ്ടി നീക്കിവെച്ചിരിക്കുന്നു. അവരാണ് വൈദികരായും കന്യാസ്ത്രികളായും പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്നത്.വിദ്യാഭ്യാസ പുരോഗിക്കായി സ്ഥാപനങ്ങളും, ആരോഗ്യ പരിപാലനത്തിനായി ആശുപത്രികളും, .സമൂഹത്തിനു ഗുണകരമായ ഇതര സ്ഥാപനങ്ങളും, ശാസ്ത്ര രംഗത്തും കൃഷി മേഘലയിലും, കൂടാതെ നിരാലംമ്പരെയും വികലാംഗരെയും ഉൾപ്പെടെ സംരക്ഷിക്കുന്നതിനായി, സ്ഥാപനങ്ങളും ഇങ്ങനെ സമൂഹത്തിൻ്റെ സർവ്വ മേഘലയിലും സേവനം ചെയ്യുവാൻ കുടുംബ ജീവിതം തന്നെ വേണ്ടെന്നുവച്ച പതിനായിരക്കണക്കിന് കത്തോലിക്കാസ്ത്രീ പുരുഷന്മാർ രംഗത്തുണ്ട്. പെറ്റുപെരുകാൻ ആണെങ്കിൽ പണ്ടേ സാധിക്കുമായിരുന്നു, ഭരണവും പിടിക്കാമായിരുന്നു.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം ഒന്നാമതാണ് എന്ന് വീമ്പിളക്കുന്നവർ ഇതൊന്നും പറയാറില്ല. എഴുപതുകളിൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന കുടുംബാസൂത്രണ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയത് മുഖ്യമായും കത്തോലിക്ക ദമ്പതികളായിരുന്നു. സഭ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയതു.
കുട്ടികളുടെ എണ്ണം കുറയ്ക്കുന്ന കുടുംബാസൂത്രണം ഭരണകർത്താക്കളുടെ കഴിവുകേടിൻ്റെ ഉദാഹരണമാണ്. ഭക്ഷണം പാർപ്പിടം ഇവയുടെ പരിമിതിയാണ് അവർ ഉയർത്തിക്കാട്ടുന്നത്. ഭാരതത്തിലെ ഗോഡൗണുകളിൽ ഇരുന്ന് ഉപയോഗശൂന്യമായി പോകുന്നത് ലക്ഷക്കണക്കിനു ടൺ ഭക്ഷ്യധാന്യങ്ങളാണ്. കേരളത്തിലെ കുട്ടികൾക്ക് വിതരണം ചെയ്യാനായി എഫ്സിഐ ഗോഡൗണിൽ വെച്ചിരുന്ന അരി വിതരണം ചെയ്യാതിരുന്നതുമൂലം ഉപയോഗശൂന്യമായി പ്പോയതിൻ്റെ അളവ് കേട്ടാൽ അമ്പരക്കും.ഈ വാർത്ത വന്നത് കഴിഞ്ഞ ആഴ്ചയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലെ ഭരണകർത്താക്കളുടെ പരാജയമാണ് നാട്ടിൽ പട്ടിണിക്ക് കാരണമായിതീരുന്നത്. അല്ലാതെ ധാന്യങ്ങൾ ഇല്ലാഞ്ഞിട്ടല്ല. അവിടെയാണ് ആസൂത്രണം വേണ്ടത്.
പാർപ്പിടം ഇല്ലെന്ന വാദം മറ്റൊരു ഉമ്മാക്കിയാണ്. ഒരു വീട്ടിൽ ജനിക്കുന്ന നാല് കുട്ടികളും വിവാഹിതരാകുമ്പോൾ അടുത്ത തലമുറയിൽ രണ്ടു കുടുംബമേ കൂടുതലായി ഉണ്ടാകുന്നുള്ളൂ.മൂന്നു കുട്ടിയാണെങ്കിൽ ഒരു കുടുംബം കൂടുതലായി ഉണ്ടാകും. രണ്ടു കുട്ടിയാണെങ്കിൽ രണ്ടു കുടുംബമായി തന്നെ നിലനിൽക്കും. ഒരു കുട്ടിയെ ഉള്ളൂ എങ്കിൽ രണ്ടു കുടുംബം ഒരു കുടുംബമായി ചുരുങ്ങുകയാണ് ചെയ്യുന്നത്.
