(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം .
(2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ ധനപരമായ യുക്തി വിമർശനാത്മകമായി വിലയിരുത്തണം. വേണമെങ്കിൽ അറിവുള്ളവരോട് ചോദിക്കണം .ആരോടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം വേണ്ട.
(3)പെട്ടെന്ന് നേട്ടമുണ്ടാക്കണമെന്ന ആഗ്രഹമോ ആർത്തിയോ യുക്തി വിചാരത്തെ മന്ദിഭവിക്കുന്നതായി
തോന്നിയാൽ ജാഗ്രത കൂട്ടണം. പറ്റിക്കപ്പെടാനുള്ള സാധ്യത അപ്പോൾ കൂടുതലാണ് .
(4)വലിയ പുള്ളികളെ അണി നിർത്തിയുള്ള പ്രചാരണങ്ങളിൽ വിശ്വസിക്കരുത് .അവർ വേണ്ട രീതിയിൽ അന്വേഷിക്കാതെയാകും ഇതിന് നിന്ന് കൊടുക്കുന്നത്. സെലിബ്രിറ്റികളുടെ അംഗീകാരത്തെക്കാൾ പ്രാധാന്യം നൽകേണ്ടത് യുക്തിക്കാണ്.കാശ് സ്വന്തമാണെന്നത് മറക്കരുത് .പണം പോയാൽ അത് സ്വന്തം ബുദ്ധിമോശമാണെന്നതാണ് സത്യം.
(5)വാചകമടികളും പ്രചരണ കോലാഹലങ്ങളും കൂടുമ്പോൾ
യാഥാർഥ്യം മുങ്ങി പോകാൻ സാധ്യത കൂടുതലാണ് .അപ്പോൾ കൂടുതൽ അന്വേഷണം വേണ്ടി വരും.
(ഡോ .സി ജെ ജോൺ )