മോശയുടെയും (പുറ. 24: 18) ഏലിയായുടെയും (രാജാ. 19:8) ഈശോയുടെ തന്നെയും (മര്‍ക്കോ. 1:13) 40 ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ തുടങ്ങി ഉയിര്‍പ്പുവരെയുള്ള 50 ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നു. ഉയിര്‍പ്പ് തിരുനാളിനുമുമ്പുള്ള ഈ ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി സവിശേഷമാംവിധം നീക്കിവെക്കപ്പെട്ടിരിക്കുന്നു. ലൗകികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മിശിഹായിലേക്ക് തിരിയാന്‍ നോമ്പുകാലം ആഹ്വാനം ചെയ്യുന്നു. മിശിഹായുടെ രക്ഷാരഹസ്യങ്ങളായ പീഡാനുഭവം, കുരിശുമരണം, സംസ്‌കാരം എന്നിവവഴി നാഥനുമായി താദാത്മ്യപ്പെടാന്‍ നോമ്പുകാലം പ്രചോദിപ്പിക്കുന്നു.

വിശുദ്ധഗ്രന്ഥാടിസ്ഥാനം

നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലുടനീളം പ്രതിപാദിച്ചിട്ടുണ്ട്. ദൈവസന്നിധിയില്‍നിന്ന് 10 കല്‍പ്പനകള്‍ സ്വീകരിക്കുതിനുള്ള ഒരുക്കമായി മോശ ഒന്നും ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ലെന്ന് പുറപ്പാട് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (പുറ. 34:28). ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനായി ഇസ്രായേല്‍ ജനത ദിവസം മുഴുവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി ഉപവസിക്കുകയും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്തു (1സാമു. 7:6).

നാബോത്തിനെതിരായി ചെയ്ത തെറ്റിനെയോര്‍ത്ത് ആഹാബ് മനസ്തപിക്കുകയും ചാക്കുടുത്ത് ഉപവസിക്കുകയും ചെയ്തു (1 രാജാ.21:27). രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിഞ്ഞ രാജാവിന്റെ പ്രാര്‍ത്ഥനവഴി ദാനിയേലിനെ സിംഹങ്ങള്‍ ഉപദ്രവിച്ചില്ല (ദാനി. 6:18). ഇസ്രായേല്‍ ജനതയുടെ നാശം മുന്‍കൂട്ടി കാണുന്ന എസ്‌തേര്‍ രാജ്ഞി മൂന്നു രാത്രിയും പകലും ഉപവാസം പ്രഖ്യാപിച്ചു (എസ്‌തേര്‍12:16). നിനവേ നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള യോനാ പ്രവാചകന്റെ പ്രസംഗം കേട്ട് അവിടെയുള്ളവര്‍ ഉപവാസം പ്രഖ്യാപിക്കുകയും നാശത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു (യോന 3:5).

ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്ന പ്രവാചിക രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 2:37). കര്‍ത്താവിന് വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍ താപസജീവിതമാണ് നയിച്ചിരുന്നത് (മത്താ. 3:4). ഈശോ 40 രാവും 40 പകലും മരുഭൂമിയില്‍ ഉപവസിച്ചു (മത്താ. 4:2). മനുഷ്യനെന്ന രീതിയില്‍ ഈശോ മരുഭൂമിയില്‍ 40 ദിവസങ്ങള്‍ ഉപവസിക്കുകയും ദൈവമെന്ന രീതിയില്‍ മാലാഖമാര്‍ അവനെ ശുശ്രൂഷിക്കാന്‍ താഴ്ന്നിറങ്ങുകയും ചെയ്തുവെന്ന് പൗരസ്ത്യ പിതാവായ നിസിബിലെ നര്‍സായി സാക്ഷ്യപ്പെടുത്തുന്നു.