ഇന്ത്യ മുഖ്യമായികയറ്റുമതി ചെയ്യുന്നത് മനുഷ്യവിഭവശേഷി യാണെന്നു പറയാം. കേരള സർക്കാർ അതിൻ്റെ ഗുണം നന്നായി അനുഭവിക്കുന്നുണ്ട്.കുടുംബാസൂത്രണം നല്ലതാണ്. അത് കുട്ടികളുടെ എണ്ണം എങ്ങനെയും കുറയ്ക്കുവാൻ വേണ്ടി ആയിരിക്കരുത്.. ജനിക്കുന്ന കുട്ടികൾക്ക് ഇടം കാട്ടി കൊടുക്കുന്ന ആസൂത്രണമാണ് നടപ്പിലാക്കേണ്ടത്. കുട്ടികൾ കുറയ്ക്കണം എന്ന് പറയുന്നത് ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും പണി ഇല്ലാതാക്കാനുള്ള സൂത്രം മാത്രമാണ്.
കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുമ്പോൾ സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കാണ് മങ്ങലേൽക്കുന്നതും സമൂഹത്തിന് പലതും നഷ്ടമാകുന്നതും.വൈദികരും കന്യാസ്ത്രീകളും അവരുടെ സ്വന്തം വഴി തേടി കുടുംബജീവിതം തിരഞ്ഞെടുത്തിരുന്നു എങ്കിൽ അതിൻ്റെ നഷ്ടം ഇപ്പോൾ വിടുവായത്തരം പറയുന്നവർക്ക് കൂടിയായിരുന്നു.
കേരളത്തിലെ വലിയ ശതമാനം വ്യക്തികളും തങ്ങളുടെ വളർച്ചയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ കത്തോലിക്കാ സ്ഥാപനവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടാകും.’
കത്തോലിക്ക പെണ്ണുങ്ങൾ എന്നും പെറ്റുകെടന്നാ മതിയോ ഡോക്ടറും വക്കീലും പൈലറ്റുമാരും ഒക്കെ ആകണ്ടേ എന്ന അഭിപ്രായം ചാനലുകളിൽ നിന്നും കേട്ടു. മാസ ശമ്പളം ലഭിക്കുന്ന ഉദ്യോഗത്തിന് വേണ്ടി പോകുന്ന സ്ത്രീകൾ സാമൂഹിക പ്രതിബദ്ധതയെക്കാൾ അവരുടെ വരുമാനത്തിലാണ് പ്രാധാന്യം കൊടുക്കുന്നത്.കന്യാസ്ത്രികളിൽ വക്കീലന്മാരും ഡോക്ടർമാരും എഞ്ചിനീയർമാരും ഉണ്ടെന്നു കൂടി അറിയണം.
കന്യാസ്ത്രീകളുടെയും വൈദികരുടെയും നിസ്വാർത്ഥ സേവനം കാണാതെ പോകുന്നതാണ് പാലായിലെ മെത്രാനെ വിമർശിക്കുന്നതിൻ്റെ കാരണം. അതിനോടു ചേർന്ന് കുറെ അസൂയയും.
കോട്ടയം അതിരൂപതയിലെ ഒരു വൈദികൻ മുൻകൈയെടുത്ത് നാലാമത്തെ കുട്ടിക്ക് ഒരു കുതിരപ്പവൻ കൊടുക്കുന്ന പദ്ധതി പതിറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയിരുന്നു.
കത്തോലിക്കാ കുടുംബങ്ങളിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നത് പള്ളികളിൽ സ്തോത്രകാഴ്ച കൂട്ടാൻ ആണെന്ന തരത്തിലുള്ള കാര്യ വിവരമില്ലായ്മ പ്രകടിപ്പിക്കുത് എന്നഭ്യർത്ഥിക്കുന്നു.
പാലായിലെ മെത്രാൻ്റെ ഈ മാതൃക കേരള സഭ ഏറ്റെടുക്കുകതന്നെ വേണം.
ഡോമിനിക് സാവിയോ വാച്ചാച്ചിറയിൽ കോട്ടയം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .