മരണസംസ്കാരം ഒരു കൊലപാതക സംസ്കാരമാണ്. മലയാളിക്ക് അധികം കേട്ട് പരിചയം ഇല്ലാത്ത വാക്കാണിത്. എന്റെ സുഖജീവിതത്തിനു തടസം നിൽക്കുകയോ എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനോ എനിക്ക് ആരെയും കൊല്ലാം എന്നതാണ് മരണസംസ്കാരം എന്ന വാക്കിന്റെ അർത്ഥം. ജീവന്റെ മൂല്യത്തിന് എതിരെ നിൽക്കുന്ന എല്ലാവരും അറിഞ്ഞും അറിയാതെയും ഈ സംസ്കാരത്തിന്റെ വാഹകരാണ്.
“എനിക്ക് ആരെയും കൊല്ലാം” എന്നത് ശാരീരികമായി മാത്രമല്ല മാനസികമായും ആത്മീയമായും മനുഷ്യരെ നിർജ്ജീവരാക്കുക എന്നുകൂടി അർത്ഥം ഉണ്ട്. “ഞാൻ ഇപ്പോൾ ആത്മഹത്യ ചെയ്തുകളയും” എന്ന് പറയുന്നവരും ഈ സംസ്കാരത്തിന്റെ സ്വാധീനവലയത്തിൽപ്പെട്ടവരാണ്. ഈ സംസ്കാരം പ്രചരിപ്പിക്കുന്നത് നോവലുകളിലൂടെയും, കുട്ടികളുടെ കാർട്ടൂണുകളിലൂടെയും, ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ഇന്നത്തെ സമൂഹമാധ്യമങ്ങളിലൂടെയും വാർത്താചാനലുകളിലൂടെയും എന്നല്ല; മനുഷ്യരെ ആകർഷിക്കുന്ന എല്ലാ മാധ്യമങ്ങളിലൂടെയുമാണ്.
കുട്ടികൾ ആകാംഷയോടെ ഇരുന്നു കാണുന്ന കാർട്ടൂണുകൾ ശ്രദ്ധിച്ചാൽ മനസിലാകും തോക്കുകളും ബോംബുകളും കൊണ്ട് തടസം നിൽക്കുന്നവരെ കൊന്നു വിജയ്ക്കുന്നതാണ് ഒട്ടുമിക്ക എല്ലാ ന്യൂ ജെൻ കുട്ടിക്കളികളും. ഫുട്ബോളും ക്രിക്കറ്റും നാടൻ പന്തുകളിയും ഒക്കെയായി വളർന്ന ഇന്നത്തെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഈക്കാലത്തെ കുട്ടിക്കളികളിലെ വിഷയങ്ങൾ ശ്രദ്ധിക്കണം. കുഞ്ഞു കൈയിൽ തോക്കും ബോംബും പിടിപ്പിക്കാൻ ഈ സംസ്ക്കാരം പ്രചരിപ്പിക്കുന്നവർക്ക് കഴിയുന്നുണ്ട്. ഇത് നാളത്തെ സമൂഹത്തെ ശിഥിലമാക്കും. കോർപ്പറേറ്റ് സംവിധാനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പണം വാരിയെറിഞ്ഞാണ് ഇവർ ഈ മരണസംസ്കാരം പ്രചരിപ്പിക്കുന്നത്.
മരണസംസ്കാരം പ്രചരിപ്പിക്കുന്ന ഏജൻസികൾ പലതുണ്ടെങ്കിലും അതിൽ ഏറ്റവും അപകടകാരിയായതു മതതീവ്ര വിഭാഗം ആണ്. അവർ തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് ഈ സംസ്കാരം സമൂഹത്തിന്റെ ചിന്താധാരകളിൽ കുത്തിവച്ചാണ്. ഇത്തരം വിഭാഗങ്ങൾ കേരളത്തിൽ വേരുറച്ചു എന്ന ഭീതിജനകമായ വാർത്ത മുൻ ഡി ജി പി ലോകനാഥ് ബെഹ്റ അദ്ദേഹത്തിന്റെ വിരമിക്കൽ വേളയിൽ മാധ്യമങ്ങളുമായി പങ്കുവച്ചത് നമ്മൾ കേട്ടു.
മലയാളിയുടെ ധാര്മീക ബോധത്തെ ഈ മരണസംസ്കാരം ഒരു കാൻസർ പോലെ ബാധിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ മതസൗഹാർദ്ദത്തിൽ വിള്ളൽ വീണു. നമ്മുടെ കുടുംബബന്ധങ്ങളിൽ കൊലപാതകവും ആത്മഹത്യയും പെരുകി. ദമ്പതികളുടെ സുഖജീവിതത്തിനു കുഞ്ഞു തടസമാണെങ്കിൽ അമ്മയുടെ ഉദരത്തിൽ വച്ചും ജനിച്ചതിനു ശേഷവും കൊല്ലുന്നതു മലയാളിക്ക് ഇന്ന് തെറ്റല്ലാതായി. ദൈവവിശ്വാസത്തോടും ആദ്ധ്യാത്മീകതയോടും മലയാളിക്ക് പുച്ഛമായി. മലയാളിയുടെ പ്രണയത്തിൽ പോലും ശുദ്ധത നഷ്ട്ടപെട്ടുവരുന്നു . ഇങ്ങനെ തുടങ്ങി മലയാളിയുടെ ചിന്താധാരയെ മലീമസമാക്കാൻ ഈ മരണസംസ്കാരത്തിനു കഴിയുന്നു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ എല്ലാം ഈ മരണസംസ്കാര വാഹകർ വിലയ്ക്കെടുത്തു കഴിഞ്ഞു. രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിച്ചു ഇവർ നിയമങ്ങൾ പോലും ഇവർക്ക് അനുകൂലമാക്കും. കാലക്രമേണ ധാര്മീക മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവച്ചു മലയാളിയുടെ മനസിന്റെ നന്മയെ ഈ മരണസംസ്കാരം കെടുത്തിക്കളയും.
നമ്മുടെ കുട്ടികളെ ഈ മരണസംസ്കാര വൈറസ് ബാധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഏറെ ആശങ്കയ്ക്ക് വകനൽകുന്നത്. ഗൗരവപൂർവ്വം ഇതിനെ പരിഗണിക്കണം. നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീടിനുള്ളിലേക്കും ചിന്താധാരയിലേക്കും പടർന്നു കയറുന്ന ഈ മരണസംസ്കാരത്തിനു സകല വിയറസുകളെക്കാളും പ്രഹരശേഷിയുണ്ട്. ഇതിന്റെ വക്താക്കളെയും വാഹകരെയും തിരിച്ചറിയാനും മാറ്റിനിർത്താനുമുള്ള വിവേകം മലയാളിയ്ക്ക് ഉണ്ടായില്ലെങ്കിൽ നമ്മുടെ സമൂഹം വലിയ ധാര്മീക അധഃപതനത്തിൽ നിപതിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
ജോർജ് പനന്തോട്ടം