ക്നായിത്തോമ്മ, തൊമ്മൻകീനാൻ എന്നീ പേരുകളിൽ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ ക്നായിത്തോമ്മായുടെ ജന്മസ്ഥലം മധ്യപൂർവദേശത്തെ സ്റ്റെസിഫോൺ നഗരത്തിൽ നിന്നും 35 കിലോമീറ്റർ കിഴക്ക് ടൈഗ്രിസ്നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. അന്തർദേശീയ വ്യാപാരിയായിരുന്നു ക്നായിത്തോമ്മ.
വിശുദ്ധ തോമാശ്ലീഹായിൽ നിന്നോ അദ്ദേഹത്തിൻ്റെ ശിഷ്യരിൽ നിന്നോ വിശ്വാസം സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൂട്ടം ക്രൈസ്തവർ ആദ്യ നൂറ്റാണ്ടിൽ തന്നെ മലങ്കരയിൽ ഉണ്ടായിരുന്നു. പേർഷ്യൻ സഭയുടെ അധികാരപരിധിയിൽ ആയിരുന്ന പ്രസ്തുത പ്രദേശത്തെ വിശ്വാസികൾ കാലാന്തരത്തിൽ നേതൃത്വം ഇല്ലാതെ ക്ഷയിച്ചു പോകുന്നു എന്ന വിവരം, മലങ്കരയുമായി വ്യാപാര ബന്ധമുണ്ടായിരുന്ന യഹൂദ-ക്രൈസ്തവരിലൂടെ പേർഷ്യൻ സഭാധികാരികൾ അറിഞ്ഞു. പേർഷ്യൻ സഭയുടെ തലസ്ഥാനമായ സ്റ്റെസിഫോണിലെ കാതോലിക്കോസ്, ഭാരതവുമായി വ്യാപാര ബന്ധമുണ്ടായിരുന്ന കീനായി ദേശക്കാരൻ തോമ്മായെ മലങ്കര സഭയുടെ പുനരുദ്ധാരണത്തിനുള്ള ദൗത്യം ഏല്പിച്ചു. തോമാ തികഞ്ഞ ദൈവവിശ്വാസിയും ക്രൈസ്തവനും ആയിരുന്നു. പേർഷ്യൻ സഭയിൽ നിന്നും മെത്രാനും വൈദികരും ശെമ്മാശൻമാരും സ്ത്രീ പുരുഷന്മാരും അടങ്ങുന്ന ഒരു സംഘത്തെ മലങ്കരയിൽ കുടിയിരുത്തുക എന്നതായിരുന്നു തോമായുടെ പദ്ധതി.
കീനായിപട്ടണത്തിൽനിന്നും കുറേക്കൂടി തെക്കുമാറിയുള്ള ഉറുഹാ യുടെ മെത്രാൻ്റെ സഹകരണത്തോടെ, നാലു വൈദികരും ഏതാനും ശെമ്മാശൻ മാരോടും കൂടി റോമാസാമ്രാജ്യത്തിലെ ജറുസലേം, ഉത്തര മെസപ്പൊട്ടാമിയായിലെ നിനിവേ സമീപപ്രദേശത്ത് നിന്നുള്ള ഏഴു ഗോത്രങ്ങളിൽ നിന്നും 72 കുടുംബക്കാരായ 400 ആളുകളുമായി, വംശാവലി കലർപ്പില്ലാതെ നിലനിർത്തണമെന്നു പഠിപ്പിച്ച എസ്രാ പ്രവാചകൻ്റെ ഖബറിടത്തിൽ പ്രാർത്ഥിച്ച് അടുത്തുള്ള ടൈഗ്രിസ് നദീതീരത്തുനിന്നും 3 കപ്പലുകളിലായി തൊമ്മൻകീനാൻ്റെ നേതൃത്വത്തിൽ യാത്രതിരിച്ച സുറിയാനി പ്രേക്ഷിത കുടിയേറ്റ സംഘം 345 മാർച്ച് മാസം ഏഴാം തീയതി കൊടുങ്ങല്ലൂർ തുറമുഖത്ത് വന്നിറങ്ങി. അതേ വർഷം ഏപ്രിൽ 11ന്, നാട്ടു ഭരണാധികാരിയായിരുന്ന ചേരമാൻപെരുമാളിൽ നിന്നും ദാനമായി ലഭിച്ച ഭൂമിയിൽ പള്ളിയ്ക്കും പട്ടണത്തിനും കല്ലിടുയുകയും ചെയ്തു. മലയാള നാടിനും നാട്ടുകാർക്കും ക്രൈസ്തവസഭയ്ക്കും ചേരമാൻ പെരുമാക്കന്മാർക്കും ഗുണത്തെ പ്രധാനം ചെയ്ത വ്യക്തിയാണ് ക്നായിത്തോമ്മ എന്ന് ചരിത്രം പറഞ്ഞു തരുന്നു.
തൻ്റെകച്ചവടസാമ്രാജ്യം ഉപേക്ഷിച്ച് രണ്ടു പതിറ്റാണ്ടിലധികം ഈ നാട്ടിൽ ജീവിച്ച് വിശ്വാസം മുറുകെ പിടിച്ച് സഭയെ കെട്ടിപ്പടുത്ത ക്നായിത്തോമ്മയെ വിശുദ്ധനായിട്ട് സുറിയാനി സഭ ഒന്നടങ്കം പ്രഖ്യാപിച്ചും വിശ്വസിച്ചും അനുസ്മരിച്ചും പോന്നു.
സുറിയാനി സഭാ കലണ്ടർ പ്രകാരം 36റാം ഞായറാഴ്ച, അതായത് ഓശാന ഞായറാഴ്ചയുടെ തലേ ഞായറാഴ്ച വിശുദ്ധൻ്റെ ദുക്റാന ആചരിച്ചു പോന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ പോർച്ചുഗീസ് മിഷനറിമാരുടെ കടന്നു വരവിനോടനുബന്ധിച്ച് ഭാരതത്തിലെ സുറിയാനി സഭയുടെ നേതൃത്വം പിടിച്ചെടുത്ത പാശ്ചാത്യ മിഷണറിമാർ 1599 ൽ ഉദയംപേരൂർ പള്ളിയിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ വച്ച് സുറിയാനിസഭക്ക് വലിയ കേടുപാടുകൾ വരുത്തിയതിനൊപ്പം സഭ വണങ്ങിയിരുന്ന വിശുദ്ധരുടെ ഓർമ്മ ദിനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പകരമായി ചില പാശ്ചാത്യ വിശുദ്ധരെ പ്രതിഷ്ഠിച്ചു.
പാശ്ചാത്യ സഭയുടെ അടിമത്ത ഭരണത്തിനെതിരെ1653 ൽ കൂനൻകുരിശുസത്യം അരങ്ങേറുന്നതിനും സുറിയാനിസഭ പിളരുന്നതിനും ഇടയായി. രണ്ടായി പിരിഞ്ഞ സുറിയാനി സഭയിലെ പുത്തൻകൂർ വിഭാഗം അന്ത്യോക്യൻ സഭയോടുചേരുകയും 1665 ൽ യാക്കോബായ സുറിയാനി സഭയായി മാറുകയും ചെയ്തു. വിശുദ്ധ ക്നായി തോമായുടെ അനുസ്മരണദിനം അവർ ഇന്നും ആചരിച്ചു പോരുകയും ചെയ്യുന്നുണ്ട്.
പാശ്ചാത്യ സഭയുടെ നേതൃത്വം അംഗീകരിച്ചു പോരുന്ന മറുവിഭാഗം സീറോ മലബാർ സഭ എന്ന് അറിയപ്പെട്ടു. നൂറ്റാണ്ടുകൾക്കുശേഷം 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിക്കപ്പെട്ടു: രണ്ടാം വത്തിക്കാൻ കൗൺസിൽ ആഹ്വാന പ്രകാരം സീറോ മലബാർ സഭ അവളുടെ ഉറവിടങ്ങളിലേക്ക് ഇനിയും തിരികെ പോയിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്ന്പറയുന്നു. അതിൻ്റെ ഭാഗമായി ക്നാനായ സമൂഹം കൊണ്ടുവന്നതും പിന്തുടരുന്നതും ആയ ആചാരമര്യാദകളും പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും സീറോ മലബാർ സഭയുടെ പൊതു പൈതൃകം ആക്കുവാൻ ചില കേന്ദ്രങ്ങളിൽ കുറെനാളായി ശ്രമം നടക്കുന്നുണ്ട് നല്ല കാര്യം. ക്നായിത്തൊമ്മനെ വിശുദ്ധനായി കൂടി അംഗീകരിക്കുമ്പോൾ മാത്രമാണ് ആ പ്രക്രിയ പൂർത്തിയാകുക.
ക്നാനായ സമുദായത്തിനെതിരെ ഡെവിൾസ് വക്കീലന്മാർ സഭയക്കുള്ളിൽ അഴിഞ്ഞാട്ടം നടത്തുമ്പോഴും ക്നാനായരുടെ പാരമ്പര്യം സ്വന്തമാക്കുന്നതിനും അവരെ ഭത്സിക്കുന്നതിനും അവർ ഒറ്റക്കെട്ടാണ് !!?
