പറഞ്ഞു വരുന്നത് ഭാരതത്തിന്റെ 50 ആമത്തെ ചീഫ് ജസ്റ്റിസായ ധനൻജയ യശ്വന്ത് ചന്ദ്രചൂഢിനെപ്പറ്റിയാണ്. ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളെ ദത്തെടുത്തു വളർത്തുന്ന ജസ്റ്റീസ് ചന്ദ്രചൂഢിനെ വികാരാധീനനാക്കിയ ഒരു കേസ് കഴിഞ്ഞ ദിവസം അദ്ദേഹം തീർപ്പാക്കി . ശ്വാസം അടക്കിപ്പിടിച്ചുമാത്രമേ അസാധാരണമായ ആ കോടതി നടപടികളെക്കുറിച്ചുള്ള വാർത്ത വായിച്ചു തീർക്കാൻ കഴിയൂ.
തന്റെ ഉദരത്തിൽ വളരുന്ന 29 ആഴ്ചകൾ പ്രായമായ ഗർഭസ്ഥ ശിശുവിനെ വധിക്കുവാൻ അനുവാദം നൽകണം എന്ന അപേക്ഷയുമായി 20 വയസ് മാത്രം പ്രായമുള്ള അവിവാഹിതയായ കോളജ് വിദ്യാർത്ഥിനി കഴിഞ്ഞ ജനുവരി 18 ആം തീയതി ചീഫ് ജസ്റ്റീസ് ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.അവളുടെ പിതാവ് അടുത്തിടെ മരണപ്പെട്ടിരുന്നു. രോഗിയായ അവളുടെ അമ്മ പോലും അറിയാതെ , തന്റെ ഗർഭം നിയമപരമായി അവസാനിപ്പിക്കാനുള്ള കോടതി വിധി തേടി എത്തിയതായിരുന്നു അവൾ.
യുവതിയുടെ ആരോഗ്യത്തിലും ഗർഭസ്ഥ ശിശുവിന്റെ ജീവനിലും ആശങ്കാകുലനായ ചീഫ് ജസ്റ്റീസ് 24 മണിക്കൂറിനകം ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് യുവതിയെ പരിശോധിച്ച് വിശദമായ മെഡിക്കൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിങ്ങ് നൽകുവാനും കോടതി സംവിധാനം ഏൽപ്പെടുത്തി.
കോടതിയുടെ സ്നേഹമസൃണമായ ശ്രമങ്ങൾ ഫലം കണ്ടു . കുഞ്ഞിനെ പ്രസവിക്കുവാനും കുഞ്ഞിനെ ദത്തുനൽക്കുവാനും യുവതി സന്തോഷത്തോടെ തന്നെ സമ്മതം നൽകി . കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുവാൻ തയ്യാറായി കുട്ടികളില്ലാതെ വേദനയിൽ കഴിഞ്ഞിരുന്ന ദമ്പതിമാരും കോടതിയിലെത്തി.തുടർന്ന് ജഡ്ജിമാർ കൂടുതൽ ചർച്ചകൾക്കായി അഭിഭാഷകരെ അവരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചു.
നാൽപതു മിനിറ്റ് നീണ്ട ആ ചർച്ചകൾക്കൊടുവിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സൗജന്യമായി പ്രസവം എയിംസിൽ നടത്തുമെന്ന് ഉത്തരവിടാൻ കോടതി അതിന്റെ അസാധാരണ അധികാരം വിനിയോഗിച്ചു. കുട്ടിയെ ദത്തു നൽകാനും അനുമതി നൽകി.കോടതി ഉത്തരവിൽ യുവതി സന്തുഷ്ടി പ്രകടിപ്പിച്ചു. മാർച്ച് ആദ്യവാരം അവൾ തന്റെ കുഞ്ഞിനെ പ്രസവിക്കും. അതുവരെയുള്ള അവളുടെ സംരക്ഷണ ചുമതല ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIMS) ഏറ്റെടുക്കും. ദത്തെടുക്കൽ പൂർത്തിയാകുന്നത് വരെ അവളുടെ കുഞ്ഞിന്റെയും സംരക്ഷണ ചുമതല AIMS നിർവഹിക്കും.
“ഞങ്ങൾക്ക് ആശ്വാസമായി. യഥാർത്ഥത്തിൽ, അവളുടെ കാര്യത്തെക്കുറിച്ച് ചിന്തിച്ച് ഞാൻ എന്നെത്തന്നെ സമ്മർദ്ദത്തിലാക്കി. ഞങ്ങൾക്ക് സന്തോഷമുണ്ട്… എപ്പോൾ വേണമെങ്കിലും അവളെ പിന്തുണയ്ക്കാൻ ഞങ്ങളുണ്ട്,” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
Bobby Thomas