മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി ( The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു.
പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹ നിശ്ചയം നടത്തിയിരുന്നു. ” യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര് സഹവസിക്കുന്നതിനുമുമ്പ് അവള് പരിശുദ്ധാത്മാവിനാല് ഗര്ഭിണിയായി കാണപ്പെട്ടു.” (മത്തായി 1 : 18). ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനായ ജീൻ ജേർസനാണ് ( Jean Gerson ) 1416 ൽ മറിയത്തിൻ്റെയും ജോസഫിൻ്റെയും വിവാഹ നിശ്ചയത്തെ ആദരിക്കുന്നതിനായി ഒരു തിരുനാൾ ആരാധനക്രമത്തിൽ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിച്ചത്. ഒരു നൂറ്റാണ്ടിനു ശേഷം 1517, ആഗസ്റ്റു മാസം ഇരുപത്തി ഒൻപതാം തീയതി പത്താം ലെയോ മാർപാപ്പ മംഗലവാർത്തയുടെ സിസ്റ്റഴ്സിനു ഈ തിരുനാൾ ആഘോഷിക്കാൻ അനുവാദം നൽകി. പിന്നീട് ജനുവരി 23 ന് മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ എന്ന പേരിൽ ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്തി. രണ്ടാം വത്തിക്കാൻ കൗൺസിലെ ആരാധനക്രമ നവീകരണങ്ങളെ തുടർന്ന് ഈ തിരുനാൾ നീക്കം ചെയ്തു. എങ്കിലും ചില പ്രാദേശിക ആരാധന ക്രമ കലണ്ടറിൽ ഈ തിരുനാൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിലെ പെറൂജിയായിലും ( പരിശുദ്ധ കന്യകാമറിയത്തിൻ്റെതെന്നു വിശ്വസിക്കുന്ന വിവാഹമോതിരം പെറൂജിയായിലെ (Perugia) കത്തീഡ്രലിനുള്ളിലുള്ള ഒരു ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാവർഷവും ജൂലൈ 31 ന് പൊതു വണക്കത്തിനായി പ്രദർശിപ്പിക്കുന്ന പതിവുണ്ട്.) ഫിലിപ്പിയൻസിലെ ഇലോയിലോയിലും (Iloilo) ഈ തിരുനാൾ ഭക്താദരപൂർവ്വം കൊണ്ടാടുന്നു.
ജോൺ പോൾ രണ്ടാമൻ പാപ്പ രക്ഷകൻ്റെ സംരക്ഷകൻ എന്ന അപ്പസ്തോലിക പ്രബോധത്തിൽ തിരുകുടുംബത്തിൽ യൗസേപ്പിനുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നു. ക്രിസ്തീയ വിവാഹത്തിൻ്റെ ആദ്യ മാതൃകയും ആദർശവുമായി ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയത്തെ കാണുന്നു. ആ കുടുംബ ജീവിതത്തിൽ “ഹൃദയങ്ങളുടെ ഐക്യവും” എങ്ങനെ ക്രിസ്ത്യൻ ദമ്പതികൾ കാത്തു സൂക്ഷിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയുണ്ട്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1644 നമ്പറിൽ ദമ്പതികളുടെ സ്നേഹം അതിൻ്റെ സ്വഭാവത്താൽത്തന്നെ, അവരുടെ ജീവിതത്തിൻ്റെ സർവ തലങ്ങളും സ്പർശിക്കുന്ന വൈയക്തിക കൂട്ടായ്മയുടെ ഏകതയും അവിഭാജ്യതയും ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. പരസ്പരം സമ്പൂർണ്ണമായി ആത്മ ദാനം ചെയ്യാമെന്ന വിവാഹ വാഗ്ദാനത്തോട് അനുദിനം വിശ്വസ്ത പുലർത്തിക്കൊണ്ടു നിരന്തരം കൂട്ടായ്മയിൽ വളരാനുള്ള ആഹ്വാനമാണ് ദമ്പതികൾക്കു ലഭിച്ചിരിക്കുന്നതെന്നും മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു.
“സഭ സംയോജിപ്പിക്കുകയും സമർപ്പണത്താൽ ശക്തിപ്പെടുത്തുകയും ആശീർവാദത്താൽ മുദ്രിതമാക്കുകയും മാലാഖമാരാൽ പ്രഘോഷിക്കപ്പെടുകയും പിതാവിനാൽ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിൻ്റെ ആനന്ദം ഞാനെങ്ങനെ വിവരിക്കും?” എന്നു വിവാഹമെന്ന കൂദാശയുടെ ശ്രേഷ്ഠതയെപ്പറ്റി പാശ്ചാത്യ ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന തെർത്തുല്യൻ ചോദിക്കുന്നുണ്ട്.
