2022 മെയ് പതിനഞ്ചിനു വിശുദ്ധരുടെ പദവിയിലേക്കു ഫ്രാൻസീസ് പാപ്പ ഉയർത്തുന്ന ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസ വൈദീകൻ, ഈശോയുടെ ബ്രദർ ചാൾസ് തന്ന അറിയപ്പെടുന്ന ചാൾസ് ഡെ ഫുക്കോൾഡിൻ്റെ കഥ

1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്. കൗമാരപ്രായത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ നിന്നു അകലാൻ തുടങ്ങുകയും ലോക സുഖങ്ങളുടെയും സുഖഭോഗങ്ങളുടെയും പാത പിൻതുടരുകയും ചെയ്തു.

സൈനീകനായ മുത്തച്ഛന്റെ പാത പിന്തുടർന്ന് ചാൾസും ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. സൈനീക സ്കൂളിലെ രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം ഇരുപതാം വയസ്സിൽ ചാൾസ് ഓഫീസറായി. മുത്തച്ഛൻ മരിച്ചതിനെ തുടർന്ന് ഭീമമായ സ്വത്ത് ലഭിച്ചതിനാൽ ആർഭാട ജീവിതത്തിനു പുതിയ മാനം കൈവന്നു. 1879 ൽ പോണ്ട് എ മൗസണിലിൽ സേവനം ചെയ്യുമ്പോൾ മിമി എന്ന സ്ത്രീയുമായി അടുപ്പത്തിലായി.അടുത്ത വർഷം അൾജീരിയിലേക്കു ചാൾസിൻ്റെ റെജിമെൻ്റിനെ അയച്ചപ്പോൾ മിമിയെ ഭാര്യ എന്ന രീതിയിൽ കൂടെക്കൂട്ടി. കള്ളം പുറത്തായപ്പോൾ അവളെ തിരിച്ചയക്കാൻ സേനാതലവൻ നിർദ്ദേശിച്ചെങ്കിലും ചാൾസ് വിസമ്മതിച്ചു. അവളെ ഉപേക്ഷിക്കുന്നതിനെക്കാൾ സൈന്യത്തിലെ ജോലിയിൽ നിന്നു രാജിവയ്ക്കുന്നതാണ് നല്ലതെന്ന് അവൻ കണ്ടു. ഫ്രാൻസിലേക്കു തിരിച്ചു പോയ ചാൾസ് എവിയാനിൽ താമസമാക്കി. 1881 ൽ ടുണീഷ്യയിൽ തൻ്റെ റെജിമെൻ്റ് അപകടകരമായ ദൗത്യത്തിലാണന്നു കേട്ട ചാൾസ് മിമിയെ ഉപേക്ഷിച്ച് സൈനീക സേവനത്തിനു വീണ്ടും യാത്രയായി.

വടക്കേ ആഫ്രിക്കയിൽ ആകൃഷ്ടനായ ചാൾസ് മോറോക്കോ പരിവേക്ഷണത്തിനു തയ്യാറെടുക്കുന്നതിനായി സൈന്യത്തിൽ നിന്നു രാജിവച്ചു അൾജീരയിൽ സ്ഥിരതാമസമാക്കി. പിന്നീട് ഫ്രഞ്ച് ജിയോഗ്രഫിക്കൽ സോസെറ്റി ഈ ദൗത്യത്തിനു ചാൾസിനു സ്വർണ്ണ മെഡൽ സമ്മാനിക്കുന്നുണ്ട്. അറബിയും ഹീബ്രുവും പഠിച്ച അദ്ദേഹം 1883 ജൂൺ മുതൽ പിറ്റേ വർഷം മെയ് വരെ ഒരു റബ്ബിയുടെ വേഷം ധരിച്ച് മൊറോക്കയിലുടനീളം രഹസ്യമായി യാത്ര ചെയ്തു. അപകടകരമായ പല സാഹചര്യങ്ങളിലൂടെയും കടന്നു പോയെങ്കിലും അവിടെ ഉണ്ടായിരുന്ന മുസ്ലീം വിശ്വാസികളുമായുള്ള സമ്പർക്കം ചാൾസിൻ്റെ വിശ്വാസ ജീവിതത്തെ വീണ്ടും ജ്വലിപ്പിക്കാൻ ആരംഭിച്ചു. “എന്റെ ദൈവമേ, നീ ഉണ്ടെങ്കിൽ, ഞാൻ നിന്നെ അറിയട്ടെ.” എന്ന വാക്യം അവൻ പല തവണ തന്നോടു തന്നെ പറയാൻ ആരംഭിച്ചു. ഫ്രാൻസിലേക്ക് മടങ്ങിയ ചാൾസ് 1886-ൽ തന്റെ 28-ാം വയസ്സിൽ ഒരു വൈദീകൻ്റെ ആത്മീയ ശിക്ഷണത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു.