രഹസ്യമായി ഉപവസിക്കുന്നതാണ് ഉചിതമെന്ന് ഈശോ പഠിപ്പിക്കുന്നു. എന്തെന്നാല്‍ രഹസ്യങ്ങള്‍ അറിയുന്ന പിതാവ് പ്രതിഫലം നല്‍കും (മത്താ 6:16). പിശാചുബാധിതനെ സുഖപ്പെടുത്താന്‍ ശിഷ്യന്‍മാര്‍ക്ക് കഴിയാതെ വരുന്നഘട്ടത്തില്‍, പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ പിശാചുക്കളെ പുറത്താക്കാന്‍ കഴിയില്ലെന്നാണ് ഈശോ ശിഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത് (മത്താ. 9:28). സാവൂളിന്റെ മാനസാന്തരത്തിനുശേഷം മൂന്നു ദിവസത്തേക്ക് അദ്ദേഹം ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ലെന്ന് അപ്പസ്‌തോല പ്രവര്‍ത്തനം രേഖപ്പെടുത്തുന്നു (അപ്പ. 9:9). ഇവയെല്ലാം നോമ്പിന്റെയും ഉപവാസത്തിന്റെയും പൊരുളും ശക്തിയും നമ്മുടെ മുമ്പില്‍ വരച്ചുകാണിക്കുന്ന സംഭവങ്ങളാണ്.

നോമ്പുകാലം: ചരിത്രം

കര്‍ത്താവിന്റെ പെസഹാതിരുനാളിന് ഒരുക്കമായാണ് സഭ 40 ദിവസത്തെ വലിയ നോമ്പ് ആചരിക്കുന്നത്. തെര്‍ത്തുല്യന്റെയും (എ.ഡി 220) ഹിപ്പോളിറ്റസിന്റയും (എ.ഡി 235) കാലഘട്ടത്തില്‍ ദുഃഖവെള്ളിയും ദുഖശനിയും ഉപവാസദിനങ്ങളായി പാശ്ചാത്യസഭ ആചരിച്ചിരുന്നു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചില സ്ഥലങ്ങളില്‍ ആറാഴ്ചയും ചില സ്ഥലങ്ങളില്‍ ഏഴാഴ്ചയും നോമ്പാചരണം നടത്തിയതായി സഭാപിതാക്കന്മാര്‍ വ്യക്തമാക്കുന്നു. പാശ്ചാത്യസഭയില്‍ വിഭൂതി ബുധനും ദുഃഖവെള്ളിയും നിര്‍ബന്ധിത ഉപവാസദിനങ്ങളാണെങ്കില്‍, പൗരസ്ത്യര്‍ക്ക് വലിയ നോമ്പാരംഭദിനമായ തിങ്കളും ദുഖവെള്ളിയും ഉപവാസദിനങ്ങളാണ്. ഉപവാസദിനങ്ങളില്‍ ഒരു നേരം മാത്രമായിരുന്നു ഭക്ഷണം. മത്സ്യ മാംസാദികള്‍ നോമ്പുകാലത്ത് ആരും ഉപയോഗിച്ചിരുന്നില്ല.

സീറോ മലബാര്‍ സഭയില്‍ വലിയനോമ്പ് ഏഴാഴ്ചകാലമാണ്. ഇതിലെ ഞായറാഴ്ച ഒഴിവാക്കുമ്പോള്‍ 36 ദിനങ്ങള്‍ വരുന്നു. വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ കൂടിചേര്‍ത്ത് 40 ദിവസത്തെ നോമ്പാചരണം പൂര്‍ത്തിയാക്കുന്നു. വലിയ നോമ്പുകാലത്തിലെ ഏഴാമത്തെ ഞായറാഴ്ചയാണ് കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ ജറുസലേം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാന ഞായര്‍. അതോടുകൂടിയാണ് വലിയ ആഴ്ചയുടെ ആചരണത്തിന് തുടക്കം കുറിക്കുന്നത്.