എന്താണ് സാന്തൊ അനെല്ലൊ
വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ കന്യകാമറിയത്തിനു നൽകിയ വിവാഹ മോതിരമാണ് സന്തൊ അനെല്ലൊ
( Santo Anello) അല്ലെങ്കിൽ വിശുദ്ധ മോതിരം എന്നറിയപ്പെടുന്നത്. ഇറ്റലിയിലെ പെറുജിയിലുള്ള വിശുദ്ധ ലോറൻസിൻ്റെ കത്തീഡ്രൽ ദൈവാലയത്തിൽ
(Cathedral of San Lorenzo ) ഈ മോതിരം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റണ്ടുമുതലാണ് ഈ വിശുദ്ധ മോതിരം പെറുജിയിൽ സൂക്ഷിച്ചു വരുന്നത്. ജർമ്മൻ മിസ്റ്റിക്കായ വാഴ്ത്തപ്പെട്ട അന്നാ കാതറിൻ എമറിച്ചിനു (1774 – 1824) ലഭിച്ച ദർശനങ്ങളാണ് ഈ മോതിരം കണ്ടെത്തുന്നതിനു സഹായകരമായത്.
1821 ജൂലൈ 29 ഉണ്ടായ ആദ്യ ദർശനത്തെപ്പറ്റി അന്നാ കാതറിൻ ഇപ്രകാരം പറയുന്നു: “പരിശുദ്ധ കന്യകയുടെ വിവാഹ മോതിരം ഞാൻ കണ്ടു; അത് സ്വർണ്ണമോ വെള്ളിയോ മറ്റേതെങ്കിലും ലോഹമോ അല്ലായിരുന്നു; അതു കറുത്ത നിറമുള്ളതും വര്ണ്ണാജ്ജ്വലമായിരുന്നു. അതു തീർത്തും കനം കുറഞ്ഞതായിരുന്നില്ല ഒരു വിരൽ വീതിയുള്ളതുമായിരുന്നു.
മോതിരത്തിൽ പതിപ്പിച്ചിരിക്കുന്ന അക്ഷരങ്ങൾ ചെറിയ ത്രികോണങ്ങളാൽ പൊതിഞ്ഞിരിരുന്നു. അതു സൂക്ഷിച്ചിരിക്കുന്ന മനോഹരമായ ദൈവാലയത്തിലെ പല പൂട്ടുകളും ഞാൻ കണ്ടു. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ഭക്തർ അവരുടെ വിവാഹ മോതിരങ്ങൾ ഈ വിശുദ്ധ മോതിരത്തിൽ സ്പർശിപ്പിക്കുന്നതും ഞാൻ കണ്ടു. “
1821 ആഗസ്റ്റ് മൂന്നിനുണ്ടായ രണ്ടാം ദർശനത്തെപ്പറ്റിയുള്ള അന്നാ കാതറിൻ്റെ സാക്ഷ്യം ഇങ്ങനെ:
“കഴിഞ്ഞ കുറേ ദിവസങ്ങളിൽ മറിയത്തിൻ്റെ വിവാഹ മോതിരത്തെപ്പറ്റി ധാരാളം ദർശനങ്ങൾ എനിക്കുണ്ടായെങ്കിലും വേദനയും ശാരീരിക അസ്വസ്ഥതകളും നിമിത്തം അവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എനിക്ക് സാധിച്ചില്ല. ഇന്ന് ഇറ്റലിയിൽ വിശുദ്ധ മോതിരം ഇരിക്കുന്ന ദൈവാലയത്തിൽ നടന്ന ഒരു വിവാഹാഘോഷം ഞാൻ കണ്ടു. സക്രാരിക്കു മുകളിൽ മുകളിൽ നിൽക്കുന്ന അരുളിക്കായിൽ അതു തൂങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നി. മനോഹരമായി അലങ്കരിച്ച ഒരു വലിയ ബലിപീഠം അവിടെ ഉണ്ടായിരുന്നു; ധാരാളം വെള്ളി കൊണ്ടുള്ള പണികൾ അതിലുണ്ടായിരുന്നു. അരുളിക്കയ്ക്കു മുമ്പിൽ നിരവധി മോതിരങ്ങൾ തൂങ്ങി കിടക്കുന്നത് ഞാൻ കണ്ടു.
വിവാഹാഘോഷവേളയിൽ, മറിയവും ജോസഫും അവരുടെ വിവാഹ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ജോസഫ് പരിശുദ്ധ കന്യകയുടെ വിരലിൽ മോതിരം അണിയിക്കുന്നതും ഞാൻ ദർശിച്ചു. “
കാതറിൻ എമിറിച്ചിനു ലഭിച്ച ദർശനങ്ങളിലൂടെ ഈ വിശുദ്ധ വിവാഹമോതിരം ഇറ്റലിയിലാണന്നു മനസ്സിലാക്കിയെങ്കിലും കൃത്യമായദൈവാലയമോ സ്ഥലമോ കാതറിനറിയത്തില്ലായിരുന്നു. പിന്നിടു വിശുദ്ധയുടെ മരണശേഷം ദർശനത്തിലെ സൂചനകൾ മനസ്സിലാക്കിയാണ് ഈ തിരുശേഷിപ്പ് കണ്ടെത്തിയത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീർത്ഥാടകർ ഈ വിശുദ്ധ മോതിരം വണങ്ങുന്നതിനായി പെറുജീയായിൽ എത്താറുണ്ട്. 1857 മെയ് മാസം പത്താം തീയതി പിയൂസ് ഒൻപതാം പാപ്പ പെറുജീയിലെ കത്തീഡ്രലിൽ എത്തി വിശുദ്ധ മോതിരത്തെ വണങ്ങിയിരുന്നു.
യൗസേപ്പിതാവിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ ദിനം വിവാഹമെന്ന പരിപാവനമായ കൂദാശയുടെ പവിത്രത മനസ്സിലാക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs