ഏവർക്കും നമ്മുടെ കർത്താവ് ഈശോമിശിഹായുടെ ഉയിർപ്പുതിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു. ഉത്ഥിതനായ ഈശോയുടെ സമാധാനവും സന്തോഷവും നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ!

അക്ഷയജീവൻ നൽകുന്ന ഉത്ഥാനം

നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇന്നു നാം ആഘോഷിക്കുന്നത്. കഠിനമായ പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം മൂന്നാം ദിവസം അവിടന്ന് ഉയിർത്തെഴുന്നേറ്റു. മഗ്ദലനാമറിയവും മറ്റൊരു മറിയവും കർത്താവിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടതിനുശേഷം മൂന്നാം ദിവസമായ ഞായറാഴ്ച അതിരാവിലെ കല്ലറയിങ്കൽ ചെന്നപ്പോൾ ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളി ച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു” (മത്താ. 28: 5-6). ഈ സംഭവത്തിൽ നിന്നാണ് ഈശോ മൂന്നാം ദിവസം ഉയിർപ്പിക്കപ്പെട്ടു എന്ന വിശ്വാസം സഭയിൽ രൂപപ്പെട്ടത്.

ഈശോയുടെ മരണം അവിടത്തെ ജീവിതത്തിന്റെ അന്ത്യമാണെന്ന് എതിരാളികൾ വിശ്വസിച്ചു. അവരുടെ ശത്രു എന്നേയ്ക്കുമായി പരാജയപ്പെട്ടു എന്നാണവർ കരുതിയത്. ഈശോ സഹനത്തെയും മരണത്തെയും അതിജീവിക്കുന്നവനാണ് എന്ന അറിവ് അവർക്ക് ഇല്ലാതെപോയി. പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നവരാണു ഫരിസേയർ. മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനയും പഴയനിയമത്തിൽ ഉണ്ടായിരുന്നു. യുദ്ധത്തിൽ മരിച്ചവർക്കു വേണ്ടി ബലിയർപ്പിക്കാൻ പണപ്പിരിവു നടത്തുന്ന യൂദാസ് മക്കബേയൂസിനെ മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നാം കണ്ടുമുട്ടുന്നുണ്ട് (2 മക്ക. 12: 3844). ഉത്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ, പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന സദുക്കായർ, ഒരു സ്ത്രീയെ എഴു സഹോദരന്മാർ വിവാഹം ചെയ്തശേഷം അവരും അവളും മരിച്ചാൽ ആ സ്ത്രീ പുനരുത്ഥാനത്തിൽ ആരുടെ ഭാര്യയായിരിക്കുമെന്ന് ഈശോയോടു ചോദിക്കുന്നുണ്ടല്ലോ.

പുനരുത്ഥാനത്തെക്കുറിച്ചുള്ള ശരിയായ വിശ്വാസത്തിലേയ്ക്കു സദുക്കായരെ ക്ഷണിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ഈ യുഗത്തിന്റെ സന്താനങ്ങൾ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാൽ, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരിൽനിന്ന് ഉയിർക്കുന്നതിനും യോഗ്യരായവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല” (ലൂക്കാ 20: 34-35). മൂന്നു പുനരുജ്ജീവനങ്ങളിലൂടെ – ലാസറിന്റെയും, നായിനിലെ വിധവയുടെ മകന്റെയും, ജായ്റോസിന്റെ മകളുടെയും – ഈശോ പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിൽ ജനങ്ങളെ ഉറപ്പിക്കുകയാണു ചെയ്തത്. ഇപ്രകാരം, പല രീതികളിലും പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തിൽ വളർന്നുവന്നുകൊണ്ടിരുന്ന യഹൂദരുടെ സമൂഹത്തിനു ശൂന്യമായ കല്ലറയുടെ അടിസ്ഥാനത്തിൽ ഈശോ ഉയിർത്തെഴുന്നേറ്റു എന്ന സത്യത്തിലേയ്ക്കു തങ്ങളുടെ വിശ്വാസം എത്തിക്കാൻ കഴിഞ്ഞു. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങളും ഈശോയുടെ ഉത്ഥാനത്തിലുള്ള വിശ്വാസം ശിഷ്യന്മാരിലും ജനങ്ങളിലും ഊട്ടിയുറപ്പിക്കാൻ സഹായകമായി. തോമാശ്ലീഹാ ഉത്ഥിതനെ കണ്ടപ്പോൾ ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്നു പറഞ്ഞു വിശ്വാസം തുറന്നു പ്രഖ്യാപിച്ചതു പിന്നീടു സഭയുടെതന്നെ വിശ്വാസപ്രഖ്യാപനമായി മാറി.

