കേരളത്തിലെ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം 17ാം തിയ്യതി നടക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ വരാപ്പുഴയിൽ ആരംഭിച്ച് പിന്നീട് പുത്തൻപള്ളിയിൽ തുടർന്ന സെമിനാരിയുടെ തുടർച്ചയാണ് മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി.

വൈദികാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സൗകര്യാർത്ഥം ആലുവായ്ക്കടുത്തു പെരിയാറിന്റെ തീരത്ത്‌ മോന്തേ ഫോർമോസ, അഥവാ മനോഹരമായ കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്തു കർമ്മലീത്താ നിഷ്പാദുക ഒന്നാം സഭയുടെ നേതൃത്വത്തിൽ 1933-ൽ ഔദ്യോഗികമായി ആരംഭിച്ചതാണ് ഈ സെമിനാരി.

ഏകദേശം 5000 ഓളം വൈദികർക്കും 65 മെത്രാന്മാർക്കും മിശിഹാ ജീവിതത്തിന്റെ വീരോചിതമായ സാക്ഷ്യം നൽകി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുന്ന 12 പുണ്യാത്മാക്കൾക്കും ജന്മം നൽകിയ ഈ സെമിനാരി ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണ്.

കർമ്മലീത്താ വൈദികരുടെ കർമ്മകാണ്ഡത്തിലെ സുവർണാധ്യായമായ ഈ മംഗലപ്പുഴ സെമിനാരിയിലാണ് മലയാളക്കരയിലെ പുസ്തക പ്രസാധക രംഗത്ത് തനതായ സംഭാവന നൽകിയ എസ്. എച്ച് ലീഗിന്റെയും പിറവി.

ആലുവയിലെ സാംസ്കാരികവും മതപരവുമായ വളർച്ചയ്ക്കുതകുന്ന ഒത്തുകൂടലുകൾക്കും സംവാദങ്ങൾക്കും സാമൂഹ്യ സേവനത്തിനും വേദിയായ മംഗലപ്പുഴയിൽ നിലവിൽ 300 ഓളം വൈദിക വിദ്യാർത്ഥികൾ പരിശീലനം നേടുന്നു.

ശതാബ്ദി ആഘോഷത്തിനൊരുക്കമായിട്ടുള്ള ഈ നവതി ആഘോഷം സഭയ്ക്കും സമൂഹത്തിനും സംഭാവന നല്കാൻ കഴിയുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന അവസരമാണ്.

17ാം തിയ്യതി നടക്കുന്ന സമാപന ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനക്ക് സീറോ മലബാർ സഭയുടെ തലവനും സെമിനാരി പൂർവ്വവിദ്യാർത്ഥിയുമായ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

സെമിനാരിയുടെ തന്നെ സന്താനമായ തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി വചന സന്ദേശം നൽകും. തുടർന്നുള്ള പൊതുയോഗം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സെമിനാരി റെക്ടർ വെരി റെവ. ഡോ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ സ്വാഗതം ആശംസിക്കും. സെമിനാരി കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സിറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് ബസേലിയോസ് ക്‌ളീമിസ് കത്തോലിക്കാ ബാവ, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ മാർ ജോസഫ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തും.

ലോക സഭാംഗം ശ്രീ ബെന്നി ബഹന്നാൻ മുഖ്യ അതിഥി ആയിരിക്കും. സെമിനാരി കമ്മീഷൻ അംഗം മാർ ജോൺ നെല്ലിക്കുന്നേൽ നവതി പുസ്തക പരമ്പര പ്രകാശനം ചെയ്യും. സെമിനാരി കമ്മീഷൻ അംഗം മാർ ടോണി നീലങ്കാവിൽ നവതി വൈദീക അനുയാത്ര ശുശ്രുഷ ഉദ്‌ഘാടനം ചെയ്യും.

റെവ. ഡോ. ചാക്കോ പുത്തെൻപുരക്കൽ, റെവ. ഡോ. ഗ്രേസ് തെരേസ് സിഎംസി, റെവ. ഡോ. സുജൻ അമൃതം, റെവ. ഡോ.തോമസ് മരോട്ടിക്കാപറമ്പിൽ ഒസിഡി, റെവ. ഡോ. വർഗീസ് പൊട്ടക്കൽ, ഡോ. ജോസ് പോൾ, റെവ. ഡോ. വർഗീസ് തനമാവുങ്കൽ, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ആഘോഷ കമ്മിറ്റി കൺവീനർ റെവ. ഡോ.ജോൺ പോൾ പറപ്പിള്ളിയാത്ത് കൃതജ്ഞത രേഖപ്പെടുത്തും.

Mangalapuzha Seminary

നിങ്ങൾ വിട്ടുപോയത്