ക്രിസ്‌തുമസ് സന്ദേശം

‘നല്ലതും പൂർണവുമായ എല്ലാ സമ്മാനങ്ങളും ഉന്നതത്തിലിരിക്കുന്ന പിതാവായ ദൈവത്തിൽ നിന്നും വരുന്നു’ ( യാക്കോ.1.17)

സ്നേഹമുള്ളവരെ,

പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോ. സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ ഭൂമി ഏറ്റുവാങ്ങിയ സുന്ദരവും സന്തോഷകരവുമായ ഓർമ്മയാണ് നാം ക്രിസ്‌മസിൽ അനുസ്‌മരിക്കുന്നതും ആഘോഷിക്കുന്നതും. സ്നേഹം, ത്യാഗം, സമാധാനം എന്നിവ മുറുകെപ്പിടിക്കുന്ന മനുഷ്യർക്ക് മാത്രമാണ് ക്രിസ്തു‌മസിൻ്റെ പൂർണ്ണതയെന്ത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ.

ദൈവസ്നേഹത്തിൻ്റെ മനുഷ്യവതാരമാണ് ക്രിസ്‌തുമസ് എന്നും നമുക്കറിയാം. മനുഷ്യകുലത്തോടുള്ള ദൈവത്തിൻ്റെ അതിരില്ലാത്ത സ്നേഹത്തിൻ്റെ ഫലമായിട്ടാണ് ദൈവപുത്രൻ ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചത്. ആ പുണ്യ സ്നേഹമാണ് നമ്മുടെ ഹൃദയത്തിൽ നിറയേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതും. ക്രിസ്‌തുമസ്ക‌ാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്.

പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിൻ്റെ പ്രവാചകരാകുവാനാണ്. നമ്മൾ ശുശ്രൂഷ ചെയ്യുന്നിടങ്ങളിൽ പങ്കുവയ്ക്കപ്പെടേണ്ടതും ക്രിസ്‌തു നമുക്ക് പകർന്നു തന്ന ഈ ദിവ്യസ്നേഹം തന്നെയാണ്. നമ്മെ ഒരുമിച്ചു ചേർക്കുന്നതും അവിടുത്തെ സ്നേഹമാണ്.

ദൈവം നമ്മോടൊപ്പം – ഇമ്മാനുവൽ -എന്ന സന്തോഷ അനുഭവമാണ് ക്രിസ്‌തുമസ്.
ഈ വലിയ അനുഭവത്തിനായി എന്നും നമ്മൾ കാത്തിരിക്കുകയും തയ്യാറെടുക്കുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മൾ സ്വയം സജ്ജരാകുന്ന ഏത് അവസ്ഥയിലും ഈമ്മാനുവൽ അനുഭവം സ്വന്തമാക്കാൻ നമുക്ക് കഴിയും. എപ്പോഴെല്ലാം നാം ദൈവം നമ്മോടൊപ്പം എന്ന അനുഭവത്തിലാണ് അപ്പോഴെല്ലാം നമ്മിൽ ക്രിസ്‌തുമസ് വന്നണയുന്നു.

ഇമ്മാനുവൽ അനുഭവം ചിന്തയിലും ബോധ്യത്തിലും മനോഭാവത്തിലും മാറ്റങ്ങൾ വരുത്തി നമ്മെ ഒരു പുതിയ സൃഷ്ടിയാക്കുന്നു. ക്രിസ്‌തുമസ് രാവിൽ ദൈവം നമ്മോടുകൂടെ എന്ന അനുഭവം ലഭിച്ചപ്പോഴാണ് ആട്ടിടയന്മാരിൽ പ്രത്യാശയും ആനന്ദവും ഉണ്ടായത്. അതുപോലെ ഇന്നും ഉണ്ണീശോയെ കാത്തിരിക്കുന്ന നമ്മുടെ മനസ്സുകളിൽ ദൈവം പിറക്കുന്നു എന്ന ആനന്ദവും പ്രത്യാശയും നിറയണം.
ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചത് സ്വയം എളിമപ്പെടുത്തി കൊണ്ടാണ്. ഈ ഒരു എളിമപ്പെടുത്തൽ വഴി ഒരിക്കൽ ഏദൻ തോട്ടത്തിൽ അടക്കപ്പെട്ട പറുദീസയുടെ വാതിൽ നമുക്കായി തുറക്കപ്പെട്ട രാത്രിയാണ് ക്രിസ്‌തുമസ് രാത്രി.

പുൽക്കൂട്ടിലെ ഉണ്ണീശോ നമ്മെ ക്ഷണിക്കുക ഈ ഒരു എളിമപ്പെടലിൻ്റെ മനോഭാവത്തിലേക്കാണ്. കാരണം സ്വയം എളിമപ്പെടുന്നവർക്ക് മാത്രമേ ഉണ്ണിയേശുവിന് ജന്മം കൊടുക്കുവാനും ഈ ലോകത്ത് ഉണ്ണിയേശുവിനെ കണ്ടെത്താനും സാധിക്കുകയുള്ളൂ.

സ്നേഹത്തിന്റെയും വിനയത്തിൻ്റെയും സന്ദേശം നൽകുന്ന ക്രിസ്‌തുമസ്,ജാതി-മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്. ക്രിസ്‌തുമസ് വിശ്വശാന്തി ദിനം കൂടിയാണ്. ജാതിയുടെയും മതത്തിൻ്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നതകൾ ഉണ്ടാക്കുവാനും അശാന്തിയുടെയും അസമാധാനത്തിൻ്റെയും വിത്ത് വിതക്കാനും ചില തൽപരകക്ഷികൾ മുന്നോട്ട് വരുമ്പോൾ നമ്മൾ ജാഗ്രത പുലർത്തണം.

ജാതി-മത, സമുദായിക, രാഷ്ട്രീയ ബന്ധങ്ങൾക്ക് അതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാനും നാം തയ്യാറാവണം. അപ്പോഴാണ് ഈ ലോകത്ത് സമാധാനത്തിൻ്റെ ദൂതുമായി കടന്നുവന്ന ഉണ്ണിയേശുവിൻ്റെ പ്രിയപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളും രൂപാന്തരപ്പെടുകയുള്ളൂ. ഒറ്റ ദിവസം കൊണ്ട് അവസാനിക്കേണ്ടതല്ല ക്രിസ്തുമസ്.

നമ്മുടെ അനുദിന ജീവിതത്തിൽ ക്രിസ്‌തു മനുഷ്യനായി എന്നും പിറക്കട്ടെ. നമ്മുടെ വ്യക്തിജീവിതങ്ങളിൽ, കുടുംബങ്ങളിൽ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളിൽ ക്രിസ്തുവിന് ജനിക്കുവാൻ, സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പാതയിൽ ചരിച്ചുകൊണ്ട് നമുക്കും പുൽക്കൂട് ഒരുക്കാം. ദൈവം നമ്മെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ആഗതമാകുന്ന ക്രിസ്‌തുമസ്-നവവത്സര ആശംസകൾ.

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

വരാപ്പുഴ അതിരൂപത മെത്രപ്പോലീത്ത

നിങ്ങൾ വിട്ടുപോയത്