ലണ്ടനിൽ ചുരുണ്ടു കൂടിയ വലിയ പാട്ടുകാരൻ ഓസ്‌കറിന്റെ തൊട്ടടുത്ത്
പണ്ടൊരിക്കൽ സംഗീതത്തിൽ വലിയ സിദ്ധികളുള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞു സിനിമയിൽ സംഗീത ലോകത്തു പ്രശോഭിക്കണമെങ്കിൽ മദ്യപിക്കണം. അങ്ങനെചെയ്താൽ നമ്മളെ ഉയർത്താൻ ആരെങ്കിലും ഉണ്ടാകും. ഒന്നുമറിയാത്ത ഞാൻ ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. നാളുകൾക്കു ശേഷം 2005 ൽ ലണ്ടൻ നഗരത്തിൽ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന റെക്സ് ബാൻഡിന്റെ വലിയ സംഗീത ശുശ്രൂഷ നടക്കുകയാണ്. ഒരു വലിയ പാട്ടുകാരൻ എന്ന് എല്ലാവരും പറയുന്ന അൽഫോൻസും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അന്നദ്ദേഹം ഇതുപോലെ പ്രശസ്തൻ ആയിരുന്നില്ല. ഒരു വലിയ പള്ളി പാട്ടുകാരൻ .. അത്രമാത്രം ..
ഞങ്ങൾ പത്തിരുപതു യുവാക്കൾ ലണ്ടനിലെ ആൻസൽ ചേട്ടന്റെ വീട്ടിൽ തലേ രാത്രി ഉള്ള സൗകര്യത്തിൽ ചുരുണ്ടു കൂടുകയാണ്. ഉള്ള പ്ളേറ്റുകളിൽ ഭക്ഷണം കഴിച്ചു പ്രാർത്ഥിച്ചു കിടക്കുന്നവരുടെ കൂട്ടത്തിൽ അൽഫോൻസും ഉണ്ടായിരുന്നു. പിറ്റേന്ന് സൗത്താളിൽ ഒരു വലിയ ഓഡിറ്റോറിയം നിറയെ ആളുകൾ തിങ്ങി നിറയുന്നിടത്തു അൽഫോൻസിൻറെ ഗാനം ഒരു അഭൗമീക ശക്തിയായി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. നിർന്നിമേഷരായി ഗദ്ഗദ കണ്ടരായി കരങ്ങൾ ഉയർത്തി അന്നാട്ടിൽ ജനിച്ചുവളർന്ന ഏഷ്യൻ കൗമാരങ്ങളും വെള്ളക്കാരുമൊക്കെ ഒരു പോലെ പറഞ്ഞു .. ഹല്ലേലൂയാ .. നിറഞ്ഞ കരഘോഷത്തോടെ ആയിരുന്നു എല്ലാവരുടെയും ശുശ്രൂഷയെ ജനം എതിരേറ്റത്.
സൗത്താൾ ഇടവകക്കാരനായിരുന്ന എനിക്ക് അതിനുശേഷമുള്ള ഞായറാഴ്ച എഴുപതോളം അന്നാട്ടിൽ ജനിച്ചുവളർന്ന യുവാക്കളെ ദേവാലയത്തിൽ വിളിച്ചു കൂട്ടാൻ പറ്റി.ഇതിൽ തമിഴ്, ഉർദ്ദു, ഗോവൻ, ആഫ്രിക്കൻ, യൂറോപ്യൻ വിഭാഗങ്ങളിലുള്ള കുട്ടികളും ഉണ്ടായിരുന്നു. കുറച്ചു നാളിനുള്ളിൽ തന്നെ ഇടവക സന്ദർശിച്ച മെത്രാൻ ഇത്രയും യുവാക്കളെ കണ്ടു അതിശയിച്ചു.
ഇങ്ങനെ ശുശ്രൂഷ ചെയ്തു നടക്കുന്ന അൽഫോൻസിനെക്കുറിച്ചു പക്ഷെ എനിക്ക് ഒരു സങ്കടം മാത്രം. പാവം .. മദ്യപിക്കാത്ത ഇയാൾ സിനിമാലോകത്ത് രക്ഷപെടില്ലല്ലോ … പക്ഷെ മദ്യപാനി ആയിരുന്ന എന്റെ കൂട്ടുകാരനെ തെറ്റിദ്ധരിപ്പിച്ചത് സാത്താൻ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് പിന്നീടാണ്. ദിവസവും ദിവ്യബലി മുടക്കാതെ എത്ര തിരക്കിലും നാല് ജപമാല ചൊല്ലുന്നതിൽ മുടക്കം വരുത്താത്ത മരിയ ഭക്തനായ അൽഫോൻസ് ദൈവം നൽകിയ തലതൊട്ടപ്പന്മാരുടെ കരം പിടിച്ചു വളരുന്നത് ഞാൻ നോക്കി നിന്നു.
ഇന്നിതാ .. അൽഫോൻസ് ഓസ്‌കറിന്റെ നോമിനേഷൻ നേടിയിരിക്കുന്നു. കിട്ടുമോ ഇല്ലയോ എന്നല്ല … ഒപ്പം ആരും വിജയിക്കുകയില്ല എന്ന് കരുതിയ നമ്മുടെ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥയും അവിടം വരെ എത്തി ഇരിക്കുന്നു.
തന്റെ വിശ്വസ്തരെ ഉയർത്താൻ ദൈവത്തിനു നിമിഷ നേരം മതി. രാഷ്ട്രീയത്തിലും സാംസ്‌കാരിക ലോകത്തുമൊക്കെ ഉയരാൻ വേണ്ടി സാക്ഷ്യ ജീവിതം ഉപേക്ഷിച്ചു കളയുന്നവരുടെ മുന്നിൽ അൽഫോൻസിൻറെ ഉയർച്ചയേക്കാൾ അദ്ദേഹത്തിന്റെ സാക്ഷ്യം തന്നെയാണ് പൊൻതിളക്കം ചൂടി നിൽക്കുന്നത്. ദൈവമേ .. നിന്റെ സാക്ഷികളാക്കി ജീവിക്കാൻ ഞങ്ങളെയും അനുവദിക്കണമേ
ജോസഫ് ദാസൻ