ഒരു വ്യക്തിയെ വിശുദ്ധനായി അംഗീകരിക്കുന്ന സുറിയാനിസഭയുടെ നടപടി ലളിതമാണ്. വിശ്വാസികളുടെ സമൂഹമാണ് അത് നിശ്ചയിക്കുന്നത്. 1917 ലാണ് പാശ്ചാത്യ സഭയുടെ കാനൻലോയിൽ വിശു ദ്ധരുടെ നാമകരണനടപടി സ്ഥാനം പിടിക്കുന്നത്. 1980കളിൽ ഇന്ന് കാണുന്ന വിധം സങ്കീർണമാക്കി പരിഷ്ക്കരിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടുവരെ പൗരസ്ത്യ ദേശത്തുള്ള വിശുദ്ധരെ അംഗീകരിക്കാൻ പാശ്ചാത്യസഭ തയ്യാറായിരുന്നില്ല. ആദ്യകാലങ്ങളിൽ റോമിൽ നിന്നും മാത്രമേ വിശുദ്ധർ ഉണ്ടാകുമായിരുന്നുള്ളു. എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് മുതൽ സുറിയാനി സഭ പ്രഖ്യാപിച്ച ക്നായി തോമ്മായുടെ വിശുദ്ധപദവി പാശ്ചാത്യ സഭയുടെ സൂചിക്കുഴയിലൂടെ ഇനി കടത്തിവിടേണ്ടതില്ല.
1992 ൽ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി, വ്യക്തിത്വമുള്ള പൂർണ അധികാരമുള്ള സീറോ മലബാർ സിനഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതിനാൽ ക്നായി ത്തോമ്മായുടെ വിശുദ്ധപദവി സീറോ മലബാർ സഭയ്ക്ക് അംഗീകരിക്കാവുന്ന കാര്യം മാത്രമാണ്.
2005 ൽസ്വയംഭരണാവകാശമുള്ള സഭയായി മാറിയ കാലം മുതൽ സീറോ മലങ്കര സഭ തങ്ങളുടെ പാരമ്പര്യത്തിൽ വെള്ളം ചേർക്കാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്. ലാറ്റിൻ സഭയുടെ പാരമ്പര്യങ്ങൾ അവർ ഏറ്റെടുത്തിട്ടില്ല. മലങ്കര കത്തോലിക്കാ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വത്തിക്കാൻ ഉയർത്തിയപ്പോൾ ഞങ്ങളുടെ സഭ പാർത്രിയാർക്കേറ്റ് ആണെന്നും മേജർ ആർച്ച് ബിഷപ്പ് സ്ഥാനം പൗരസ്ത്യ സഭാപാരമ്പര്യം അല്ലന്നും സഭാധികാരി കാതോലിക്കാ ബാവ ആണെന്നും അവർ പ്രഖ്യാപിച്ചു. സഭാ കാര്യാലയത്തിലെ ചിലരുടെ എതിർപ്പ് അവഗണിച്ച് മാർപാപ്പ അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് കാതോലിക്കാ ബാവയെ മാർപാപ്പ കർദ്ദിനാളാക്കി ഉയർത്തുകയും ചെയ്തുഎന്ന കാര്യംസീറോ മലബാർ ഹയരാർക്കി കണ്ടുപഠിക്കട്ടെ! രണ്ടാം വത്തിക്കാൻ കൗൺസിൽ ആഹ്വാനപ്രകാരം പൗരസ്ത്യസഭകൾ ഉറവിടങ്ങളിലേക്ക് തിരിയുമ്പോൾ എങ്ങോട്ട് തിരിയണം എന്ന കാര്യത്തിൽ മെത്രാന്മാർ തമ്മിൽ ഇവിടെ തർക്കം നിലനിൽക്കുന്നതിനാൽ എല്ലാം നീണ്ടു പോകാനാണ് സാധ്യത. അതിനാൽ കോട്ടയം ക്നാനായ അതിരൂപതയിൽ ക്നായിത്തോമ്മായെ വിശുദ്ധനായി വണങ്ങുന്നതിന് തടസ്സമൊന്നുമില്ല. ആ നടപടി എത്രയും വേഗം പൂർത്തിയാകട്ടെ എന്ന് പ്രാർത്ഥിക്കാം.
ഡോമിനിക് സാവിയോ വാച്ചാച്ചിറയിൽ