പൗരസ്ത്യസുറിയാനി ആരാധനക്രമമനുസരിച്ച് 40 ദിവസത്തെ നോമ്പ് പൂര്‍ത്തിയാകുന്നത് പെസഹാവ്യാഴാഴ്ചയിലെ മധ്യാഹ്നപ്രാര്‍ത്ഥനയോടുകൂടിയാണ്. തന്മൂലം തിരുവത്താഴശുശ്രൂഷയും കാലുകഴുകല്‍ ശുശ്രൂഷയും പെസഹാവ്യാഴാഴ്ചയിലെ സായാഹ്ന പ്രാര്‍ത്ഥനയോടുകൂടി നടത്തുന്നതാണ് അര്‍ത്ഥപൂര്‍ണം. ഇസ്രായേല്‍ക്കാര്‍ പെസഹാക്കുഞ്ഞാടിനെ ബലിയര്‍പ്പിച്ചത് സായാഹ്നത്തിലായിരുന്നു (പുറ12:6). കൂടാതെ ഈശോയുടെ തിരുവത്താഴം സന്ധ്യയോടുകൂടിയായിരുന്നുവെന്ന് സുവിശേഷകര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. (മത്താ. 26:20, മര്‍ക്കോ. 14:17, ലൂക്കാ 22:14).

പെസഹാവ്യാഴാഴ്ചയിലെ റംശാ പ്രാര്‍ത്ഥനയോടുകൂടിയാണ് പെസഹാ ത്രിദിനാചരണത്തിന് തുടക്കംകുറിക്കുന്നത്. പീഡാനുഭവവെള്ളി, വലിയശനി, ഉയിര്‍പ്പ് ഞായര്‍ എന്നീ ദിവസങ്ങളിലൂടെ പെസഹായുടെ ത്രിദിനാചരണം ആഘോഷിക്കുന്നു. മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂഗര്‍ഭത്തിലായിരിക്കും (മത്താ. 12:40) എന്ന ദൈവവചനം ത്രിദിന പെസഹാചരണത്തിന്റെ അടിസ്ഥാനമായി ഒന്‍പതാം നൂറ്റാണ്ടിലെ അജ്ഞാത ഗ്രന്ഥകാരന്‍ ചൂണ്ടികാണിക്കുന്നു.

ആരാധനാ ചിന്തകള്‍

അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും അവശ്യകത പ്രകടമാക്കുന്ന ചിന്തകളാണ് നോമ്പുകാല പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും കാണുന്നത്. ഈശോയുടെ പീഡാനുഭവ, മരണ, ഉത്ഥാനം മാനവകുലത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ളതാണെന്ന് നോമ്പുകാലം പഠിപ്പിക്കുന്നു. നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ധാരാളം പ്രാര്‍ത്ഥനകള്‍ ഇക്കാലത്തുണ്ട്.

അനുതാപവും മാനസാന്തരവും

മിശിഹായോടൊപ്പം ഉയിര്‍ക്കാനുള്ള യോഗ്യത ലഭിക്കാന്‍ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഇക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. ഉപവാസം, പ്രാര്‍ത്ഥന, പ്രായശ്ചിത്തം, പരിഹാരപ്രവൃത്തികള്‍ എന്നിവയാണ് അനുതാപത്തിനും മാനസാന്തരത്തിനമുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍. പ്രാര്‍ത്ഥനയും ഉപവാസവും വഴി ആത്മാവില്‍ ശക്തിപ്പെടാനാണ് ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത്. അങ്ങനെ, പൈശാചികശക്തിയെ പരാജയപ്പെടുത്താനും പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതിരിക്കാനും ഈശോയ്ക്ക് സാധിച്ചു.

ഈശോയുടെ മഹനീയ മാതൃക അനുകരിച്ച് തിന്മകളെ പരാജയപ്പെടുത്താന്‍ ഉപവാസമെന്ന ആയുധമെടുക്കാന്‍ ഇക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നു. “പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ ഈ ജാതിയെ പുറത്താക്കാന്‍ സാധിക്കില്ല,” എന്ന ഈശോയുടെ വാക്കുകളുടെ ഉള്‍പ്പൊരുള്‍ മനസിലാക്കി പൈശാചികശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്യാനും മാനസാന്തരത്തിന്റെ സത്ഫലങ്ങള്‍ പുറപ്പെടുവിക്കാനും നോമ്പുകാലം ഓര്‍മിപ്പിക്കുന്നു. ഇതിന് നാം ഭക്ഷണംമാത്രം ഉപേക്ഷിച്ചാല്‍ പോരാ. നമ്മില്‍ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വര്‍ജിക്കാനും തയാറാകണം.