ഇതിനിടയിൽ വിശുദ്ധ നാട്ടിലേക്കു ഒരു തീർത്ഥാടനം അവൻ നടത്തി. ഈ യാത്രയിൽ “നസ്രത്തിലെ ഈശോയെ തന്റെ ജീവിതത്തിൽ അനുഗമിക്കാനുള്ള” ദൈവവിളി ഡി തിരിച്ചറിഞ്ഞ ചാൾസ് ഏഴ് വർഷത്തോളം ഫ്രാൻസിലും സിറിയയിലും ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. നാൽപ്പത്തിമൂന്നാമത്തെ വയസ്സിൽ 1901 ജൂൺ മാസം ഒമ്പതാം തിയതി വൈദീകനായി അഭിഷിക്തനായി.

തൻ്റെ പ്രേഷിത മേഖല സഹാറായാണന്നു തിരിച്ചറിഞ്ഞ നവ വൈദീകൻ അവിടേയ്ക്കു യാത്ര തിരിച്ചു. ഏറ്റവും പരിത്യജിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരോടും കൂടെ ആയിരിക്കാൻ ആഗ്രഹിച്ച ചാൾസച്ചൻ തന്നോടു അടുക്കുന്ന എല്ലാവരും തന്നിൽ ഒരു ” സാർവ്വത്രിക സഹോദരനെ ” കണ്ടെത്തണമെന്ന് അവൻ ആഗ്രഹിച്ചു. സഹാറയിൽ, ക്രിസ്ത്യാനിയോ മുസ്ലീമോ ജൂതനോ വിജാതിയരോ ആകട്ടെ, കടന്നുപോകുന്ന ആരെയും അദ്ദേഹം സ്വാഗതം ചെയ്യുമായിരുന്നു. അടിമക്കച്ചവടത്തിനെതിരേ നിലകൊണ്ട ചാൾസ് നിരവധി അടിമകളെ മോചിപ്പിക്കാൻ പരിശ്രമിച്ചു.

1905-ൽ അദ്ദേഹം സഹാറയിലെ ഹോഗറിലെ തമൻറാസെറ്റിലേക്ക് മാറുകയും അവരുടെ ഭാഷ പഠിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു പുരോഹിതൻ അവിടെ ചെല്ലുന്നതു തന്നെ. ചാൾസ് അവർക്കുവേണ്ടി സുവിശേഷം പരിഭാഷപ്പെടുത്താൻ തുടങ്ങി.1907-ൽ ചാൾസ് ടുവാരെഗ് ഭാഷയും പാട്ടുകളും കവിതകളും പഠിക്കാൻ തുടങ്ങി. അവിടെയുള്ള ഏക ക്രിസ്ത്യാനി ചാൾസായതിനാൽ, ദിവ്യബലി അർപ്പിക്കാൻ അനുവാദം കിട്ടിയിരുന്നില്ല. എന്നാൽ ജനങ്ങൾക്ക് വേണ്ടി ചാൾസ് അവിടെ തുടരാൻ തീരുമാനിച്ചു. ആറുമാസത്തിനുശേഷം, ഒറ്റയ്ക്ക് വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അനുമതി അവനു ലഭിച്ചു.1908-ന്റെ തുടക്കത്തിൽ രോഗബാധിതനായ ചാൾസ് മരണത്തോട് അടുത്തെങ്കിലും വരൾച്ചയുടെ കാലമായിരുന്നിട്ടും, തങ്ങൾ അവശേഷിപ്പിച്ച ചെറിയ ആട്ടിൻപാൽ പങ്കിട്ട് ടുവാരെഗുകൾ അവന്റെ ജീവൻ രക്ഷിച്ചു.1909-ൽ ചാൾസ് ഇപ്രകാരം എഴുതി, “എന്റെ ശുശ്രൂഷ നന്മയുടെ ശുശ്രൂഷയായിരിക്കണം. എന്നെ കാണുമ്പോൾ ആളുകൾ പരസ്‌പരം പറയണം: ‘ഈ മനുഷ്യൻ വളരെ നല്ലവനായതിനാൽ അവന്റെ മതം നല്ലതായിരിക്കണം.”