മരണം എല്ലാറ്റിന്റെയും അവസാനമാണ് എന്നു ചിന്തിക്കുന്നവർ ഇന്നുമുണ്ടല്ലോ. ഈശ്വരവിശ്വാസമില്ലാത്തവർക്കു ജീവിതം മരണംകൊണ്ടവസാനിക്കുന്നു. എന്നാൽ ഈശ്വരവിശ്വാസികൾ, അവർ ഏതുമതത്തിൽ വിശ്വസിക്കുന്നവരായാലും, മരണശേഷമുള്ള ഒരു ജീവിതാവസ്ഥയെ അംഗീകരിക്കുന്നു.

മനുഷ്യരക്ഷകനായ ഈശോമിശിഹായുടെ ജീവിതലക്ഷ്യംതന്നെ മരണശേഷമുള്ള പുനരുത്ഥാനത്തിന്റെ സന്ദേശം ലോകത്തിനു നൽകുകയും തന്റെ പുനരുത്ഥാനത്തിലൂടെ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നതിനുമുൻപു മർത്തായോടു സംസാരിച്ച ഈശോ ഈ സന്ദേശം നൽകുന്നുണ്ട്. അന്ത്യദിനത്തിലെ പുനരുത്ഥാനത്തിൽ ലാസർ ഉയിർത്തെഴുന്നേൽക്കുമെന്ന് അവൾ പറഞ്ഞപ്പോൾ ഈശോ പ്രത്യുത്തരിച്ചു: “ഞാനാകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല” (യോഹ. 11: 25-26). അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം ജീവന്റെ അപ്പത്തെക്കുറിച്ച് ഈശോ സംസാരിച്ചു. ‘വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ വച്ചു മന്ന ഭക്ഷിച്ചു, എങ്കിലും അവർ മരിച്ചു. സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്: ഇതു ഭക്ഷിക്കുന്നവർ മരിക്കുകയില്ല. അവർ എന്നേയ്ക്കും ജീവിക്കും’. (യോഹ. 6: 29-33). നിത്യജീവന്റെ അപ്പമായ ഈശോയുടെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുന്ന ക്രൈസ്തവർ മരണത്തെ അതിജീവിക്കുന്ന ആത്മീയജീവനിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്രകാരം ജീവിക്കുന്നവർ ക്രിസ്തുവിനോടൊപ്പം മരണശേഷം ഉയിർത്തെഴുന്നേൽക്കും. വി. പൗലോസ് ശ്ലീഹാ പറയുന്നത്: “ എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” (ഫിലി. 1: 21) എന്ന്. മരിച്ചാൽ ക്രിസ്തുവിനോടൊപ്പം ആയിരിക്കാം എന്നതാണ് അപ്പസ്തോലൻ കാണുന്ന നേട്ടം. ഈ നേട്ടം തന്നെയാണ് എല്ലാ ക്രൈസ്തവരും നേടുവാൻ ആഗ്രഹിക്കുന്നത്. ഈശോയുടെ പുനരുത്ഥാനം നമ്മുടെ പുനരുത്ഥാനത്തിന്റെ അച്ചാരമാണെന്നും വി. പൗലോസ് പറയുന്നുണ്ട്: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം” (2 കോറി. 15:14). പുനരുത്ഥാനത്തിലുള്ള വിശ്വാസം ക്രൈസ്തവജീവിതത്തിന്റെ അടിത്തറയാണ്.

മരണശേഷം മാത്രം ലഭിക്കുന്നതല്ല ക്രിസ്തുവിന്റെ പുനരുത്ഥാനാനുഭവം. ക്രൈസ്തവന്റെ പുനരുത്ഥാനാനുഭവം ഈലോകജീവിതത്തിൽത്തന്നെ ആരംഭിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു. ദൈവവചനം ശ്രവിക്കുന്നവരിൽ ഉണ്ടാകുന്ന ആത്മീയാനുഭവം പുനരുത്ഥാനജീവന്റെ മുന്നനുഭവമാണ്.

“ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്” (യോഹ. 6:63). ദൈവവചനം ശ്രവിക്കുന്നവരും മാമ്മോദീസ തുടങ്ങിയ കൂദാശകളിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനജീവനിൽ പങ്കുചേരുന്നവരുമായ ക്രൈസ്തവർ ഈലോകജീവിതത്തിൽത്തന്നെ പുനരുത്ഥാനാനുഭവത്തിലാണ്.