രൂപാന്തരീകരണം

ആധ്യാത്മികവും ശാരീരികവുമായ വിശുദ്ധീകരണത്തിനും രൂപാന്തരീകരണത്തിനും നോമ്പുകാലം നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും സന്നിധിയില്‍ എളിമയുള്ളവരാകാന്‍ നോമ്പുകാലം പ്രേരിപ്പിക്കുന്നു (ഉല്‍പ. 37:34, ജോഷ്വാ7:6, 1 സാമു.7:6). ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുക, നുകത്തിന്റെ കയറുകള്‍ അഴിക്കുക, വിശക്കുന്നവനുമായി ആഹാരം പങ്കുവെക്കുക, മര്‍ദിതരെ സ്വതന്ത്രരാക്കുക, എല്ലാ നുകങ്ങളും ഒടിക്കുക തുടങ്ങിയവയാണ് നോമ്പിന്റെ ഉള്‍പ്പൊരുളുകളായി വര്‍ത്തിക്കുന്നത് (ഏശ. 58:6-7).

ദൈവത്തില്‍ അനന്തമായി ആശ്രയിക്കാനും മറ്റുള്ളവരെ സഹായിക്കാനും നോമ്പ് നമ്മെ സജ്ജരാക്കുന്നു. കൂടാതെ, ഇത് ജീവിതത്തില്‍ വന്നുപോയ പാകപ്പിഴകളില്‍നിന്നും തെറ്റുകുറ്റങ്ങളില്‍നിന്നും നമ്മെ വിമുക്തരാക്കുന്നു. ദൈവവും സഹോദരങ്ങളുമായുള്ള അനുരഞ്ജനം സാധ്യമാക്കുന്ന നോമ്പ് ആധ്യാത്മികവും ശാരീരികവുമായ രൂപാന്തരീകരണത്തിലേയ്ക്കും നമ്മെ നടത്തുന്നു. മനസിനെ ആത്മീയ ചിന്തകളാല്‍ നിറയ്ക്കാനും ബുദ്ധിയെ ദൈവ സ്തുതികള്‍കൊണ്ട് പ്രകാശപൂരിതമാക്കാനും നോമ്പ് ഉപകാരപ്രദമാണ്. ആത്മാവിന്റെയും ശരീരത്തിന്റെയും വാസകേന്ദ്രമായ മനുഷ്യനെ പരിശുദ്ധാത്മാവിന്റെ വിശുദ്ധആലയങ്ങളാക്കി രൂപാന്തരപ്പെടുത്താനും നോമ്പ് സഹായിക്കുന്നു.

ഉപവാസവും ആത്മനിയന്ത്രണവും നോമ്പിന്റെ ഇരുവശങ്ങള്‍ പോലെയാണ്. ആധ്യാത്മികവും ശാരീരികവുമായ നവീകരണം ഇതിലൂടെ സാധ്യമാകുന്നു. ശാരീരിക ഉപവാസവേളകളില്‍ ചില ഭക്ഷണ- പാനീയങ്ങള്‍, വിനോദങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാല്‍ നോമ്പിന്റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങള്‍, ദുസ്വഭാവങ്ങള്‍ എന്നിവയില്‍നിന്നുള്ള പിന്മാറ്റമാണ്. ഉപവാസമെന്നത് ഭക്ഷണം കഴിക്കാതിരിക്കല്‍ മാത്രമല്ല പ്രത്യുത, നയനങ്ങളെ അശുദ്ധമായ കാഴ്ചകളില്‍നിന്നും ചെവികളെ അപവാദപ്രചരണങ്ങളില്‍നിന്നും കൈകാലുകളെ അനീതിയില്‍നിന്നും ശരീരത്തിന്റെ മറ്റ് അവയവങ്ങളെ തിന്മകളില്‍നിന്നും അകറ്റിനിര്‍ത്തല്‍ കൂടിയാണെന്ന സഭാപിതാവായ ജോണ്‍ ക്രിസോസ്‌തോമിന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.