അവിശ്വാസികളെ മാനസാന്തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “ഈശോയുടെ തിരുഹൃദയത്തിൻ്റെ സഹോദരി സഹോദരന്മാരുടെ ഒരു യൂണിയൻ ” എന്ന ഒരു സമൂഹം സ്ഥാപിക്കുക എന്ന പദ്ധതിയുമായി 1909 നും 1913 നും ഇടയിൽ മൂന്നു തവണ അദ്ദേഹം ഫ്രാൻസിലേക്ക് സന്ദർശനങ്ങൾ നടത്തി.യൂറോപ്പിൽ ഒന്നാം ലോക മഹായുദ്ധം രൂക്ഷമായപ്പോഴും ചാൾസ് സഹാറയിൽ തന്നെ തുടർന്നു. ലോകമഹായുദ്ധം അൾജീരിയയിൽ ഫ്രഞ്ചുകാർക്കെതിരായ ആക്രമണത്തിന് കാരണമായി. മറ്റൊരു ഗോത്രത്തിന്റെ ആക്രമണത്തിൽ പിടികൂടിയ ചാൾസിനും അദ്ദേഹത്തെ സന്ദർശിക്കാൻ വന്ന രണ്ട് ഫ്രഞ്ച് സൈനികരും 1916 ഡിസംബർ 1 ന് വെടിയേറ്റ് മരിച്ചു. മരിക്കുമ്പോൾ ചാൾസിനു അമ്പത്തിയെട്ടു വയസ്സായിരുന്നു.

2005 നവംബർ 13-നായിരുന്നു ചാൾസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ഈശോയുടെ ചെറിയ സഹോദരന്മാർ, തിരു ഹൃദയത്തിന്റെ ചെറിയ സഹോദരിമാർ, ഈശോയുടെ ചെറിയ സഹോദരിമാർ, സുവിശേഷത്തിന്റെ ചെറിയ സഹോദരന്മാർ, സുവിശേഷത്തിന്റെ ചെറിയ സഹോദരിമാർ തുടങ്ങി സന്യാസ സഭകളോ ഭക്തസംഘടനകളോ ആയി അഞ്ചു സമൂഹങ്ങൾ ചാൾസ് ദേ ഫുക്കോൾഡിൻ്റെ ചൈതന്യവുമായി ലോകത്ത് ഇന്നും ശുശ്രൂഷ ചെയ്യുന്നു.

താൻ ജീവിച്ചിരുന്ന വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ചാൾസ് ആഴത്തിൽ ബഹുമാനിച്ചിരുന്നു. തന്റെ 13 വർഷത്തെ സഹാറാ വാസത്തിൽ അവിടുത്തെ സംസ്‌കാരവും ഭാഷയും ചാൾസ് പഠിച്ചു അവർക്കിടയിൽ ഒരു “സഹോദരൻ” ആയി ജീവിതം സമർപ്പിച്ചു.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്