വർഷങ്ങളായി ആൾപെരുമാറ്റമില്ലാത്ത ഒരു വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നും മനുഷ്യന്റെ എല്ലിൻ കഷണങ്ങളും തലയോട്ടിയും പോലീസ് കണ്ടെടുത്ത വാർത്ത പല പത്രങ്ങളിലും ചാനലുകളിലും
കണ്ടു. ഡോക്ടറുടെ തറവാട് വീടാണ്. മക്കളും ഡോക്ടറന്മാരാണ്. ഇത് അവർ പഠനാവശ്യത്തിനായി ഉപയോഗിച്ച
ബോൺ സെറ്റാകാനാണ് സാധ്യത. ഉപയോഗിക്കാത്ത വീട്ടിൽ ആക്രികൾ നിക്ഷേപിച്ച കൂട്ടത്തിൽ പെട്ട് പോയതാകാം .പഠിക്കാനായി മാർക്ക് ചെയ്ത അടയാളങ്ങൾ എല്ലുകളിൽ ഉണ്ടെന്നും പറയുന്നു .
എന്നാൽ അത് തെളിയുമ്പോഴേക്കും കഥകൾ പലതും ഉണ്ടായേക്കാം.
ആത്മകഥാ പരമായ ഒരു ബോൺ സെറ്റ് വിശേഷം കുറിക്കാം .മെഡിക്കൽ പഠനത്തിന്റെ
ആദ്യ വർഷമാണ് ബോൺ സെറ്റ് പഠനം. അനാട്ടമി അറ്റെൻഡറന്മാരാണ് സൈഡ് ബിസിനസ്സായി ഡിസെക്ഷൻ ഹാളിലെ മനുഷ്യ ശരീരങ്ങളിൽ നിന്നും ഡിസക്ഷൻ കഴിഞ്ഞു ബോൺ സെറ്റ് ഉണ്ടാക്കുന്നത്. പുതിയ കുട്ടികൾ വരുമ്പോൾ സീനിയർസ് അത് നല്ല വിലയ്ക്ക്
അവരുടെ തലയിൽ വച്ച് കെട്ടും.
അത്ര സ്മാർട്ടാല്ലാത്തവർ അത് കൈവശം വയ്ക്കും .തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഠനത്തിന് ശേഷം എല്ലാം കെട്ടി പെറുക്കി പോന്ന കൂട്ടത്തിൽ അറിയാ കഥകളുള്ള എല്ലിൻ കഷണങ്ങളും എറണാകുളം ജില്ലയിലുള്ള വീട്ടിലേക്ക് കൊണ്ട് വന്നു. തട്ടിൻ പുറത്തു വയ്ക്കുകയും ചെയ്തു. ഇത് ഒരിക്കൽ ആകസ്മികമായി കണ്ട അനിയത്തി പേടിച്ചു. ഉറക്കവും പോയി. രോഷാകുലയായ ‘അമ്മ സംഗതി പ്ലാസ്റ്റിക്ക് കവറോടെ പറമ്പിൽ മറവ് ചെയ്തു. നാൽപ്പത് അമ്പത്
വർഷം മുമ്പാണ്. കുഴിച്ചു ചെല്ലുമ്പോൾ ഇതെങ്ങാനും ദഹിക്കാതെ കിടപ്പുണ്ടെങ്കിൽ പണിയാകും.അല്ലെന്ന് തെളിയിക്കും വരെ ഒരു കൊലപതാക കഥ വായുവിൽ പറന്ന് നടക്കും. മെഡിക്കൽ പഠനത്തിന് പോയവരാരെങ്കിലും ഇമ്മാതിരി എല്ലിൻ സെറ്റ് സൂക്ഷിക്കുന്നുണ്ടെങ്കിൽ ജാഗ്രത .
ആൾപ്പാർപ്പില്ലാത്ത വീടുകൾ കൂടുന്ന കേരളത്തിൽ അത് നോക്കാനുള്ള സംവിധാനം ഒരുക്കലും ഒരു പുതിയ ബിസിനസ്സാക്കാവുന്നതാണ് .ഓൾഡ് ഏജ് കെയർ സർവീസ് പോലെ ലോക്കഡ് ഹൗസ് കെയർ സർവീസ് ആകാം .
കാലം വല്ലാത്തതാണ് .
(ഡോ. സി. ജെ .ജോൺ )