“എല്ലാവരും…എല്ലാവരും എല്ലാവരും”..പോർച്ചുഗലിൽ ലോകയുവജന ദിനത്തിനായി എല്ലാവരും കൂടിയിരിക്കവേ പോപ്പ് ഫ്രാൻസിസ് പറഞ്ഞ ഈ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ പ്രതിധ്വനിച്ചു.
എല്ലാവരെയും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു എന്ന ഈ സന്ദേശം തന്നെയാണ് ഇപ്രാവശ്യത്തെ World Mission Sunday യുടെ theme ആയി പോപ്പ് ഫ്രാൻസിസ് തിരഞ്ഞെടുത്തിരിക്കുന്നതും “ Go and invite everyone to the banquet”! (മത്തായി 22:9). ‘പോയി എല്ലാവരെയും വിരുന്നിന് ക്ഷണിക്കുക’.
ഉൾപ്പെടുത്തലിന്റെയും ഐക്യത്തിന്റെയും സന്ദേശം. മതിലുകൾ തച്ചുടച്ചു ഐക്യത്തിന്റെ പാലങ്ങൾ പണിയാൻ. സുവിശേഷം പറയുന്നത് ഒന്നിച്ച് ചേരാനും ശേഖരിക്കാനുമാണ്, വിഭജിക്കാനല്ല ; ക്ഷണിക്കാനാണ്, എന്തിന്റെയെങ്കിലും പേരിൽ ആരെയെങ്കിലും ഒഴിവാക്കാനല്ല.
‘ഓരോ സന്ദർഭങ്ങളിലും, അവന്റെയും അവളുടെയും സ്വന്തം സാക്ഷ്യം സുവിശേഷത്തിനായി അർപ്പിച്ചു കൊണ്ട് ഈ സാർവത്രിക ദൗത്യത്തിൽ പങ്കെടുക്കാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് മറക്കാതിരിക്കാം’, എന്ന് 2024ലെ ലോക മിഷൻ ഞായർ സന്ദേശത്തിൽ പാപ്പ ഓർമിപ്പിച്ചു.
കർത്താവിന്‍റെ വചനം ശ്രവിച്ച്, അതിന് പ്രത്യത്തരമായി രക്തബന്ധത്തിനും, സംസ്കാരങ്ങൾക്കും, പ്രദേശങ്ങൾക്കും, ഗോത്രങ്ങൾക്കുമപ്പുറമുള്ള ഒരു വലിയ കുടുംബത്തിലെ അംഗങ്ങളാണെന്ന തിരിച്ചറിവിൽ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ അവര്‍ അതുവരെ അറിയാതിരുന്ന കുടുംബാംഗങ്ങളെ തേടിയിറങ്ങിയവരാണ് ആദിമകാലം മുതൽ നമുക്ക് മുൻപേ പോയിട്ടുള്ളവർ. വിഭാഗീയതയുടെ വിശേഷണങ്ങളെ മാറ്റി നിറുത്തുന്ന ഒരു നവീന ചിന്താഗതിയിലേക്ക് അവരുടെ ഹൃദയം തുറന്നു.
ഒരു മിഷനറി ,സകലർക്കുമായുള്ള യേശുവിന്‍റെ അനുരഞ്ജനത്തിന്‍റെ ദാനം സ്വീകരിക്കാന്‍ കഴിയാതെ പോകുന്ന സഹോദരീ സഹോദരരെയും അമ്മമാരേയും തേടുന്ന എളിയ ഭിക്ഷുവാണ് എന്നാണ് ഫ്രാൻസിസ് പാപ്പ പറഞ്ഞിട്ടുള്ളത്. വിരുന്നൊരുക്കി, തെരുവിൽ നിന്ന് എല്ലാവരേയും വിരുന്നിന് ക്ഷണിക്കുന്ന ക്രിസ്തുവിന്‍റെ ക്ഷണം നമ്മെ നമ്മുക്കപ്പുറത്ത് എത്തിക്കുന്നു. അത് നമ്മുടെ തന്നെ സത്യത്തിന്‍റെ നിറവും, നമ്മുടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങളുടെ ഉറവിടവും പ്രചോദനവുമാണ്.
കർത്താവിന്‍റെ കുടുംബത്തിലെ ജീവന്‍റെ ഭാഗമാകാൻ തീരുമാനിക്കുമ്പോൾ നമ്മളെല്ലാം പ്രേഷിത ശിഷ്യരായി മാറും. കർത്താവു ചെയ്തതുപോലെ, പാപികളോടൊത്ത് ഭക്ഷണം കഴിച്ചും അവർക്കും പിതാവിന്‍റെ മേശയിലും ഈ ലോകത്തിന്‍റെ മേശയിലും ഇടമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തിയും ധൈര്യം കൊടുക്കേണ്ടവരാണ് നമ്മൾ. സുവിശേഷവൽക്കരണം എന്നത് നമ്മെ ഒറ്റ കുടുംബമാക്കുന്ന ദൈവപിതാവിന്‍റെ കരുണയുടെയും സൗഖ്യത്തിന്‍റെയും ആലിംഗനത്തിന് വാതിൽ തുറന്നുകൊടുക്കയാണെന്ന് മിഷനറി ശിഷ്യർ തിരിച്ചറിയുക തന്നെ വേണം.
ഒരുമിച്ചുള്ള നമ്മുടെ സിനഡൽ യാത്രയിൽ വെറുതെ കാഴ്ചക്കാരായി നിൽക്കാതെ, നിസ്സംഗത ഭാവിക്കാതെ, സഭയുടെ ദൗത്യത്തിൽ ആക്റ്റീവ് ആയി പങ്കെടുക്കേണ്ടവരാണ് നമ്മൾ. ലോകത്തിന്റെ ഓരോ കോണിലും പ്രത്യാശയും വിശ്വാസവും പ്രവൃത്തിയും കൊണ്ട് പ്രകാശമേകാൻ വിളിക്കപ്പെട്ടവർ. വ്യത്യസ്തകളുടെ പേരിൽ ആരെയും അകറ്റി നിർത്താതെ, ഉൾകൊള്ളാനും ചേർത്തു നിർത്താനും ഈ വേൾഡ് മിഷൻ സൺഡേ നമ്മെ പ്രചോദിപ്പിക്കട്ടെ .
ജിൽസ ജോയ്
( പോപ്പ് ഫ്രാൻസിസിന്റെ പങ്കുവെക്കലുകളിൽ നിന്ന് സമാഹരിച്ചത് )