”കാണെക്കാണെ വയസ്സാവുന്നു

മക്കൾക്കെല്ലാമെന്നാലമ്മേ

വീണക്കമ്പികൾ മീട്ടുകയല്ലീ

നവതാരുണ്യം നിൻ തിരുവുടലിൽ.”

ഭൂമീ മാതാവിനെക്കുറിച്ചു മലയാളിയുടെ പ്രിയപ്പെട്ട കവി ഓ എൻ വി കുറുപ്പ് കുറിയിച്ച വരികൾ. മക്കൾക്ക് വയസ്സാകുമ്പോഴും യൗവന യുക്തയായി തുടരുന്ന അമ്മയെ കുറിച്ച് വാചാലനായ കവി തന്നെ മറ്റൊരിടത്തു പറയുന്നു ”ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്ന മൃതിയിൽ നിനക്കാത്മ ശാന്തിയെന്നു.” അതെ ‘അമ്മ ഭൂമിയെ സ്നേഹിക്കുന്ന ഏവരും ആശങ്കയുടെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്.

ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപായ പെടുത്തുന്ന തരത്തിൽ മനുഷ്യന്റെ ആർത്തിപ്പൂണ്ട ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഭൂമിക്കു അതിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും കാലാവസ്ഥ വ്യതിയാനം മലിനീകരണം മുതലായ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു അത് വഴിവെക്കുകയും ചെയ്യുന്ന

കാഴ്ചകളാണ് ചുറ്റിലും . ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും ഉയർന്നു പൊങ്ങിയ പുക പടലങ്ങൾ ഒരു ഓർമ്മപ്പെടുത്തലായി നമുക്ക് മുന്നിലുണ്ട്

ഭൗമദിനാചരണം

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന നിരവധി ദിനാചരണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട് ഇതില്‍ ഏറ്റവും പഴക്കം ചെന്നതാണ് ഭൗമദിനാചരണം. 1969-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ സമാധാന പ്രവര്‍ത്തകന്‍ ജോണ്‍ മെക്കോണലിന്‍റെ നേതൃത്വത്തിൽ രൂപപ്പെട്ട ഭൗമദിനം എന്ന ആശയം വളരെ പെട്ടെന്ന് ലേകരാജ്യങ്ങൾ ഏറ്റെടുക്കുകയും വലിയൊരു മുന്നേറ്റമായി മാറുകയുമാണുണ്ടായത് . ഇന്ന് ലോകത്തിലെ 141 രാഷ്ട്രങ്ങളിൽ വൈവിധ്യങ്ങളായ കർമ്മപരിപാടികളോടെ ഭൗമദിനാചരണം സംഘടിപ്പിച്ചു വരുന്നു. ജനങ്ങളിൽ പരിസ്ഥിതി സുരക്ഷയെയും സംരക്ഷണ ത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാവർഷവും ഏപ്രിൽ 22 ആണ് ഇതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസം.

ചുട്ടുപൊള്ളുന്ന പൊരിവേനലിന്റെ മധ്യത്തിലാണ് മലയാളി ഗൾഫു നാടുകളോട് സമാനമായ ഒരു കാലാവസ്ഥയിലേക്കു ദൈവത്തിന്റ സ്വന്തം നാട് ചുവടുവെച്ചു കഴിഞ്ഞു. നാൽപ്പതു ഡിഗ്രിയോടടുക്കുന്ന ചൂട് അതിന്റെ സൂചനയാണ്.

മടങ്ങാം പ്രകൃതിയിലേക്ക്

നമ്മുടെ ഭാവിയെ സംരക്ഷിക്കാൻ ഭൂമിയിൽ നിക്ഷേപിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

പ്രകൃതിയില്‍നിന്നും അകന്നു ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. താത്കാലിക ലാഭത്തിനും സുഖത്തിനും വേണ്ടി പ്രകൃതിയെ നിയന്ത്രിച്ചുവെന്നും കീഴടക്കിയെന്നും വീമ്പു പറയുമ്പോഴും മനുഷ്യ ശക്തിക്കതീതമായി പ്രകൃതി നില നില്‍ക്കുന്നു, മനുഷ്യന്‍ സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മാറ്റി മറിക്കുന്നു. മഹാപ്രളയാത്തതിൽ നാമത് നേരിട്ടനുഭവിച്ചതാണ്.

“കോളനികള്‍ കീഴ്പ്പെടുത്തുന്ന അക്രമകാരിയെ പോലെ നമുക്ക് പ്രകൃതിയെ കീഴടക്കി ഭരിക്കാനാവില്ല” എന്ന്‌ മാനവരാശിയെ ഓര്മപ്പെടുത്തിയത് ഏംഗത്സ് ആണ്.

ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഫോസിൽ ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം

“യാത്ര കഠിനമാണെങ്കില്‍ പോലും മനോഹരമായ ഈ ഭൂമിയില്‍ നമ്മുടെ കുട്ടികള്‍ക്കും പേരകിടാങ്ങള്‍ക്കും തുടര്‍ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന്‍ മനുഷ്യനെ നിസ്സഹായാവസ്ഥയില്‍ വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു.മനുഷ്യന്‍ സ്വയം രക്ഷിച്ചില്ലെങ്കില്‍ മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.”

ഒറ്റ വൈക്കോല്‍ വിപ്ലവം ത്തിലൂടെ ലേകപ്രശസ്തനായ മസനോബു ഫുക്കുവോകയുടെ വാക്കുകൾ ഈ ഭൗമ ദിനത്തിൽ മറക്കാതിരിക്കാം.

ഡോ. സെമിച്ചൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്