മിശിഹായോടുള്ള താദാത്മീകരണം

നോമ്പുകാലത്തെ പ്രാര്‍ത്ഥനകളും ഉപവാസവും നമ്മെ മിശിഹായുമായി ഒന്നാക്കിത്തീര്‍ക്കുന്നു. ഈശോയോടൊപ്പം പുതുജീവിതം നയിക്കാന്‍ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. മനുഷ്യന്‍ മണ്‍പാത്രത്തിന് തുല്യനാണ്. മണ്‍പാത്രംപോലെ അവന്റെ സ്വഭാവം ദുര്‍ബലമാണ്. പക്ഷേ ഈശോ അവനില്‍ വസിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ അമൂല്യമായ പാത്രമായിത്തീരുന്നുവെന്ന് പൗരസ്ത്യപിതാവായ നിസിബിലെ നര്‍സായി പഠിപ്പിക്കുന്നു.

നാഥനോട് ഐക്യപ്പെടാന്‍ നോമ്പിലൂടെയും ഉപവാസത്തിലൂടെയും ആത്മദാനം നടത്താന്‍ നാം തയാറാകണം. അപ്രകാരം മറ്റൊരു ക്രിസ്തുവായിത്തീരാനും സുവിശേഷത്തിന് ധീരമായ സാക്ഷ്യം വഹിക്കാനുമുള്ള അവസരമായി നോമ്പുകാലത്തെ കാണണം. ഈശോയുടെ പീഡാനുഭവവും സഹനവും മരണവും ഫലമണിയുന്നത് ഉത്ഥാനത്തിലാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നത് തീര്‍ച്ചയാണ് (2 തിമോ. 2:11).

ഈശോയുടെ പീഡാനുഭവത്തിലേക്കും ഉത്ഥാനത്തിലേക്കും യോഗ്യതാപൂര്‍വം പ്രവേശിക്കാന്‍ നമ്മെ ഒരുക്കുകയെന്നതാണ് നോമ്പുകാലപ്രാര്‍ത്ഥനകളുടെയും ഗീതങ്ങളുടെയും കര്‍മങ്ങളുടെയും ലക്ഷ്യം. ഇക്കാലത്തുള്ള നോമ്പും ഉപവാസവും ആത്മീയ നവീകരണത്തിലേക്കും സുവിശേഷാത്മക ആനന്ദത്തിലേക്കും നമ്മെ കൈപിടിച്ചുയര്‍ത്തുന്നു. “നീ മാംസം ഭക്ഷിക്കാതിരിക്കുകയും വിമര്‍ശനവും അപവാദങ്ങളും വഴി നിന്റെ സഹോദരനെ വിഴുങ്ങുകയും ചെയ്താല്‍ നീ അനുഷ്ഠിക്കുന്ന നോമ്പിന് പ്രയോജനമുണ്ടാവുകയില്ലെന്ന്,” വിശുദ്ധ ബേസില്‍ ഓര്‍മിപ്പിക്കുന്നു.

“വചനം ഒരു ദാനമാകുന്നു; മറ്റു വ്യക്തികളും” എന്ന ഫ്രാന്‍സിസ് പാപ്പായുടെ 2017ലെ നോമ്പുകാലസന്ദേശത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ ഉള്‍ക്കൊണ്ട് ദൈവവചനം വായിക്കാനും പാപം ഉപേക്ഷിക്കാനും അപരനെ സ്‌നേഹിക്കാനും ഉതകുംവിധം പ്രാര്‍ത്ഥനാശീലങ്ങളെയും ഉപവാസരീതികളെയും നമുക്ക് ചിട്ടപ്പെടുത്താം. പ്രാര്‍ത്ഥനയുമായി സംയോജിക്കാത്ത ഉപവാസം ഫലം പുറപ്പെടുവിക്കില്ല. കൂടാതെ, പ്രാര്‍ത്ഥനവഴി മിശിഹായുടെ രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കാനും ഉപവാസംവഴി പ്രലോഭനങ്ങളെ കീഴടക്കാനും ജീവിതനവീകരണംവഴി ഉയിര്‍പ്പിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാനുമുള്ള അവസരമായി നോമ്പുകാലം ഭവിക്കട്ടെ.

ഫാ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍

നിങ്ങൾ വിട്ടുപോയത്