സീറോമലബാർ സഭയുടെ സൂര്യോദയം പ്രഖ്യാപിക്കാൻ കടന്നുവന്ന ഉഷകാല നക്ഷത്രമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പവ്വത്തിലിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ അനുസ്മരണ കുർബാനയിൽ കാർമിതത്വം വഹിച്ച് ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വചന സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ചുബിഷപ്. സീറോമലബാർ സഭയുടെ നഷ്ടപൈതൃകങ്ങളെ വീണ്ടെടുക്കാൻ പ്രവാചകധീരതയോടെ പ്രവർത്തിച്ച കർമയോഗിയാണ് മാർ പവ്വത്തിൽ, സഭയുടെ കാഴ്ചപ്പാടുകൾ സ്വന്തം കാഴ്ചപ്പാടുകളാക്കി മാറ്റിയ പിതാവിൻ്റെ മിശിഹാവിജ്ഞാനീയം  സഭയോടുള്ള സ്നേഹബന്ധത്തിലൂടെയാണ് വെളിവാക്കപ്പെട്ടത്, സീറോമലബാർ സഭയുടെ ചക്രവാളങ്ങൾക്ക് ഇന്ത്യ മുഴുവനിലും ഇന്ത്യയ്ക്കു പുറത്തും വ്യാപ്തിയൊരുക്കിയത് പവ്വത്തിൽ പിതാവിൻ്റെ പരിശ്രമങ്ങളാണ് എന്ന് മേജർ ആർച്ചുബിഷപ് കൂട്ടിച്ചേർത്തു. പവ്വത്തിൽ പിതാവിൻ്റെ അജപാലന ശുശ്രൂഷ വൈദികർക്കും മെത്രാൻമാർക്കും മികച്ച മാതൃക നൽകുന്ന ഒരു ഐക്കൺ ആയി നിലകൊള്ളുമെന്നും പിതാവ് ഉയർത്തിപ്പിടിച്ച ദർശനങ്ങൾ പിന്നീട് സീറോമലബാർ സഭാദർശനത്തിൻ്റെ തന്നെ ഭാഗമായിമാറിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

മാർ ജോസഫ് പവ്വത്തിലിൻ്റെ ഒന്നാം ചരമവാർഷികാചരണം മാർച്ച് 18 തിങ്കളാഴ്ച ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ  രാവിലെ 9.15 ന് ആർച്ചുബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസേർച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ “മാർ പവ്വത്തിൽ സഭാചാര്യനും സാമൂഹികപ്രതിഭയും” എന്ന വിഷയത്തെ അധികരിച്ചു നടത്തപ്പെട്ട പ്രഥമ അനുസ്മരണ സിമ്പോസിയത്തോടെ ആരംഭിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, സിഎംസി ഹോളിക്യൂൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഡോ. പ്രസന്ന, സംസ്ഥാന മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ പ്രതികരണം നടത്തി. അതിരൂപതാ വികാരി ജനറാൾ മോൺ. ജയിംസ് പാലയ്ക്കൽ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് എന്നിവർ പ്രസംഗിച്ചു. 

പവ്വത്തിൽ പിതാവിൻ്റെ കബറിടത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തുന്നു. സമീപം മാർ . തോമസ് തറയിൽ , മാർ. ജോസഫ് പെരുന്തോട്ടം, മാർ. ജോസഫ് കല്ലറങ്ങാട്ട്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ ,മാർ. ജോർജ്ജ് കോച്ചേരി, മാർ. തോമസ് പാടിയത്ത്, മാർ. ജോർജ് രാജേന്ദ്രൻ, മാർ. ജോസ് പുളിക്കൽ

തുടർന്ന് 11.30 ന്, സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന് അതിരൂപതയുടെ ഔദ്യോഗികസ്വീകരണം നൽകി. തുടർന്ന്, മേജർ ആർച്ചുബിഷപ്   വി. കുർബാനയർപ്പിച്ച് വചനസന്ദേശം നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വി.കുർബാനയ്ക്കുശേഷം അനുസ്മരണ സന്ദേശം നൽകി.  മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ,  ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ ജോർജ് കോച്ചേരി, മാർ മാത്യു അറയ്ക്കൽ, ചങ്ങനാശേരി അതിരൂപതാ പ്രൊവിൻസിലെ വൈദികർ എന്നിവർ സഹകാർമികരായി.  തുടർന്ന് കബറിടത്തിങ്കൽ  ഒപ്പീസ് നടത്തപ്പെട്ടു.  ഉച്ചഭക്ഷണത്തോടെ അനുസ്മരണ ചടങ്ങുകൾ സമാപിച്ചു. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ വികാരി ജനറാൾമാർ, വൈദികർ, സമർപ്പിതർ, അല്മായർ എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും എത്തിച്ചേർന്നിരുന്നു.  പരിപാടികൾക്ക് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ മാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ലിറ്റർജിക്കൽ റിസേർച്ച് സെൻ്റർ അസി. ഡയറക്ടർ ഫാ. ഡോ. മാത്യു തെക്കേടത്ത്, കുടുംബക്കൂട്ടായ്മാ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, മെത്രാപ്പോലീത്തൻപള്ളി വികാരി, കൈക്കാരൻമാർ, ഭാരവാഹികൾ എന്നിവരും മറ്റ് കമ്മിറ്റിയംഗങ്ങളും നേതൃത്വംവഹിച്ചു.

നിങ്ങൾ വിട്ടുപോയത്