ആത്മീയ തയിൽ വളർന്ന ക്രൈസ്തവർക്ക് ഉത്ഥിതനായ ഈശോ അയച്ച പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും പ്രയോജനപ്പെടുത്തികൊണ്ട് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്നു. അത്തരം ഫലങ്ങളിൽ ഒൻപതെണ്ണം ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തിൽ വി. പൗലോസ് ശ്ലീഹാ രേഖപ്പെടുത്തുന്നുണ്ട്: സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ് അവ (ഗലാ. 5: 22-23). അവയ്ക്കെതിരെയുള്ള തിന്മകളാണ് ലോകത്തിൽ നാം സാധാരണ കാണുന്നത്. അവ അശുദ്ധി, ദുർവൃത്തി, വ്യഭിചാരം, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാൽസര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം എന്നിവയാണെന്നു അപ്പസ്തോലൻ രേഖപ്പെടുത്തുന്നു. ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജീവിതസമരം ഇത്തരം തിന്മകൾക്കെതിരേ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനുവേണ്ടിയുള്ള നിതാന്ത പരിശ്രമമാണ്. ക്രൈസ്തവർ ഈ ജീവിതസമരത്തിൽ ക്രിസ്തുവിനോടൊപ്പം സാക്ഷ്യം നൽകേണ്ടിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ വിഭാഗീയചിന്തകളും കലഹങ്ങളും ഭിന്നതകളും സർവത്ര ദൃശ്യമാണല്ലോ. കുടുംബകലഹങ്ങൾ മുതൽ രാജ്യാന്തരയുദ്ധങ്ങൾ വരെ അരങ്ങേറിക്കൊണ്ടിരിക്കുന്നു. കലഹങ്ങൾ മൂത്തു കലാപങ്ങളായി കൊലപാതങ്ങളിൽവരെ എത്തിച്ചേരുന്നുണ്ടല്ലോ. യുദ്ധംമൂലം എത്രയോ നിരപരാധികളുടെ ജീവനാണു ബലികഴിക്കപ്പെടുന്നത്! പകയും വിദ്വേഷവും വെറുപ്പും പുലർത്തുന്ന എത്രയോ മനുഷ്യർ മനഃസമാധനമില്ലാതെ ജീവിതം തള്ളിനീക്കുന്നു. ഇവിടെയെല്ലാം മനുഷ്യരക്ഷകനായ ഈശോ നൽകുന്ന ജീവന്റെ സന്ദേശവും സംരക്ഷണവും നാം ജീവിതവ്രതമാക്കണം. സഹോദരങ്ങൾ എനിക്കു സഹജീവികളും സഹായകരുമാണ്. സ്നേഹംകൊണ്ടാണ് ഞാൻ എന്നെയും അപരനെയും ബന്ധിപ്പിക്കേണ്ടത്. ശത്രുതാമനോഭാവമില്ലാതെ എല്ലാവരെയും സഹോദരന്മാരായിക്കാണാനുള്ള ക്രിയാത്മകമനോഭാവം നാം വളർത്തിയെടുക്കണം. ദ്രോഹിക്കുന്നവന്റെ മനസുതിരിവിനായി പരിശ്രമിക്കുകയും അവനെ സ്നേഹംകൊണ്ട് സാഹോദര്യത്തിലേക്കു മാടിവിളിക്കുകയും ചെയ്യണം.

എല്ലാ ക്ഷയത്തിലും ഒരു അക്ഷയത്വമുണ്ട്. “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹ. 12:24) എന്ന് ഈശോ പറഞ്ഞു. സ്വയം പരിത്യജിച്ച് അപരനു നന്മചെയ്യുന്നതുവഴി നമ്മിൽ പുതിയൊരു ജീവൻ ഉടലെടുക്കുകയാണ്; അതേപോലെതന്നെ നമ്മുടെ സഹോദരങ്ങളിലും. ഇപ്രകാരം ജീവദായകമായ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും മനുഷ്യസമൂഹത്തിൽ സൃഷ്ടിക്കുകയായിരുന്നു ക്രിസ്തുവിന്റെ ജീവിതലക്ഷ്യം. അവിടന്നിൽ വിശ്വസിക്കുന്നവർ സ്നേഹത്തിന്റെ ഒരു കൂട്ടായ്മയാണ്. ഈ സ്നേഹചൈതന്യവും കൂട്ടായ്മയും മനുഷ്യസമൂഹം മുഴുവനിലും വ്യാപിക്കാൻ ഈശോ ആഗ്രഹിച്ചു. അതുതന്നെയാണ് അവിടന്നു വിഭാവനം ചെയ്ത ദൈവരാജ്യം. എല്ലാ ജനങ്ങളും തങ്ങൾ ദൈവത്തിന്റെ മക്കളാണെന്ന ബോധ്യത്തോടെ പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൂട്ടായ്മയുടെ അവസ്ഥ. ഈ അവസ്ഥ സംജാതമാക്കാൻ നമുക്ക് അനുദിനം അധ്വാനിക്കാം.

കർദിനാൾ ജോർജ്ജ് ആലഞ്ചേരി

സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ്

https://www.facebook.com/maralencherry/videos/517783623123112/?cft[0]=AZV2UxLexk5fmyEM7f3k-J2yeVnPY5zFDwSv4TcH2KlHsp8fzJ8coR0kWGnHgPEffIL4Dd_T0rSME55qF_fI2ylruyxx6J61yYf-p0DlWZ2cUngxVhHk0-H08-mCMH1o8vWvZtdE-LNz378mrlB6RBRkCLCICtFJRkiknap4OtpBPA&tn=%2B%3FFH-R

17.04.2022

നിങ്ങൾ വിട്ടുപോയത്