ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു പോരുന്ന കൊച്ചിരൂപതാ “കൂരിയാ”യുടെ ചാൻസിലർ ആകുന്ന ഫാ. DDr. ജോണി സേവ്യർ പുതുക്കാട്ട് പൗരോഹിത്യ രജത ജൂബിലിയുടെ നിറവിൽ തോപ്പുംപടി സാന്തോം ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും , വട്ടമാക്കൽ സെന്റ്.ജേക്കബ് ദേവാലയത്തിൽ പ്രീസ്റ്റ് – ഇൻ – ചാർജുമായി സേവനം ചെയ്തു വരികയായിരുന്നു, കൂടാതെ അദ്ദേഹം രൂപതാ HRD വിഭാഗം ഡയറക്ടർ കൂടിയാണ്
1971 – ൽ ജനുവരി 12 നു എഴുപുന്നയിൽ പുതുക്കാട്ട് പരേതനായ പൈലി സേവ്യറിന്റെയും , ലില്ലി സേവ്യറിന്റെയും ഏഴുമക്കളിൽ അഞ്ചാമനായാണ് ജോണി അച്ചൻ ജനിക്കുന്നത് .
പ്രാഥമിക വിദ്യാഭ്യാസം എഴുപുന്ന സെന്റ്. റാഫേൽസ് ഹൈസ്കൂളിലും പ്രീഡിഗ്രി സാന്താ ക്രൂസ് കോളേജിലും പഠിച്ച അദ്ദേഹം വൈദീകപഠനത്തിനായി പിന്നീട് ഫോർട്ട്കൊച്ചി മൗണ്ട് കാർമൽ പെറ്റി സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവാ കാർമൽഗിരി സെമിനാരിയിലും, റോമിലെ പൊന്തിഫിക്കൽ ഉർബൻ യൂണിവേഴ്സിറ്റിയിലും യഥാക്രമം ഫിലോസഫിയിലും, തിയോളജിയിലും ബിരുദങ്ങൾ നേടി 1998 ഓഗസ്റ്റ് 15 നു വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് മുണ്ടംവേലി സെന്റ്. ലൂയിസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും , ബിഷപ്പ് ജോസഫ് കുരീത്തറയുടെ അവസാനത്തെ സെക്രട്ടറി ആയും അഡ്മിനിസ്ട്രേറ്റർ റവ.ഫാ ജോസി കണ്ടനാട്ടുതറയുടെ സഹായിയായും , ബിഷപ്പ് ജോൺ തട്ടുങ്കലിന്റെ ആദ്യ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.
ഉപരിപഠനാർത്ഥം ഓസ്ട്രിയായിലെ ഇൻസ്ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ ചേർന്ന അദ്ദേഹം സാക്കൻ , സ്നേഹമാതാ പള്ളിയിൽ ഇൻസ്ബ്രൂക്ക് രൂപതയ്ക്ക് വേണ്ടിയും സേവനം നൽകി. വൈദീകനെന്ന നിലയിൽ ജർമനിയിലെ പാഡർബോൺ രൂപതയിലും സ്വിസ്സ്ർലണ്ടിലെ ബാസൽ, കൂർ രൂപതകളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം ഇതേസമയം തന്നെ അക്കാദമിക് മേഖലയിലും മികവ് തെളിയിക്കുകയും ചെയ്തു.
റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽ ഡോഗ്മാറ്റിക്ക് തിയോളജിയിലെ ലൈസൻഷ്യേറ്റിനു പുറമെ , സോഷ്യൽ കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടി. ഇൻസ്ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്റ്റോളജിയിലും സ്പെയിനിയിലെ കാസ്റ്റലിയോണിലെ ഹൗമേ പ്രിമിയരോ യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർനാഷണൽ ഡെവലെപ്പ്മെന്റ് സ്റ്റഡീസിലും പി . എച്ച്ഡികൾ നേടിയ അദ്ദേഹം കൊച്ചിരൂപതയിൽ ദൈവദാസൻ ലോറൻസ് പുളിയനത്തിനുശേഷം ഇരട്ട ഡോക്ടറേറ്റ് നേടിയിട്ടുള്ള ഏകവൈദികനാണ് .
” ക്രിസ്റ്റോളജി ഓഫ് ബീഡ്ഗ്രിഫ്ത്തസ് ഇൻ ദി ലൈറ്റ് ഓഫ് ഡോമിനൂസ് യെസൂസ്” ഫിലോസഫി ഓഫ് പീസ് ആൻഡ് ഡെവലെപ്പ്മെന്റ് ഓഫ് ഹോളി സീ ഇൻ ദി യുണൈറ്റഡ് നേഷൻസ്” എന്നീ ഗവേഷണ പ്രബന്ധങ്ങളാണ് ജോണിയച്ചനെ ഇരട്ട ഡോക്ടറേറ്റുകൾക്ക് അർഹനാക്കിയത്. ഇൻസ്ബ്രൂക്കിലെ യുനസ്ക്കോ ചെയർ ഓഫ് പീസ് സ്റ്റഡീസിൽ പത്തുവർഷത്തോളം റിസർച് അഡ്വൈസർ ആയിരുന്നു .
യൂറോപ്പിൽ നിന്നും 2019 ൽ തിരിച്ചെത്തിയ അദ്ദേഹം രൂപതയിൽ സേവനം തുടരവേയാണ് റെജിനച്ചന്റെ അകാല വിയോഗവും പുതിയ നിയമനവും. രൂപതയിലെ രജത ജൂബിലി ആഘോഷിക്കുന്ന സീനിയർ കൊച്ചച്ചനെ ചാൻസലർ ആക്കികൊണ്ട് കരിയിൽ പിതാവ് തന്റെ നിയമന വിസ്മയനീയത തുടരുകയാണ്.
ജോണിയച്ചന്റെ ഇംഗ്ലീഷിന് പുറമെയുള്ള ജർമ്മൻ, ഇറ്റാലിയൻ,സ്പാനിഷ് , ഫ്രഞ്ച് , പോർച്ചുഗീസ് ഭാഷകളിലെ നൈപുണ്യം രൂപതയ്ക്ക് മുതൽകൂട്ടാവും.
ചരിത്രസ്നേഹവും , ഗാനരചനാ നിപുണതയുമൊക്കെയുള്ള അച്ചൻ ഒരു നല്ല കൊച്ചച്ചനാണ് എന്നുള്ളതാണ് ഏറ്റവും എടുത്തുപറയേണ്ട കാര്യം.
അച്ചനിലൂടെ ദൈവം രൂപതയ്ക്ക് അനുഗ്രഹങ്ങൾ ഒത്തിരി കൊണ്ടുവരട്ടെ , റിജിനച്ചൻ തുടങ്ങിവച്ചതെല്ലാം ഭദ്രമായി പുതിയ ചാൻസിലർക്ക് മുന്നോട്ടു കൊണ്ടുപോകാനാകട്ടെ. ഒത്തിരി ദൈവാനുഗ്രഹം അച്ചനും, രൂപതയ്ക്കും,നമ്മുക്കെല്ലാവർക്കും നേരുന്നു.
Redgen Rebello