ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലും വെളിച്ചം കടന്നു ചെല്ലാത്ത ഓരങ്ങളിലും ബഹിഷ്കൃതരായി കഴിയുന്നവരെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഓരോ ക്രൈസ്തവനെയും വ്യത്യസ്തനാക്കുന്നത്.ക്രിസ്തുമസ്സിൽ അതിന്റെ ഒരു ഭാവമുണ്ടായിരുന്നു.ഹൃദയം നിറയെ സ്നേഹവുമായിവന്ന ക്രിസ്തുവിനു പിറക്കാൻ ഒരു ഇടം കിട്ടിയില്ല എന്നതാണ് ക്രിസ്തു ജനനകഥയുടെ ഒരു ക്ളൈമാക്സ്.
ഇന്ന് നാം യേശുവിന്റെ പിറവിയായ ക്രിസ്‌മസ് ആഘോഷിക്കേണ്ടത് സാധാരണക്കാരിലും, ദരിദ്രരിലും, ബഹിഷ്‌കൃതരിലും യേശുവിനെ ദർശിച്ചും അനുഭവിച്ചും ആകണം.രവീന്ദ്രനാഥ ടാഗോർ “പറഞ്ഞതുപോലെ, ഓരോ പിറവിയും ദൈവത്തിന് മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല” എന്ന സൂചനയാണ്.ലാളിത്യവും വിശുദ്ധിയും നിറഞ്ഞ, ഉണ്ണി ഈശോയും മാതാവും നീതിമാനായ ജോസഫും ഉള്ള പുൽക്കൂട്ടിൽ നിന്നും ഇന്ന് നമ്മെ അകറ്റികൊണ്ടുപോകുന്ന ചില നൂതന പ്രത്യയശാസ്ത്രങ്ങൾ,പാഷാണ്ഡതകൾ തുടങ്ങിയവ നമ്മുടെ വഴികളിൽ പല രൂപങ്ങളിൽ പതിയിരിക്കുന്നു.അവ നമ്മെ വഴിതെറ്റിക്കാതിരിക്കട്ടെ.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് നിരവധി വാതിലുകൾ മുട്ടിയിട്ടും അവിടെയൊന്നും ദൈവപുത്രന് പിറക്കാൻ ഇടം ലഭിക്കാതെ വന്നപ്പോൾ തുറന്നിട്ട വെറുമൊരു കാലിക്കൂട് യേശുവിനെ പിറക്കാൻ അനുവദിച്ച ആദ്യ ദൈ വാലയമായി.ലോകം കണ്ട ഏറ്റവും സുന്ദരമായ ദേവാലയം ആ കാലിത്തൊഴുത്തായിരുന്നു.ദൈവപുത്രനെ വഹിച്ച പരിശുദ്ധ അമ്മയും ദൈവപിതാവിനെ വിശ്വസിച്ച യൗസേപ്പിതാവും ദൈവാലയങ്ങളായി. ഹൃദയത്തിന്റെ നന്മകൊണ്ട് ആട്ടിടയരും നക്ഷത്രത്തെ പിന്തുടർന്ന രാജാക്കന്മാരും ദൈവാലയങ്ങളായി മാറി.
ദൈവത്തിലേക്ക് നോക്കുന്ന മനുഷ്യരെയും മനുഷ്യരിലേക്ക് നോക്കുന്ന ദൈവത്തെയും ബൈബിളിൽ കാണാം. ദൈവത്തിലേക്ക് നോക്കുക എന്നുവച്ചാൽ ദൈവസന്നിധിയിലേക്ക് ഹൃദയവും മനസും ഉയർത്തി ദൈവത്തെ ആശ്രയിക്കുക, ദൈവത്തോട് പ്രാർത്ഥിക്കുക എന്നാണർത്ഥം.മനുഷ്യനായി അവതരിച്ച യേശുവിന്റെ നേരെ നോക്കിയ ഒരുപാട് മനുഷ്യരുണ്ട്. ഭൃത്യനെ സുഖപ്പെടുത്തണമേ എന്ന് യാചിച്ചുകൊണ്ടുവന്ന ശതാധിപനും (മത്താ. 8), കഫർണാമിൽ യേശുവിന്റെ അടുത്തുവന്ന അനേകം രോഗികളും (മത്താ. 8), തളർവാതരോഗിയെ യേശുവിന്റെ അടുത്തുകൊണ്ടുവന്ന ജനങ്ങളും (മത്താ. 9), ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ എന്ന് വിളിച്ചപേക്ഷിച്ച അന്ധനും (മത്താ. 9), അനേക രോഗികളെ യേശുവിന്റെ അടുത്ത് കൂട്ടിക്കൊണ്ടുവന്ന ജനങ്ങളും (മത്താ. 15), മകളിൽനിന്ന് പിശാചിനെ പുറത്താക്കാൻ യേശുവിനോട് പ്രാർത്ഥിച്ച സീറോ-ഫിനേഷ്യൻ സ്ത്രീയും (മർക്കോ. 7), അന്ധനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് യേശു സ്പർശിക്കണം എന്നാവശ്യപ്പെട്ട ജനങ്ങളും (മർക്കോ. 8) യേശുവിന്റെ കാല് കഴുകിത്തുടച്ച് തൈലം പൂശിയ സ്ത്രീയും (യോഹ. 12) എല്ലാം വിവിധ സാഹചര്യങ്ങളിൽ, വിവിധ നിയോഗങ്ങളോടെ യേശുവിലേക്ക് നോക്കിയവരുടെ, യേശുവിനെ ആശ്രയിച്ചവരുടെ ഉദാഹരണങ്ങൾ മാത്രമാണ്.
ദൈവത്തിലേക്ക് നോക്കി കൃപകൾക്കായി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. അപ്പോൾ ദൈവം തിരിച്ച് നമ്മെയും നോക്കും. നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി തരും.ഇന്നും ദൈവത്തിലേക്ക് നോക്കുന്നവർ ധാരാളം. ധാരാളംപേരെ ദൈവവും നോക്കുന്നു. ദൈവത്തിലേക്ക് നോക്കി ആരാധിക്കുന്നവരും നന്ദി പറയുന്നവരും മാപ്പു ചോദിക്കുന്നവരും വിവിധതരം പ്രശ്‌നങ്ങൾ സമർപ്പിച്ച് യാചന നടത്തുന്നവരും ധാരാളം. ദൈവം തിരിച്ച് അവരെയും നോക്കുന്നു.അതെ വിശുദ്ധ ദൈവാലയങ്ങളിൽ നിന്നും ജനങ്ങളെ അകറ്റുന്ന പ്രവർത്തികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ..നമ്മുടെ ദൈവാലയങ്ങൾ വേദനയനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി എപ്പോഴും തുറന്നുകിടക്കട്ടെ.
വി.കുർബാനയിൽ എന്റെ പിഴ എന്റെ പിഴ എന്ന് നാം കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ വൈദികൻ നമ്മെ ദൈവത്തിന്റെ അനുരഞ്ജനത്തിലേക്ക് കൂട്ടികൊണ്ടുപോയി ദൈവത്തിനു നേരെ തിരിഞ്ഞു നമ്മളെയും കൂട്ടി ബലി അർപ്പിക്കുന്നു.അവസാനം ദൈവം നമ്മെ നോക്കി പറയുന്നു”.സമാധാനത്തിൽ പോകുക” എന്ന്.നമ്മുടെ കുടുംബ പ്രാർത്ഥനകളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.ഗൃഹനാഥൻ കുടുംബാംഗങ്ങളെ ദൈവസന്നിധിയിലേക്ക് നയിക്കുന്നു.അവിടെ സമാധാനവും സ്നേഹവും ഉണ്ടാകുന്നു.
കാലിത്തൊഴുത്തിലെ ആ ദൈവാലയത്തിൽ അവർ എന്താണ് ചെയ്തു കൊണ്ടിരുന്നത്.അവർ ഉണ്ണിയേശുവിനെ നിർന്നിമേഷം നോക്കിയിരിക്കുകയായിരുന്നു.നമ്മുടെ ഓരോ പുൽക്കൂട്ടിലേക്കും നോക്കിയാൽ കാണാം.ഉണ്ണിയേശുവിനെ മാത്രം നോക്കി നടക്കുന്നവർ.ദൈവാലയം ദൈവത്തിലേക്ക് നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്ഥലമാണ്.നമുക്ക് ക്രിസ്തുവിന്റെ അൾത്താരയിലേക്ക് നോക്കാം.യൗസേപ്പിതാവിനെപ്പോലെ ….കന്യകാമറിയത്തെപ്പോലെ.ക്രിസ്മസ് ദിനങ്ങളിൽ യേശു നമ്മെ ക്ഷണിക്കുന്നു.ദൈവാലയങ്ങളായിത്തീരാൻ! ക്രിസ്തുവിന് ജന്മം കൊടുക്കുന്ന ദൈവാലയങ്ങളാകട്ടെ നമ്മുടെ ഹൃദയവും കുടുംബവും ജോലിസ്ഥലങ്ങളും.
ടോണി ചിറ്റിലപ്പിള്ളി